• HOME
  • »
  • NEWS
  • »
  • india
  • »
  • India - Bangladesh | ഇന്ത്യ - ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ച: ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു; നരേന്ദ്രമോദിയെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

India - Bangladesh | ഇന്ത്യ - ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ച: ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു; നരേന്ദ്രമോദിയെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ച ധാരണാപത്രങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

  • Last Updated :
  • Share this:
    ഇന്ത്യ - ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും ചേർന്ന് ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ( Narendra Modi) ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും (Sheikh Hasina) ഇന്ന് ഡൽഹിയിലെ (Delhi )ഹൈദരാബാദ് ഹൗസിൽ വച്ചാണ് ഏഴ് ധാരണാപത്രങ്ങളിൽ (seven Memorandum ) ഒപ്പുവെച്ചത്. നദീജലം പങ്കിടൽ, റെയിൽവേ, ബഹിരാകാശം, ശാസ്ത്രം, ജുഡീഷ്യറി എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പുവച്ചത്.

    ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കരാറുകൾ കൈമാറി. ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയും തമ്മിൽ നയതന്ത്രതല ചർച്ചകളും നടന്നു.

    ഇന്ത്യൻ മേഖലയിലെ ഏറ്റവും വലിയ വ്യാപാര വികസന പങ്കാളിയാണ് ബംഗ്ലാദേശ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും വർദ്ധിച്ചു. വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നത് ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകമാകും എന്നും അദ്ദേഹം വ്യക്തമാക്കി.

    ഇന്ത്യയുടെ സഹകരണത്തോടു കൂടി ബംഗ്ലാദേശില്‍ നിര്‍മിക്കുന്ന മൈത്രി താപ വൈദ്യുത നിലയത്തിന്റെ പ്രഖ്യാപനവും ചര്‍ച്ചയില്‍ നടന്നു. അതേസമയം മൈത്രീ താപ വൈദ്യുത നിലയം ബംഗ്ലാദേശിലെ പൗരന്മാർക്ക് മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. കൂടാതെ ഖുഷിയാര നദിയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു. വെള്ളപ്പൊക്കത്തിന്റെ ആഘാതം ലഘൂകരിക്കാൻ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കുമെന്നും വിവരങ്ങൾ ഉടൻ പങ്കിടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    അതേസമയം തീവ്രവാദ വിരുദ്ധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. തനിക്ക് നൽകിയ സ്വീകരണത്തിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യയ്ക്കും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇന്ത്യയെ അഭിനന്ദിക്കുകയും ഒപ്പം ശക്തമായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തു. 1971 ലെ വിമോചനയുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് ഹസീന ഒരിക്കൽ കൂടി നന്ദി അറിയിച്ചു.

    കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ഹസീന പിന്നീട് കൂടിക്കാഴ്ച നടത്തും.

    ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ച ധാരണാപത്രങ്ങൾ എന്തെല്ലാമെന്ന് നോക്കാം

    ഖുഷിയാര നദിയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച് ഇടക്കാല ഉഭയകക്ഷി കരാർ അന്തിമമാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു

    ഇന്ത്യയുടെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ), ബംഗ്ലാദേശ് കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ചും (ബിസിഎസ്ഐആർ) തമ്മിൽ ശാസ്ത്ര സഹകരണം സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു.

    ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയും ബംഗ്ലാദേശ് സുപ്രീം കോടതിയും തമ്മിൽ ഒരു കരാറിൽ ഒപ്പുവച്ചു.

    കേന്ദ്ര റെയിൽവേ മന്ത്രാലയം ബംഗ്ലാദേശ് റെയിൽവേയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു

    ബംഗ്ലാദേശ് റെയിൽവേയ്ക്ക് ഐടി സൊല്യൂഷനുകൾ നൽകുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ ഇരു വകുപ്പുകളും തമ്മിൽ മറ്റൊരു കരാറിൽ ഒപ്പുവച്ചു.

    ബംഗ്ലാദേശ് ടെലിവിഷനും പ്രസാർ ഭാരതിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു

    ബഹിരാകാശ സാങ്കേതികവിദ്യയിലും ശാസ്ത്ര ഗവേഷണത്തിലും കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു
    Published by:Amal Surendran
    First published: