ഇന്ത്യൻ റെയിൽവേയുടെ (Indian Railway) സ്വപ്ന പദ്ധതിയായ ഋഷികേശ്-കർണപ്രയാഗ് പാതയിൽ ശിവപുരിക്കും ബ്യാസിക്കും ഇടയിൽ 1,012 മീറ്റർ നീളമുള്ള തുരങ്ക (Tunnel) നിർമ്മാണം പൂർത്തിയായി. റെക്കോർഡ് വേഗത്തിലാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായത്. വെറും 26 ദിവസം മാത്രമാണ് ഈ തുരങ്കത്തിന്റെ നിർമ്മാണത്തിനായി എടുത്തത്. വളരെ ദുഷ്കരമായ ഈ പാതയിൽ ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി (NATM) ഉപയോഗിച്ചാണ് തുരങ്കം നിർമ്മിച്ചതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്വിറ്ററിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർ ധാം പദ്ധതിയുടെ ഭാഗമാണ് ഋഷികേശിനും കർണപ്രയാഗിനുമിടയിലെ 125.20 കിലോമീറ്റർ ദൂരത്തിലുള്ള ഈ സിംഗിൾ ട്രാക്ക് റെയിൽവേ പാത. ഋഷികേശിനും കർണപ്രയാഗിനുമിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്ക്കാനാണ് ഈ റെയിൽ പാത നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, റോഡ് മാർഗം രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 7 മണിക്കൂറിലധികമാണ്.
ഈ റെയിൽവേ പാതയുടെ നിർമാണം 2024 ഡിസംബറോടെ പൂർത്തിയാകും. ഈ മാസം ആദ്യം രാജ്യസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്നവ് ഋഷികേശ്-കരൺപ്രയാഗ് പാത 16,216 കോടി രൂപ ചെലവിൽ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുവരെ 6618 കോടി രൂപ ചെലവഴിച്ചു. 4200 കോടി രൂപ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2010-2011 ബജറ്റിലാണ് ഋഷികേശ്-കരൺപ്രയാഗ് റെയിൽവേ പാത അനുവദിച്ചത്.
പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കൽ, വനം വകുപ്പിന്റെ അനുമതി തുടങ്ങിയ നടപടികൾ പൂർത്തിയായതായും പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമസഭകളിൽ നിന്ന് റെയിൽവേക്ക് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ദേവപ്രയാഗ്, ഗൗച്ചർ, ശ്രീനഗർ, രുദ്രപ്രയാഗ്, കർണപ്രയാഗ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയിൽപാത.
Also Read-
Banihal Qazigund tunnel | 3100 കോടിയുടെ പദ്ധതി; 8.45 കിലോമീറ്റർ ദൂരം കശ്മീരിലെ ബനിഹാല്‍ – ഖാസിഗുണ്ട് തുരങ്കത്തിന്റെ സവിശേഷതകൾ
3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ - ഖാസിഗുണ്ട് റോഡ് ടണൽ പ്രധാനമന്ത്രി ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്. 7500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഡല്‍ഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും നരേന്ദ്രമോദി ഇന്നലെ നിർവഹിച്ചു. 5300 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റാറ്റിൽ ജല വൈദ്യുത പദ്ധതി, 4500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ക്വാർ ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. കിഷ്ത്വാറിലെ ചെനാബ് നദിയിലാണ് ഇവയുടെ നിർമ്മാണം. ജമ്മു കാശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.