ഹേഗ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താൻ അധികൃതകര്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ നയതന്ത്രജ്ഞൻ. കുൽഭൂഷൺ ജാദവ് കേസിൽ വാദം ആരംഭിച്ച ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വച്ചായിരുന്നു ഇരുരാഷ്ട്രങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ കണ്ടുമുട്ടിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും ഒരു വേദിയിലെത്തുന്നുവെന്നതിനാല്‍ ഏറെ ശ്രദ്ധാകേന്ദ്രമായി ഹേഗ് മാറിയിരുന്നു. കുൽഭൂഷൺ ജാദവ് കേസിലെ വാദത്തിനായി എത്തിയ പാകിസ്താന് അധികൃതര്‍ ഇന്ത്യന്‍ പ്രതിനിധിക്ക് ഹസ്തദാനം നല്‍കാനായി എത്തി. എന്നാല്‍, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലിന് ഹസ്തദാനം നല്കാന് പാകിസ്താന് അധികൃതര്‍ എത്തിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയാറായില്ല.
കൈ നല്കാന് എത്തിയ പാകിസ്താന് അറ്റോർണി ജനറൽ മന്‍സൂര്‍ ഖാന് മറുപടിയായി നമസ്തേ നല്‍കുകയാണ് ദീപക് മിത്തല്‍ ചെയ്തത്. ഇത് ആദ്യമായല്ല പാകിസ്താന് അധികൃതകര്‍ക്ക് ഇന്ത്യന്‍ പ്രതിനിധികള്‍ ഹസ്തദാനം നല്‍കാതിരിക്കുന്നത്. കുൽഭൂഷൺ ജാദവ് കേസിൽ തന്നെ 2017ല്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ വച്ച് ഇതേപോലെ ഹസ്തദാനം നിരസിച്ചിരുന്നു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ കുൽഭൂഷണ് ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്താൻ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാല്‍വെയാണ് വാദിക്കുന്നത്.
![]()
2017ൽ പാകിസ്താന്റെ സയിദ് ഫരസ് ഹുസൈൻ സെയ്ദിക്ക് ഹസ്തദാനം നിഷേധിക്കുന്ന ഇന്ത്യൻ വിദേശകാര്യ ജോയിന്റെ സെക്രട്ടറി ദീപക് മിത്തൽ
കുൽഭൂഷൻ ജാദവ് ചാരവൃത്തി നടത്തിയെന്ന പാക് നിലപാടിനെ ഹരീഷ് സാൽവെ എതിർത്തു. വിയന്ന ഉടമ്പടി പ്രകാരം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാൻ ജാദവിന് അവകാശം ഉണ്ട്. എന്നാൽ ജാദവിന്റെ മനുഷ്യ അവകാശങ്ങൾ പാകിസ്താൻ നിഷേധിച്ചു. മൂന്ന് വർഷം ആയി കുൽഭൂഷൺ അനുഭവിക്കുന്ന യാതന അവസാനിപ്പിക്കണം. ജാദവിന് എതിരായ അന്വേഷണവും ആയി സഹകരിക്കാൻ പാകിസ്താൻ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചാര വൃത്തിയിൽ പങ്ക് തെളിയിക്കുന്ന ഒരു രേഖയും പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയില്ല. കുറ്റ സമ്മത മൊഴി പാകിസ്ഥാൻ നേടിയത് ബലപ്രയോഗത്തിലൂടെ ആണ്.
അറസ്റ്റിന് ഒരു മാസം ശേഷം ആണ് എഫ് ഐ ആർ റെജിസ്ട്രർ ചെയ്തത്. ജാദവ് ചെയ്ത കുറ്റം എന്താണ് എന്ന് കൃത്യമായി പറയാനായി ഇപ്പോഴും പാകിസ്താന് കഴിഞ്ഞിട്ടില്ല. രണ്ട് പാസ്സ്പോർട്ടുകൾ ഉണ്ട് എന്നതാണ് ഒരു കുറ്റം. ഇതിന് വധ ശിക്ഷ ആവശ്യമില്ലെന്നും സാൽവെ വാദിച്ചു. നാളെ പാകിസ്ഥാന്റെ വാദവും അതിന് ശേഷം ഇന്ത്യയുടെ മറുപടി വാദവും നടക്കും. കശ്മീർ വിഷയത്തിലെ ഇന്ത്യ പാക് സംഘർശങ്ങൾക്കിടെ ശക്തമായ വാദപ്രതിവാദമാണ് കേസിൽ നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.