• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യൻ പേസർ ഉമേഷ് യാദവിൽനിന്ന് 44 ലക്ഷം രൂപ മുൻ മാനേജർ തട്ടിയെടുത്തതായി പരാതി

ഇന്ത്യൻ പേസർ ഉമേഷ് യാദവിൽനിന്ന് 44 ലക്ഷം രൂപ മുൻ മാനേജർ തട്ടിയെടുത്തതായി പരാതി

ഭൂമി വാങ്ങി നൽകാനാണ് ഉമേഷ് യാദവ് 44 ലക്ഷം രൂപ മാനേജർക്ക് നൽകിയത്, എന്നാൽ മാനേജർ ഭൂമി സ്വന്തം പേരിൽ വാങ്ങുകയായിരുന്നു

  • Share this:

    ഭൂമി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ഉമേഷ് യാദവിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമേഷ് യാദവിന്‍റെ മുൻ മാനേജർ ശൈലേഷ് താക്കറെയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ശൈലേഷ് താക്കറെ 44 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതേത്തുടർന്ന് ഉമേഷ് യാദവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. 37കാരനായ താക്രെയ്ക്കെതിരെ വഞ്ചനാക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

    അതേസമയം കേസിൽ പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യാദവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ ശേഷം, 2014 ജൂലൈ 15 ന് തന്റെ സുഹൃത്തായ താക്കറെയെ മാനേജരായി നിയമിച്ചു, ആ സമയം ഇയാൾ ജോലിയില്ലാതെ ഇരിക്കുകയായിരുന്നവെന്നും എഫ്ഐആറിൽ പറയുന്നു.

    “കാലക്രമേണ ഉമേഷ് യാദവിന്റെ വിശ്വാസം നേടിയ താക്കറെ താരത്തിന്‍റെ എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാൻ തുടങ്ങി. യാദവിന്റെ ബാങ്ക് അക്കൗണ്ടും ആദായ നികുതിയും മറ്റ് സാമ്പത്തിക ഇടപാടുകളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ടായിരുന്നു,” പൊലീസ് പറഞ്ഞു.

    നാഗ്പുരിൽ ഭൂമി വാങ്ങാനുള്ള താൽപര്യം ഉമേഷ് യാദവ് താക്കറെയോട് പറഞ്ഞു. ഇതേത്തുടർന്ന് നഗരത്തിൽ തന്നെ തരിശായ പ്രദേശത്ത് താക്കറെ ഒരു പ്ലോട്ട് കണ്ടെത്തി. 44 ലക്ഷം രൂപയ്ക്ക് അത് വാങ്ങാമെന്ന് താക്കറെ യാദവിനോട് പറഞ്ഞു.

    ഇതുപ്രകാരം ഉമേഷ് യാദവ് താക്കറെയുടെ ബാങ്ക് അക്കൗണ്ടിൽ 44 ലക്ഷം രൂപ അയച്ചുനൽകി. എന്നാൽ ഈ ഭൂമി താക്കറെ സ്വന്തം പേരിലാണ് വാങ്ങിയത്. തട്ടിപ്പിനെക്കുറിച്ച് യാദവ് അറിഞ്ഞപ്പോൾ, പ്ലോട്ട് തന്റെ പേരിലേക്ക് മാറ്റാൻ യാദവ് താക്കറെയോട് ആവശ്യപ്പെട്ടു, എന്നാൽ ശൈലേഷ് താക്കറെ ഭൂമി മാറ്റിയെഴുതാൻ വിസമ്മതിച്ചു. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ല.

    ഇതേത്തുടർന്നാണ് ഉമേഷ് യാദവ് കൊറാടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ), 420 (വഞ്ചന) എന്നിവ പ്രകാരം കേസെടുത്തു,” പൊലീസ് പറഞ്ഞു.

    Published by:Anuraj GR
    First published: