പലസ്തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മുകുൾ ആര്യ(Mukul Arya) റാമല്ലയിലെ ഓഫീസിൽ (India’s representative at Ramallah in Palestine) മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച്ചയാണ് മരണം. മരണവാർത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മുകുൾ ആര്യയുടെ അപ്രതീക്ഷിത മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടുക്കം രേഖപ്പെടുത്തി. കഴിവുള്ള, മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു മുകുൾ എന്നും അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്നും ജയ്ശങ്കർ ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കുടുംബത്തിന്റേയും ഉറ്റവരുടേയും വേദനയിൽ പങ്കുചേരുന്നുവെന്നും മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ മരണത്തിൽ പലസ്തീൻ നേതൃത്വവും ഞെട്ടൽ രേഖപ്പെടുത്തി. മുകുളിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പലസ്തീൻവിദേശകാര്യ-എമിഗ്രന്റ്സ് മന്ത്രി ഡോ. റിയാദ് അൽ-മാലികി എസ് ജയശങ്കറിനെ അറിയിച്ചു. മുകുളിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
Also Read-
'ഹിമാലയന്‍ യോഗിയുടെ' ഉപദേശം സ്വീകരിച്ച NSE മുന്‍ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍
മുകുൾ ആര്യയുടെ മരണത്തിൽ അഗാധമായ ദുഃഖവും നഷ്ടവും വേദനയും രേഖപ്പെടുത്തുന്നതായി വിദേശകാര്യ-എമിഗ്രന്റ്സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുകുളിന്റെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ഔദ്യോഗിക ബന്ധം നടത്തി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.
ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകുൾ ഇന്ത്യൻ ഫോറിൻ സർവീസ് 2008 ബാച്ചാണ്. ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര പഠനം കഴിഞ്ഞാണ് ഐഎഫ്എസ് എടുക്കുന്നത്. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന മുകുള്‍ യുനെസ്കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കാബുള്‍, മോസ്കോ എംബസികളിലും പ്രവര്‍ത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.