റഷ്യയിൽ (Russia) നിന്ന് കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണ (Oil) വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും അളവ്, വില എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും റിപ്പോർട്ടുകൾ. യുക്രൈൻ അധിനിവേശത്തിന് (Ukraine invasion) ശേഷം റഷ്യൻ എണ്ണക്ക് രാജ്യാന്തര തലത്തിൽ ഡിമാൻഡ് കുറഞ്ഞതിനാൽ വളരെ കുറഞ്ഞ വിലയിൽ എണ്ണ കിട്ടാനുള്ള സാധ്യതയാണ് ഇന്ത്യൻ എണ്ണക്കമ്പനികളെ ആകർഷിക്കുന്നത്. മോസ്കോയിലെ റോസ്നെഫ്റ്റ് (Rosneft) കമ്പനിയിൽ നിന്നാണ് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുക. പുതിയ കരാർ അടുത്ത ആറ് മാസത്തേക്കാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
''ഇന്ത്യയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള ആറ് മാസത്തെ പുതിയ വിതരണ കരാറുകൾ അന്തിമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ചരക്കുകൾ റോസ്‌നെഫ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഷിപ്പിംഗ്, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിൽപനക്കാരെ സജ്ജമാക്കിയിട്ടുണ്ട്'', എന്ന് ബ്ലൂംബെർഗ് (Bloomberg) റിപ്പോർട്ടിൽ പറയുന്നു.
റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ സർക്കാർ സ്ഥാപനങ്ങളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും ക്രൂഡ് ഓയില്‍ (crude oil) വാങ്ങി ഇന്ത്യയിൽ ഇറക്കുമതി ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച്, 105.8 ബില്യൺ ഡോളർ ചെലവാക്കി193.5 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മിഡിൽ ഈസ്റ്റിൽ (Middle East) നിന്നും അമേരിക്കയിൽ നിന്നുമാണ് രാജ്യത്ത് ക്രൂഡ് ഓയിൽ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. 2021 ൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമാണ്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പാദനം അതിലും കൂടുതലാണ്. കെപ്ലറിന്റെ (Kpler) കണക്കുകൾ പ്രകാരം, ഇക്കഴിഞ്ഞ മെയ് മാസം 740,000 ബാരൽ എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏപ്രിലിൽ ഇത് 284,000 ബാരൽ ആയിരുന്നു. കഴിഞ്ഞ വർഷം റഷ്യയിൽ നിന്നും ആകെ വാങ്ങിയത് 34,000 ബാരൽ എണ്ണയാണ്.
എണ്ണ വില ഉയരുമ്പോൾ, രാജ്യങ്ങൾ നല്ല ഡീലുകൾ തേടുന്നത് സ്വാഭാവികമാണെന്നും ഇന്ത്യ ഒരുമാസം വാങ്ങുന്ന എണ്ണ യൂറോപ്പ് അരദിവസം വാങ്ങുന്നത്രയും വരില്ലെന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.