ന്യൂഡല്‍ഹി: നിയന്ത്രണരേഖ മറികടന്ന പാകിസ്ഥാന് അധിനിവേശ കാശ്മീര്‍ സ്വദേശിയായ പതിമൂന്നുകാരനെ പാകിസ്ഥാന് കൈമാറി ഇന്ത്യന്‍ സൈന്യം. രണ്ടു ദിവസം മുന്‍പായിരുന്നു 13കാരനായ മൗസില്‍ നിയന്ത്രണരേഖ മറികടന്നത്. തുടര്‍ന്ന് പ്രദേശത്ത് വിന്യസിച്ച കരസേന യൂണീറ്റ് കുട്ടിയെ കസ്റ്റഡിയിലെടുത്തിരുന്നു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലെ കര്‍ണ്ണാ സെക്ടറിലെ സദ്പേറ പ്രദേശത്ത് തിങ്കളാഴ്ചയാണ് കുട്ടി നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിലെത്തിയത്.
എന്നാല്‍ ടിത്വാള്‍ ക്രോസിംഗ് പോയിന്റില്‍ വെച്ച് ഇന്ത്യന്‍ സൈന്യം കുട്ടിയെ പാകിസ്ഥാന് സൈന്യത്തിന് കൈമാറി. കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ പാകിസ്ഥാന് സൈന്യത്തെ അറിയിച്ചിരുന്നു. തെറ്റായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അശ്രദ്ധമായി കടന്നതാണെന്നും സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യം കുട്ടിയെ കൈമാറിയത്.
'ഏപ്രില്‍ അഞ്ചിന് ഒരു കുട്ടി കുപ്വാരയിലെ കര്‍ണയിലേക്ക് നിയന്ത്രണരേഖ മറികടന്നു. പാകിസ്ഥാന് അധിനിവേശ കാശ്മീരിലെ ലിപ പ്രദേശത്ത് നിന്നുള്ള മണ്‍സൂര്‍ അഹമ്മദിന്റെ മകന് മൗസിന് ആണെന്ന് തിരിച്ചറിഞ്ഞു. പ്രദേശത്ത് വിന്യസിച്ചിരുന്ന സൈന്യം കുട്ടിയെ കണ്ടെത്തിയത്'ശ്രീനഗര്‍ ആസ്ഥാനമായുള്ള പ്രതിരോധ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ എമ്രോണ്‍ മുസവി പറഞ്ഞു.
കുട്ടിയുടെ വിവരങ്ങള്‍ പാകിസ്ഥാന് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 'ഇരു വിഭാഗത്തിന്റെയും അധികൃതര്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ടിത്വാള്‍ ക്രോസിങ് പോയിന്റില്‍ വെച്ച് കുട്ടിയെ കൈമാറാന്‍ തീരുമാനമായി. തിരിച്ചയച്ച കുട്ടിക്ക് വസ്ത്രങ്ങളും മധുരപലഹാരങ്ങളും നല്കി'അദ്ദേഹം വ്യക്തമാക്കി.
കുട്ടിയെ മടക്കി അയക്കുന്നതിനായി കര്‍ണയിലെ സിവില്‍ അഡ്മിനിസ്ട്രേഷന് പ്രതിനിധികളും എത്തിയിരുന്നു. കിഷന്‍ഗംഗ നദിയില്‍ സ്ഥിതിചെയ്യുന്ന ടിത്വാല്‍ ക്രോസിങ് പോയിന്റ് ഇരുവിഭാഗവും തമ്മിലുള്ള സമാധാനത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തിടെ അംഗീകരിച്ച വെടിനിര്‍ത്തലിന് ശേഷം ഇരുവശത്തു നിന്നും ധാരാളം പേര് ഇവിടം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ഒരു ടൂറിസ്റ്റ് കേന്ദ്രമായി വളരുകയാണ്. കരാറിന്റെ ഫലമായുണ്ടായ സമാധാനം നിയന്ത്രണരേഖയുടെ ഇരുവശത്തുമുള്ളവര്‍ വിലമതിക്കുന്നു'അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമാനമായ സംഭവത്തില്‍ നിയന്ത്രണരേഖ മറികടന്നെത്തിയ 11 പശുക്കളെ പാകിസ്ഥാനിലെ ഉടമയ്ക്ക് തിരികെ നല്‍കിയിരുന്നു. പാകിസ്ഥാന് അധിനിവേശ കാശ്മീരിലെ ഒരാളുടെ 11ഓളം പശപക്കളാണ് വഴിതെറ്റി ഇന്ത്യന്‍ ഭാഗത്തേക്ക് എത്തിയത്. പാകിസ്ഥാന് സൈന്യത്തെ ഇക്കാര്യം അറിയിക്കുകയും പൂഞ്ച് റാവല്‍കോട്ട് മീറ്റിംഗ് പോയിന്റ് വഴി പശുക്കളെ ശരിയായ ഉടമയ്ക്ക് കൈമാറുകയായിരുന്നു. പാകിസ്ഥാനും ഇന്ത്യയും ഫെബ്രുവരി 22ന് ഡിജിഎംഒ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം നിയന്ത്രണരേഖ ശാന്തമായി തുടരുകയാണ്. ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തയ്യറായി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.