ന്യൂഡൽഹി: അഭിനന്ദനെ കൈമാറി ചർച്ചയ്ക്കായുള്ള പാക് ക്ഷണം തള്ളി ഇന്ത്യ. ഭീകര സംഘടനകൾക്ക് എതിരെ വിശ്വസനീയ നടപടി എടുത്തില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ അയവ് വരുത്തില്ല. പാകിസ്ഥാനിൽ സുരക്ഷിതമായി കഴിയുന്ന 20 ഭീകരരുടെ പട്ടിക ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി. സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചതിനുള്ള തെളിവുകൾ ഇന്ത്യ അമേരിക്കയ്ക്ക് നൽകി. ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർന്നതായി സ്ഥിരീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യ പാക് പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശമാണ് ഇന്ത്യ തള്ളിയത്. അഭിനന്ദനെ വിട്ടയച്ചത് ചർച്ചയ്ക്കുള്ള ഉപാധിയായല്ല. പുൽവാമ ആക്രമണത്തിൽ ജെയിഷ് ഇ മുഹമ്മദ് ഭീക
രർക്ക് എതിരെ നൽകിയ തെളിവ് അംഗീകരിച്ച് മസൂദ് അസർ അടക്കമുള്ള ഭീക
രർക്ക് എതിരെ നടപടി വേണം. പാകിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത്തിലെ പാക് പങ്കിന് തെളിവായി പാകിസ്ഥാനിൽ സുരക്ഷിതരായി കഴിയുന്ന 20 പിടികിട്ടാ പുള്ളികളുടെ പട്ടിക ഇന്ത്യ ലോക രാഷ്ട്രങ്ങൾക്ക് കൈമാറി. ദാവൂദ് ഇബ്രാഹിം, ബബ്ബർ ഖൽസ നേതാവ് വാധ്വ സിംഗ് , രഞ്ജിത് സിങ് നീറ്റ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്.
അമേരിക്ക പാകിസ്ഥാന് നൽകിയ എഫ്-16 വിമാനങ്ങൾ ഇന്ത്യൻ സൈനിക
താവളങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ചതിന് എതിരെയും ഇന്ത്യ നയതന്ത്ര നീക്കം സജീവമാക്കി. കടന്നാക്രമണത്തിന് എഫ് 16 വിമാനവും അതിൽ ഉപയോഗിക്കുന്ന അംരാം മിസൈലും ഉപയോഗിച്ചത് കരാർ ലംഘനം ആയതിനാൽ പാകിസ്ഥാനെതിരെ നടപടി വേണമെന്ന് ഇന്ത്യ അമേരിക്കൻ ദൂതൻമാരോട് ആവശ്യപ്പെട്ടു.
അതേസമയം ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയിഷ് ഇ പരിശീലന കേന്ദ്രത്തിലെ നാലു കെട്ടിടങ്ങൾ തകർന്നതായി ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ 300 പേർ കൊലപ്പെട്ടുവെന്ന വാർത്തകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതെന്നാണ് പ്രതികരണം. ലക്ഷ്യസ്ഥാനം തകർത്തതിന്റെ റഡാർ ചിത്രങ്ങൾ സൈന്യത്തിന്റെ പക്കൽ ഉള്ളതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.