ജമ്മു കശ്മീരിൽ ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. പ്രതിരോധ സേന, സുരക്ഷാ ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ, തുടങ്ങിയവരുടെ ശുപാർശ പ്രകാരമാണ് നീക്കം. ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ, സാംഗി, ത്രീമ എന്നിവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകൾ.
കശ്മീരിലെ തീവ്രവാദികൾ തങ്ങളെ പിന്തുണക്കുന്നവരുമായും പ്രാദേശിക പ്രവർത്തകരുമായും ആശയവിനിമയം നടത്താൻ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി ഒന്നിലധികം അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് സർക്കാരിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
Also Read- ‘അതേ ഞാൻ പാമ്പ് തന്നെ, ജനങ്ങളാകുന്ന ശിവഭഗവാന്റെ കഴുത്തിലെ പാമ്പ്’; ഖാർഗേക്ക് നരേന്ദ്ര മോദിയുടെ മറുപടി നിരോധിച്ച ആപ്പുകൾ ഇന്ത്യൻ നിർമിതമല്ലെന്നും ഇന്ത്യയിൽ അവർക്ക് ഓഫീസുകൾ ഇല്ലെന്നും ആപ്പുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തേടുന്നതിന് അവരെ ബന്ധപ്പെടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ആപ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെടാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചെങ്കിലും ഇന്ത്യയിൽ ബന്ധപ്പെടാൻ ഓഫീസ് ഇല്ലാത്തതിനാൽ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും ഉപയോക്താക്കൾ അജ്ഞാതരായാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടു തന്നെ അന്വേഷണം ബുദ്ധിമുട്ടായിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ ഏജൻസികൾ മുഖേന ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഈ മൊബൈൽ ആപ്പുകൾ തീവ്രവാദികളും അവരുമായി സഹകരിക്കുന്നവരും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
Also Read- സ്റ്റോക് മാർക്കറ്റ് നിക്ഷേപത്തിന് അടിമയായി 30 ലക്ഷം നഷ്ടമായി; നിംഹാൻസിൽ ചികിത്സ തേടി യുവാവ് ഈ ആപ്പുകൾ തീവ്രവാദ പ്രചരണം നടത്തുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ജമ്മു കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയതായി ഒരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഈ ആപ്പുകൾ ബ്ലോക്ക് ചെയ്‌തത് എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ജമ്മു കശ്മീരിലെ തീവ്രവാദികളുടെ ആശയവിനിമയ രീതികൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തി വരികയാണ്. ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ട ആപ്പുകൾക്ക് വ്യത്യസ്‌ത രാജ്യങ്ങളിൽ സെർവറുകൾ ഉണ്ട്, അത് കണ്ടെത്തുക എന്നത് അന്വേഷണ ഏജൻസികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.
ബ്ലോക്ക് ചെയ്യപ്പെട്ട ഈ ആപ്പുകൾ എല്ലാം തന്നെ, വിവിധ ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ കണ്ടെത്തിയിരുന്നു എന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. ഈ ആപ്പുകൾ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഉപയോഗിച്ചതായും ഒരു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ നിരവധി പ്രാദേശിക അംഗങ്ങളുടെ ഫോണിൽ ഈ ആപ്പുകളിൽ ഒന്നെങ്കിലും ഉള്ളതായും കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.