• HOME
  • »
  • NEWS
  • »
  • india
  • »
  • India - Nepal | ജലവൈദ്യുത പദ്ധതി ഉൾപ്പടെ നിരവധി കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും നേപ്പാളും; വിശദാംശങ്ങൾ അറിയാം

India - Nepal | ജലവൈദ്യുത പദ്ധതി ഉൾപ്പടെ നിരവധി കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും നേപ്പാളും; വിശദാംശങ്ങൾ അറിയാം

സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെയും ഷേർ ബഹാദൂർ ദ്യൂബയുടെയും സാന്നിധ്യത്തിൽ ആറ് ധാരണാപത്രങ്ങളിൽ ആണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

  • Share this:
    ബുദ്ധ പൂർണിമ (Buddh Purnima) ദിനമായ തിങ്കളാഴ്ച പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി നേപ്പാൾ (Nepal) സന്ദർശിച്ചു. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ (Lumbini) സന്ദർശനം നടത്തുന്നതിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുമായി (Sher Bahadur Deuba) ഉഭയകക്ഷി ചർച്ചകൾ (bilateral talks ) നടത്തി. തുടർന്ന് ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഇന്ത്യയും നേപ്പാളും നിരവധി കരാറുകളിൽ ഒപ്പുവെയ്ക്കുകയും ചെയ്തു.

    സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെയും ഷേർ ബഹാദൂർ ദ്യൂബയുടെയും സാന്നിധ്യത്തിൽ ആറ് ധാരണാപത്രങ്ങളിൽ (എംഒയു) ആണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

    ഇന്ത്യയും നേപ്പാളും ഒപ്പുവച്ച പ്രധാന ഉഭയകക്ഷി കരാറുകൾ ഇവയാണ് :

    അരുൺ 4 പദ്ധതിയുടെ വികസനത്തിനും നടത്തിപ്പിനുമായി സത്‌ലജ് ജല് വിദ്യുത് നിഗം ​​ലിമിറ്റഡും നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിറ്റിയും (NEA) തമ്മിലുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പദ്ധതിയിലൂടെ പ്രതിവർഷം ഏകദേശം 2,100 ദശലക്ഷം യൂണിറ്റ് ഊർജം ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 4,900 കോടി രൂപയാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.

    ബുദ്ധമത പഠനത്തിനായി ഡോ. അംബേദ്കർ ചെയർ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും (ഐസിസിആർ) ലുംബിനി ബുദ്ധ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

    ഇന്ത്യൻ സ്റ്റഡീസിനായി ഐസിസിആർ ചെയർ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും (ICCR) ത്രിഭുവൻ യൂണിവേഴ്സിറ്റിയിലെ സിഎൻഎഎസും(CNAS) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു.

    ഇന്ത്യൻ സ്റ്റഡീസിനായി ഐസിസിആർ ചെയർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും (ഐസിസിആർ) കാഠ്മണ്ഡു സർവകലാശാലയും (കെയു) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു.

    നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്സിറ്റിയ്ക്കും (കെയു) ഇന്ത്യയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിനും (ഐഐടി-എം) വേണ്ടിയുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു.

    മാസ്റ്റേഴ്സ് തലത്തിലുള്ള ജോയിന്റ് ഡിഗ്രി പ്രോഗ്രാമിനായി നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്സിറ്റിയും (കെയു) ഇന്ത്യയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടിഎം) തമ്മിലുള്ള സമ്മതപത്രത്തിലും (LoA) ഒപ്പുവെച്ചു.

    ഇന്ത്യയും നേപ്പാളും തമ്മിൽ എന്നും ദൃഢമായ സൗഹൃദമാണെന്നും ഇത് മുഴുവൻ മനുഷ്യരാശിയ്ക്ക് വേണ്ടിയും പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
    “ഇന്ത്യയും നേപ്പാളും തമ്മിൽ എക്കാലത്തും ശക്തമായ സൗഹൃദം ആണ് ഉള്ളത്. നിലവിലെ ആഗോള സാഹചര്യങ്ങളിൽ മുഴുവൻ മനുഷ്യരാശിയുടെയും നന്മയ്ക്കായി ഈ സൗഹൃദം പ്രയോജനപ്പെടുത്തും. ഭഗവാൻ ബുദ്ധനോടുള്ള ഭക്തിയാണ് നമ്മെ ഒരുമിച്ച് നിർത്തുകയും ഒരു കുടുംബത്തിലെ അംഗങ്ങളാക്കുകയും ചെയ്യുന്നത്," പ്രധാനമന്ത്രി പറഞ്ഞു.
    2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. അതേസമയം 2019ല്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ നേപ്പാള്‍ സന്ദര്‍ശമാണിത്. ഷേര്‍ ബഹാദൂര്‍ ദ്യൂബ 2017 ഓഗസ്റ്റിലും 2022 ഏപ്രിലിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
    Published by:Jayashankar Av
    First published: