• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | സുസ്ഥിരവും ചെലവ് കുറഞ്ഞതും; ഇന്ത്യയിലെ ആരോഗ്യ രം​ഗത്ത് മോദിസർക്കാരിന്റെ നേട്ടങ്ങൾ

Modi@8 | സുസ്ഥിരവും ചെലവ് കുറഞ്ഞതും; ഇന്ത്യയിലെ ആരോഗ്യ രം​ഗത്ത് മോദിസർക്കാരിന്റെ നേട്ടങ്ങൾ

കോവിഡ് മഹാമാരി നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിലയിരുത്താൻ കാരണമായിട്ടുണ്ട്

 • Share this:
  ഡോ.എച്ച്.സുദർശൻ ബല്ലാൾ

  ഒരു നേതാവിന്റെ കഴിവ്, അല്ലെങ്കിൽ ഒരു സർക്കാരിന്റെ പ്രവർത്തനം ഏറ്റവും നന്നായി വിലയിരുത്താനാകുന്നത് ഒരു പ്രതികൂല സാഹചര്യത്തിലോ ആഗോള ആരോഗ്യ പ്രതിസന്ധിയുടെ സമയത്തോ ആണ്. അത്തരത്തിൽ കോവിഡ് മഹാമാരി നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിലയിരുത്താൻ കാരണമായിട്ടുണ്ട്. ആദ്യ മാസങ്ങളിൽ ഇത്തരമൊരു വിലയിരുത്തൽ നടത്തുക എന്നത് പ്രയാസകരമായിരുന്നു. എന്നാൽ മഹാമാരിക്കു പിന്നാലെ രാജ്യത്തെ ഓരോ പൗരനും സാർവത്രികവും പ്രായോഗികവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താൻ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

  എട്ട് വർഷത്തിനിടെ ഉണ്ടായ നേട്ടങ്ങൾ

  1. കോവിഡ് മഹാമാരി രാജ്യത്തെ ശക്തിയായി തന്നെ പിടിച്ചുലച്ചു. സർക്കാരിന്റെ അതിവേ​ഗത്തിലുള്ള പ്രവർത്തനങ്ങൾക്ക് നന്ദി. ജീനോമിക് സീക്വൻസിംഗ്, മാസ്കിംഗ്, സാമൂഹ്യ അകലം പാലിക്കൽ, കൈ കഴുകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിച്ചതു മൂലവും കോവിഡ് കെയർ സെന്ററുകൾ നിർമിച്ചതു മൂലവും വേഗത്തിലുള്ള രോ​ഗനിർണയങ്ങളിലൂടെയും പൊതു-സ്വകാര്യ സംരംഭങ്ങളുടെ സംയോജനത്തിലൂടെയും, ഔട്ട്പേഷ്യന്റ് കെയർ, ആശുപത്രി കിടക്കകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു, ഓക്സിജൻ വിതരണം, മരുന്നുകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ശ്രദ്ധ ചെലുത്തിയതിലൂടെയും നമ്മൾ വേ​ഗം സുഖം പ്രാപിച്ചു.

  യോഗ്യരായ മിക്കവാറും എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതിൽ ഇന്ത്യ വിജയിച്ചു. 'ലോകത്തിന്റെ വാക്‌സിൻ തലസ്ഥാനം' എന്നറിയപ്പെടുന്നതിൽ ഞങ്ങൾ തീർച്ചയായും അഭിമാനിക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് ശരിക്കും മുൻപന്തിയിലാണ് നമ്മൾ. ഇക്കാര്യത്തിൽ സർക്കാരിന് അഭിനന്ദനങ്ങൾ.

  2. കോവിഡ് മഹാമാരിക്ക് നന്ദി. ഡിജിറ്റൽ ഹെൽത്ത് കെയർ രംഗത്ത് നമ്മൾ കുതിച്ചുയരുകയും ഗ്രാമ-നഗര അന്തരം നികത്തി ടെലി-ഹെൽത്ത്, ടെലി-മെഡിസിൻ തുടങ്ങിയ പദ്ധതികളിലൂടെ അതിവേഗം ഡിജിറ്റൽ ഹെൽത്ത് കെയർ നടപ്പിലാക്കുകയും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ചെയ്തു. നമ്മുടെ ആരോഗ്യ സംരക്ഷണ രംഗത്തെ ഈ ഡിജിറ്റലൈസേഷൻ ഇപ്പോഴത്തേക്കു മാത്രമല്ല, ഭാവി തലമുറയ്ക്കുവേണ്ടിയും കൂടിയുള്ള ഒരു വലിയ മുന്നേറ്റമാണ്.

  3. സാധാരണക്കാർക്കുള്ള സാർവത്രിക ആരോഗ്യ പരിരക്ഷയുടെ അഭാവം നമ്മുടെ ആരോഗ്യ സംരക്ഷണ രം​ഗത്തെ ഒരു പ്രധാന പോരായ്മ ആയിരുന്നു. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായി. ദാരിദ്ര്യത്തിൽ കഴിയുന്ന 500 ദശലക്ഷത്തോളം പൗരന്മാർക്കായി രൂപീകരിച്ച, ലോകത്തിലെ ഏറ്റവും വലിയ സാർവത്രിക ആരോഗ്യ പരിരക്ഷയായ ആയുഷ്മാൻ ഭാരത് പദ്ധതി ആരോഗ്യ സംരക്ഷണ രം​ഗത്തെ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മധ്യവർഗക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. അമേരിക്കയിലെയും ഇം​ഗ്ലണ്ടിലെയുമൊക്കെ ആരോ​ഗ്യ സംവിധാനങ്ങൾ പോലെ ഇത് പ്രായോഗികവും സുസ്ഥിരവുമാക്കാൻ നമ്മൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.

  4. രോഗനിർണയ സംവിധാനങ്ങൾ, ഫാർമസികളുടെ പ്രവർത്തനം, വാക്സിനേഷൻ വ്യവസായം എന്നിവ ഏതൊരു രാജ്യവും അടിയന്തര ഘട്ടത്തിൽ എങ്ങനെ പ്രതികരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു. പല പൊതു-സ്വകാര്യ സംരംഭങ്ങളും വേഗത്തിൽ തന്നെ സംഭവിച്ചു.

  Also Read- Modi@8 | മോദി മികച്ച ശ്രോതാവ്; കഠിനാധ്വാനം ചെയ്യുന്ന നേതാവ്; വാഴ്ത്തി ഗിരിരാജ് സിംഗ്

  5. ജിഡിപിയുടെ 2 ശതമാനത്തിൽ താഴെയായിരുന്നു സർക്കാർ ആരോഗ്യ സംരക്ഷണത്തിനായി ചെലവാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ആരോഗ്യ സംരക്ഷണത്തിനായുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. ഇത് ശരിയായ ദിശയിലേക്കുള്ള ഒരു നീക്കമാണ്.

  6. എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും സ്ഥാപിക്കുക എന്നത് പ്രശംസനീയമായ മറ്റൊരു നേട്ടമാണ്. ഇത് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ.

  7. മൂന്നാം തരംഗത്തിൽ കിടക്കകൾക്കോ ​​ഫണ്ടുകൾക്കോ ​​മരുന്നുകൾക്കോ ​​വാക്സിനുകൾക്കോ ​​യാതൊരു കുറവുമുണ്ടായിട്ടില്ല. ഈ നേട്ടം കൈവരിക്കുന്നതിലും അതിവേ​ഗത്തിലുള്ള മുന്നേറ്റമാണ് ഉണ്ടായത്.

  8. 2025 ഓടെ ടിബി നിർമാർജനം ചെയ്യാനുള്ള നീക്കമാണ് പൊതുജനാരോഗ്യ രം​ഗത്ത് മറ്റൊരു ശ്രദ്ധേയമായ നീക്കം.

  ഈ നേട്ടങ്ങളിൽ ഊറ്റം കൊണ്ടിരുന്നാൽ മാത്രം മതിയോ?

  1. ഉയർന്ന ശിശു മരണ നിരക്കും പ്രസവാനന്തര മരണനിരക്കും പോഷകാഹാരക്കുറവും നമ്മുടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഉണ്ട്. പ്രാഥമിക, പൊതു, പ്രതിരോധ ആരോഗ്യ തന്ത്രങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 2014-ൽ കുട്ടികൾക്കായി ആരംഭിച്ച മിഷൻ ഇന്ദ്രധനുഷ് എന്ന പ്രതിരോധ കുത്തിവെയ്പ് മഹത്തായ ഒരു പദ്ധതിയാണ്. ഇത് ശിശു മരണനിരക്കും കുട്ടികളിലുണ്ടാകുന്ന നിരവധി രോ​ഗങ്ങളും തടയുന്നതിനുള്ള നമ്മുടെ പോരാട്ടത്തിന് ഊർജം പകരും.

  Also Read- Modi@8 | മോദി ഇതിഹാസം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സ്വന്തം കുടുംബംപോലെ കാണുന്നു: മണിപ്പൂർ മുഖ്യമന്ത്രി

  2. സാംക്രമികേതര രോഗങ്ങളുടെയും (non-communicable diseases (NCDs)) ജീവിതശൈലി രോഗങ്ങളുടെയും (lifestyle diseases) വൻതോതിലുള്ള വർദ്ധനവ് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റൊരു മേഖലയാണ്. ഒരു വികസ്വര രാജ്യമെന്ന നിലയിൽ, സാംക്രമികേതര രോഗങ്ങൾ സൃഷ്ടിക്കുന്ന വലിയ വെല്ലുവിളിയെ നേരിടുക എന്നത് ബുദ്ധിമുട്ടാണ്. രോഗങ്ങൾക്കുള്ള ചികിൽസക്കു മാത്രം ഊന്നൽ കൊടുക്കുന്നതിനു പകരം ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിലേക്ക് നാം തീർച്ചയായും മാറേണ്ടതുണ്ട്. രാജ്യത്തുടനീളം വെൽനസ് സെന്ററുകൾ സൃഷ്ടിച്ച് ഈ പ്രശ്നത്തിന് ഒരു
  പരിധി വരെ പരിഹാരം കാണുന്നുണ്ട്.

  3. പരിസ്ഥിതി മലിനീകരണം എന്ന വലിയ വിപത്ത് പരിഹരിക്കാൻ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. ഉടൻ നടപടിയെടുത്തില്ലെങ്കിൽ പ്രശ്നം കൂടുതൽ ​ഗുരുതരമാകുകയേ ഉള്ളൂ.

  4. എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്ന നല്ല മാതൃക സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കണ്ടിരുന്നു. എന്നാൽ സൗജന്യ ആരോഗ്യ സംരക്ഷണം എന്നത് എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്നതിന് സമാനമായിരുന്നു, കാരണം സൗജന്യമായി നൽകാൻ വൈദ്യുതി ഇല്ലായിരുന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തെ സ്വകാര്യ ആരോഗ്യമേഖല അതിവേ​ഗത്തിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ സേവനങ്ങൾക്കായി ദരിദ്രർ പാടുപെടുകയാണ്. പൊതുജനാരോഗ്യ മേഖല പിന്നോക്കം പോയി. ഈ സ്ഥിതി മാറുകയും വിഭവങ്ങളുടെ കൂടുതൽ നീതിയുക്തമായ വിതരണം ഉടൻ നടപ്പാക്കുകയും വേണം. ആരോഗ്യ സുരക്ഷക്കുള്ള ബജറ്റ് സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചതിനാൽ ഈ അവസ്ഥയിൽ ഉടൻ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ രാജ്യത്തെ ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനുള്ള ബജറ്റ് മിക്ക ബ്രിക്‌സ് രാജ്യങ്ങൾക്ക് തുല്യമാക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  5. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പരിശീലിപ്പിക്കുന്നതിൽ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, നിരവധി ആരോഗ്യപ്രവർത്തകരുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും, ബഹുഭൂരിപക്ഷത്തിനും മെഡിക്കൽ വിദ്യാഭ്യാസം അപ്രാപ്യവും താങ്ങാനാകാത്തതുമാണ്.
  ഗ്രാമീണ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതും പരിശീലനച്ചെലവിന് സബ്‌സിഡി നൽകുന്നതും മെഡിക്കൽ പരിശീലനച്ചെലവ് വെട്ടിക്കുറയ്ക്കുന്നതുമെല്ലാം ഇതിനുള്ള പരിഹാര മാർ​ഗങ്ങളായിരിക്കും. അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, വായ്പകൾ തുടങ്ങിയ കാര്യങ്ങളും നാം ഗൗരവമായി തന്നെ പരി​ഗണിക്കണം.

  6. ദാരിദ്ര്യവും ആരോഗ്യപരിപാലനവും പരസ്പര പൂരകങ്ങളാണ്. ദാരിദ്ര്യം പരിഹരിച്ചില്ലെങ്കിൽ, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക പ്രയാസമാണ്.

  (മണിപ്പാൽ ഹോസ്പിറ്റൽസ് ചെയർമാൻ ആണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരമാണ്. ഈ സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
  Published by:Anuraj GR
  First published: