• HOME
  • »
  • NEWS
  • »
  • india
  • »
  • Digital Census | രാജ്യത്ത് ഡിജിറ്റൽ സെൻസസ് ഉടൻ യാഥാർത്ഥ്യമായേക്കും; സൂചനയുമായി കേന്ദ്രം

Digital Census | രാജ്യത്ത് ഡിജിറ്റൽ സെൻസസ് ഉടൻ യാഥാർത്ഥ്യമായേക്കും; സൂചനയുമായി കേന്ദ്രം

വരാനിരിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ സെൻസസ് നടത്താനായി കേന്ദ്രം മൊബൈൽ ആപ്ലിക്കേഷനുകൾ പരീക്ഷിക്കാൻ ഒരുങ്ങുന്നു എന്ന് രേഖകൾ

  • Share this:
രണ്ട് വർഷത്തോളം വൈകിയ ശേഷം രാജ്യത്ത് സെൻസസ് നടത്താനുള്ള കളമൊരുങ്ങുന്നു. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിൻ്റെ ചരിത്രം മാറ്റിമറിക്കുന്ന തരത്തിൽ പുതിയ രീതിയിലായിരിക്കും സെൻസസ് നടക്കുന്നത് എന്നാണ് സൂചന. ന്യൂസ് 18-ന് ലഭിച്ച ഒരു സർക്കാർ രേഖയിലാണ് ഇതിനുള്ള സൂചന നൽകുന്ന വിവരങ്ങളുള്ളത്. “വരാനിരിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ സെൻസസ്” നടത്താനായി കേന്ദ്രം മൊബൈൽ ആപ്ലിക്കേഷനുകൾ പരീക്ഷിക്കാൻ ഒരുങ്ങുന്നു എന്നാണ് ഈ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്.

10 വർഷം കൂടുമ്പോഴാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. 2021-ൽ പൂർത്തിയാക്കേണ്ട ജനസംഖ്യാ കണക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷത്തോളം വൈകിയിരിക്കുകയാണ്. സെൻസസിൻ്റെ ആദ്യ ഘട്ടം 2020 സെപ്റ്റംബറോടെയും രണ്ടാം ഘട്ടം 2021 മാർച്ചോടെയും പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ വീടുകളുടെ ലിസ്റ്റിംഗും വീടുകളുടെ സെൻസസും അടങ്ങുന്ന ആദ്യ ഘട്ടം 2020-ൽ തന്നെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പത്തു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ പ്രക്രിയ വലിയ മാറ്റത്തിന് വിധേയമായേക്കാം എന്ന സൂചനയാണ് ഇത് നൽകുന്നത്.

ഇന്ത്യയിലെ സെൻസസ് ലോകത്തെ ഏറ്റവും വലിയ സ്ഥിതിവിവര കണക്കെടുപ്പ് പ്രക്രിയയാണെന്നും വരാനിരിക്കുന്ന സെൻസസിൽ നിരവധി പുതിയ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും രേഖയിൽ പറയുന്നു. രാജ്യത്തെ സെൻസസിൻ്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും വരാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് എന്നും സർക്കാർ രേഖയിൽ വ്യക്തമാക്കുന്നു.

ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച്, ഷെഡ്യൂൾ ചെയ്തിട്ടുള്ള 16 ഭാഷകളിൽ വിവരങ്ങൾ ശേഖരിക്കുന്നതും സെൻസസ് പ്രവർത്തനങ്ങൾ തത്സമയം മാനേജ് ചെയ്യുന്നതിനായി സെൻസസ് മാനേജ്മെൻ്റ് ആൻ്റ് മോണിട്ടറിംഗ് സിസ്റ്റം (സിഎംഎംഎസ്) പോർട്ടൽ ഉപയോഗിക്കുന്നതും ഫീൽഡ് ജീവനക്കാർക്കുള്ള വേതനവും പരിശീലന അലവൻസും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതുമെല്ലാം ഇതിൻ്റെ ഭാഗമായിരിക്കും. അതിനാൽ ഇത് ശരിയായ അർത്ഥത്തിലുള്ള ഡിജിറ്റൽ സെൻസസ് ആയിരിക്കുമെന്നും രേഖ പറയുന്നു. ഡിജിറ്റൽ സെൻസസ് നടത്തുന്നതിനായി മൊബൈൽ ആപ്പ് പരീക്ഷിക്കാനുള്ള നടപടിക്രമങ്ങളും ഇതിൽ വിശദീകരിച്ചിട്ടുണ്ട്.

ജില്ലാ സെൻസസ് ഓഫീസുകളിലും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസിലും ആയിരിക്കും ഈ ആപ്പുകൾ പരീക്ഷിക്കുക. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരീക്ഷണം നടക്കുക. ഇതിനായി 80-ൽ അധികം ഐഫോണുകളാണ് വാങ്ങാൻ പോകുന്നത്.

രാജ്യത്തെ പൗരന്മാർക്ക്, അവർ ആഗ്രഹിക്കുന്നുവെങ്കിൽ, വരാനിരിക്കുന്ന സെൻസസിൽ ഓൺലൈനിൽ സ്വയം വിവരങ്ങൾ സമർപ്പിക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര സർക്കാർ ഈ വർഷം മാർച്ചിൽ സെൻസസ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു.

പത്ത് വർഷം കൂടുമ്പോൾ നടക്കുന്ന പ്രക്രിയയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ അടങ്ങിയ സെൻസസ് ഷെഡ്യൂൾ, ഇനി പേപ്പർ രൂപത്തിലും ഇലക്ട്രോണിക് രൂപത്തിലും ഉണ്ടാകും. രണ്ട് വർഷത്തോളമായി വൈകിയിരിക്കുന്ന സെൻസസ് പ്രക്രിയയുടെ പുതിയ ഷെഡ്യൂൾ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിവിധ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട സാമൂഹിക ക്ഷേമ പദ്ധതികളിലെ പണവും മറ്റും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതും യുപിഐ പണമിടപാടും മറ്റും ഇത്തരത്തിലുള്ളതായിരുന്നു. സർക്കാരിൻ്റെ ഇത്തരം ശ്രമങ്ങളെ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി അഭിനന്ദിച്ചിരുന്നു.
Published by:user_57
First published: