• HOME
  • »
  • NEWS
  • »
  • india
  • »
  • Airbag | കാറുകളിൽ ആറ് എയ‍ർബാഗുകൾ നിർബന്ധമാക്കും; തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം

Airbag | കാറുകളിൽ ആറ് എയ‍ർബാഗുകൾ നിർബന്ധമാക്കും; തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം

ഒക്ടോബർ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും ആറ് എയർബാഗുകൾ വേണമെന്ന് കേന്ദ്രസർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

  • Share this:
    ഇന്ത്യയിൽ നിരത്തിലിറങ്ങുന്ന എല്ലാ പാസഞ്ചർ കാറുകളിലും ആറ് വീതം എയർബാഗുകൾ (Airbag) നിർബന്ധമാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുമെന്ന് റിപ്പോർട്ട്. ചില കാർ നിർമ്മാതാക്കളിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

    കാർ നിർമ്മാണച്ചെലവ് ഉയരുമെന്നാണ് അവരുടെ വാദം. എന്നാൽ ജനങ്ങളുടെ സുരക്ഷയാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം മുഖ്യമെന്ന് ഒരു മുതിർന്ന സർക്കാർ ഒഫീഷ്യൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. "സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചർച്ചകളിലാണ് സർക്കാർ. അധികം വൈകാതെ തന്നെ തീയതി പ്രഖ്യാപിക്കും," അദ്ദേഹം വ്യക്തമാക്കി.

    ഒക്ടോബർ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും ആറ് എയർബാഗുകൾ വേണമെന്ന് കേന്ദ്രസർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാത്രക്കാർക്ക് നാല് എയർബാഗുകളും സൈഡിലോ കർട്ടനിലോ ആയി രണ്ട് എയർബാഗുകളും വേണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. കാർ നിർമ്മാണ കമ്പനികൾ ഈ നിർദ്ദേശത്തിൽ അതൃപ്തരാണ്. ചെറിയ കാറുകളുടെ വില വർധിക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർ നിർമ്മാണ കമ്പനി റോയിട്ടേഴ്സിനോട് പറഞ്ഞു.

    ഡ്രൈവർക്കും മുന്നിലിരിക്കുന്ന യാത്രക്കാരനും എയർബാഗ് നിലവിൽ തന്നെ നിർബന്ധമാണ്. നാല് എയർബാഗുകൾ കൂടി ഘടിപ്പിക്കാൻ 75 ഡോളർ ചെലവ് വരുമെന്നാണ് സർക്കാരിൻെറ കണക്ക്. അതായത് ഏകദേശം 5735 രൂപ. എന്നാൽ, ഓട്ടോ മാർക്കറ്റിനെക്കുറിച്ച് പഠനം നടത്തുന്ന ജാട്ടോ ഡൈനമിക്സിൻെറ കണക്ക് പ്രകാരം നാല് എയർബാഗുകൾ കൂടി ഘടിപ്പിക്കാൻ 231 ഡോളർ ചെലവ് വരും. അതായത് ഏകദേശം 17661 രൂപ. ഇത്രയും തുക നിർമ്മാണച്ചെലവ് കൂടുമ്പോൾ ചെറിയ കാറുകളുടെ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് കാർ നിർമ്മാണ കമ്പനികൾ പറയുന്നത്. സാധാരണക്കാരായ വലിയൊരു വിഭാഗം കാർ വാങ്ങുന്നതിൽ നിന്ന് പിന്തിരിയാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും കാർ നിർമ്മാതാക്കൾ ആശങ്കപ്പെടുന്നു.

    എന്നാൽ നിർമ്മാണച്ചെലവ് വലിയ തോതിൽ കൂടില്ലെന്നാണ് സർക്കാരിൻറ വിലയിരുത്തൽ. ആവശ്യമുള്ള വസ്തുക്കൾ എത്തിച്ച് എയർബാഗുകൾ ഘടിപ്പിക്കുന്നതിന് സമയം ആവശ്യമാണ്. ഇത് പരിഗണിച്ചാണ് മുന്നോട്ട് പോവുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കൂടുതൽ എയർബാഗുകളുള്ള കാറുകൾ ചില കമ്പനികൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഇതേ കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ രണ്ട് എയർബാഗുകൾ മാത്രമാണുള്ളത്. വില കൂടിയ വലിയ ബ്രാൻഡ് കാറുകൾക്ക് നിലവിൽ തന്നെ നാല് എയർബാഗുകൾ വരെയുണ്ട്. സാധാരണ കാറുകൾക്ക് രണ്ട് എയർബാഗാണുള്ളത്.

    "കാർ നിർമ്മാതാക്കൾ തന്നെ യാത്രക്കാരുടെ സുരക്ഷയെ കരുതി ആവശ്യത്തിന് എയർബാഗുകൾ ഘടിപ്പിക്കണം. ഇത് സർക്കാർ നിർബന്ധമാക്കേണ്ട കാര്യമല്ല. കാർ നിർമ്മാതാക്കൾ അത് ചെയ്യാത്തത് കൊണ്ടാണ് സർക്കാരിന് നിയമം കൊണ്ടുവരേണ്ടി വരുന്നത്," സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സീറ്റ് ബെൽറ്റ് പോലെത്തന്നെ എയർബാഗുകളും കൂടി ആയാൽ രാജ്യത്തെ റോഡപകട മരണങ്ങൾ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.
    Published by:Jayashankar Av
    First published: