ഈ വർഷം, കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ (El Nino) ഉണ്ടാകാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വിദഗ്ധരുടെ അഭിപ്രായത്തിൽ, ലാ നിനക്കു (La Nina) ശേഷമുള്ള എൽ നിനോ മഴയുടെ അളവ് ഗണ്യമായ കുറക്കാൻ കാരണമാകുന്നു. ഇത് കാർഷിക ഉൽപാദനത്തെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചേക്കാം.
ജൂൺ, ജൂലൈ, ഓഗസ്റ്റ് സീസണിൽ എൽ നിനോ സംഭവിക്കാൻ 70 ശതമാനം സാധ്യതയുണ്ടെന്ന് ഐഎംഡി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇതിനുള്ള സാധ്യത 80 ശതമാനമായി ഉയരും.
ഇത്തരം സാഹചര്യങ്ങൾക്കിടയിലും തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഡി നേരത്തെ പറഞ്ഞിരുന്നു.
വടക്കുപടിഞ്ഞാറൻ ഇന്ത്യ, പടിഞ്ഞാൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഈ വർഷം ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ കാറ്റിലുണ്ടായ കുറവും തൽഫലമായി മഴയുടെ അളവ് കുറഞ്ഞതുമാണ് ഈ വർഷം ഇത്ര നേരത്തേ തന്നെ താപനില ഉയരാൻ കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. സമതലപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമെല്ലാം നിലവിൽ മഴയുടെ കുറവുണ്ട്.
എന്താണ് എൽ നിനോയും ലാ നിനയും?
ഉപരിതലത്തിലെ സമുദ്രജലം സാധാരണയേക്കാൾ തണുത്തതായിരിക്കുമ്പോൾ ലാ നിന രൂപം കൊള്ളുന്നു. അതിനു വിപരീതമാണ് എൽ നിനോ. പസിഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ എന്നറിയപ്പെടുന്നത്. സാധാരണയായി എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ലാ നിന പ്രതിഭാസം അനുകൂലമായുമാണ് ബാധിക്കുന്നത്. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസത്തെയാണ് ലാ നിന എന്നു പറയുന്നത്. ഈ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളും ആഗോള തലത്തിൽ തന്നെ കാലാവസ്ഥായെയും മഴയുടെ രീതികളെയും സ്വാധീനിക്കുന്നവയാണ്. എൽ നിനോ എത്തിയപ്പോഴെല്ലാം ഇന്ത്യയിൽ മൺസൂൺ മഴ കുറഞ്ഞ ചരിത്രമാണുള്ളതെന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു.
ഇന്ത്യയിൽ കാലവർഷത്തിന്റെ പ്രാധാന്യം
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യയുടെ ജീവനാഡിയാണ് മൺസൂൺ അഥവാ കാലവർഷം. ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിക്ക് സാധാരണ രീതിയിൽ മഴ പെയ്യേണ്ടത് ഏറെ നിർണായകമാണ്. മഴയുടെ അളവ് കുറഞ്ഞാൽ അത് കൃഷിയെയും കുടിവെള്ളത്തിന്റെ ലഭ്യതയെയുമൊക്കെ സാരമായി ബാധിക്കും.
മുൻകരുതലുകൾ
കാർഷിക വിളകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഓരോ സ്ഥലത്തെയും വ്യത്യസ്ത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 700-ഓളം ജില്ലകൾക്കായി പ്രത്യേക സേവനങ്ങൾ ലഭ്യമാക്കണമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.