ന്യൂഡല്‍ഹി: 2025-26 ഓടെ ഇന്ത്യയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന ശേഷി 24 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ജോലിയും ഉറപ്പാക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബംഗളുരുവില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ വളരെ ആവേശകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭാഗ്യം ചെന്ന വിദ്യാര്‍ത്ഥി സമൂഹമാണ് ഇന്നത്തെ കാലത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” 2025-26 ഓടെ രാജ്യത്തെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനശേഷി 24 ലക്ഷം കോടിയിലെത്തിക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം. അതിലൂടെ ഏകദേശം 10 ലക്ഷത്തിലധികം തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്ത് 90000ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ 110 എണ്ണം യൂണികോണ്‍ വിഭാഗത്തിലുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവജനതയാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന കര്‍ണ്ണാടകയിലെ 15 ലക്ഷം യുവാക്കള്‍ക്ക് അതിന് ആവശ്യമായ നൈപുണ്യ വികസന പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപ്പുവിന്റെ (കന്നഡ നടന് പുനീത് രാജ്കുമാര്) ജന്മദിനം സ്പൂര്ത്തി ദിന അല്ലെങ്കില്‍ പ്രചോദന ദിനം ആയിട്ടാണ് ആചരിക്കുന്നത്. അവസരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇതിലും മികച്ച ദിനം ഇല്ലെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം സിലിക്കണ്‍വാലി ബാങ്ക് പ്രതിസന്ധിയെക്കുറിച്ചും സ്റ്റാര്‍ട്ട് അപ്പുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങളെപ്പറ്റിയും അദ്ദേഹം മനസ്സ് തുറന്നു. ‘മറ്റേതൊരു രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെക്കാളും ശക്തമായ ബാങ്കിംഗ് സംവിധാനമാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് തങ്ങളുടെ ഇഷ്ട പങ്കാളിയായി ഇന്ത്യയിലെ ബാങ്കുകളെ സമീപിക്കാമെന്നും’ അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.