• HOME
 • »
 • NEWS
 • »
 • india
 • »
 • എലിയുടെ കടിയേറ്റ് ആശുപത്രിയിലെത്തിച്ച റെയിൽവേ ജീവനക്കാരൻ മരിച്ചു; അമിത മദ്യപാനമാണ് മരണകാരണമെന്ന് ഡോക്ടർമാർ

എലിയുടെ കടിയേറ്റ് ആശുപത്രിയിലെത്തിച്ച റെയിൽവേ ജീവനക്കാരൻ മരിച്ചു; അമിത മദ്യപാനമാണ് മരണകാരണമെന്ന് ഡോക്ടർമാർ

റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാർ അവരുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്, അമിതമായ മദ്യപാനം മൂലം കരൾ തകരാറിലായതാണ് യുവാവിന്‍റെ മരണകാരണമെന്നാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മുംബൈ: വീട്ടിൽ ഉറക്കത്തിനിടെ എലിയുടെ കടിയേറ്റ റെയിൽവേ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മുംബൈയിലാണ് സംഭവം. സുരേഷ് സാൽവെ എന്ന റെയിൽവേ ജീവനക്കാരനാണ് ഡോംബിവാലിക്കടുത്തുള്ള താക്കുർളി റെയിൽവേ കോളനിയിലെ വീട്ടിൽ ഉറക്കത്തിനിടെ എലിയുടെ കടിയേറ്റത്.

  ഉറക്കത്തിനിടെ ഉണർന്ന സാൽവെ കൈയിൽ എന്തോ കടിച്ചതായി പരാതിപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. മുറി പരിശോധിച്ചപ്പോൾ എലിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട സാൽവെയെ റെയിൽവേ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

  അതേസമയം റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാർ അവരുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്, അമിതമായ മദ്യപാനം മൂലം കരൾ തകരാറിലായതാണ് സാൽവെയുടെ മരണകാരണമെന്നാണ്. അതേസമയം സാൽവെയുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും മരണകാരണം എലിയുടെ കടിയേറ്റതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. 'റെയിൽവേ കോളനിയുടെ അവസ്ഥ ദയനീയമാണ്. അത് നിസ്സാരമായ കാര്യമല്ല. പ്രദേശത്തെ ശുചിത്വം റെയിൽവേ ശ്രദ്ധിക്കുന്നില്ല, അതിനാൽ ഇത് എലികളുടെ പ്രജനന കേന്ദ്രമായി മാറിയിരിക്കുന്നു, 'ഒരു റെയിൽവേ ജീവനക്കരൻ പറഞ്ഞു.

  സമാനമായ ഒരു സംഭവത്തിൽ, മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ രാജവാഡി ആശുപത്രിയിൽ ജൂണിൽ കണ്ണിന് എലിയുടെ കടിയേറ്റ് 24 കാരൻ മരിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എലിയുടെ കടിയേറ്റതായി ആശുപത്രിയും കോർപ്പറേഷൻ അധികൃതരും സ്ഥിരീകരിച്ചിരുന്നെങ്കിലും മദ്യം മൂലമുണ്ടായ കരൾ സംബന്ധമായ അസുഖങ്ങൾ മൂലമാണ് മരണം സംഭവിച്ചതെന്ന് അന്നും ഡോക്ടർമാർ പറഞ്ഞു. 24 കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എലി കടിയേറ്റത് ശരിയായ കാര്യമല്ലെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  ഓരോ മണിക്കൂറിലും പട്ടികടിയേല്‍ക്കുന്നത് 14 പേര്‍ക്ക്; പഞ്ചാബില്‍ ഗുരുതരമായ അവസ്ഥയെന്ന് ആരോഗ്യ വകുപ്പ്

  പഞ്ചാബില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 14 പേര്‍ക്ക് പട്ടികടിയേറ്റുവെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. സ്റ്റേറ്റ് റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എസ്ആര്‍സിപി) കണക്കനുസരിച്ച്, ജൂലൈ വരെ സംസ്ഥാനത്തെ 22 ജില്ലകളില്‍ നിന്ന് 72,414 നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ ഡാറ്റ പ്രകാരമായിരുന്നു എസ്ആര്‍സിപി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

  ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള എസ്ആര്‍സിപി ഡാറ്റ അനുസരിച്ച് ജലന്ധറാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം. ജലന്ധറില്‍ 14,390 നായ കടിയേറ്റ കേസുകള്‍ (പ്രതിദിനം 68 കേസുകള്‍) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ ഈ വര്‍ഷം ലുധിയാന - 8000, ഹോഷ്യാര്‍പൂര്‍ - 5486, പട്യാല - 5484, സംഗ്രൂര്‍ - 4345 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ കേസുകൾ.

  പ്രധാനമായും തെരുവുനായ്ക്കളാണ് ആളുകളെ ആക്രമിക്കുന്നതെന്ന് മൃഗഡോക്ടര്‍മാര്‍ പറയുന്നു. ചില കേസുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റതാണെന്നും പരാതിപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ തെരുവുനായ്ക്കളുടെ ഭീഷണി വര്‍ദ്ധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് എസ്ആര്‍സിപി പ്രോഗ്രാം ഓഫീസര്‍ ഡോ.പ്രീതി താവാരെ പറഞ്ഞു. 2017 ല്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് നായകടിയേറ്റപ്പോള്‍, കഴിഞ്ഞ വര്‍ഷം 1.1 ലക്ഷം നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ 1.34 ലക്ഷവും 2018 ല്‍ 1.14 ലക്ഷവും ആയിരുന്നു കേസുകള്‍.

  ''കോവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നായയുടെ കടിയേല്‍ക്കുന്ന ആളുകളുടെ കണക്കില്‍ ചെറിയ കുറവുണ്ടായി. എന്നാല്‍, അടിസ്ഥാന യാഥാര്‍ത്ഥ്യം എന്താണെന്ന് വച്ചാല്‍ തെരുവ് നായ്ക്കള്‍ മനുഷ്യ ജനസംഖ്യയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു എന്നതാണ്,'' ഡോ. താവാരെ പറഞ്ഞു. നായയുടെ കടിയേറ്റുള്ള മരണത്തെ സൂചിപ്പിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.

  ''മിക്ക രോഗികളും കടിയേറ്റതിന് ശേഷമുള്ള നിര്‍ദ്ദിഷ്ട തീയതികളികളിലായി, സൗജന്യമായി നല്‍കുന്ന നാല് വാക്‌സിന്‍ ഡോസ് എടുക്കുന്നതില്‍ കൃത്യത പാലിക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട തീയതികളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തില്ലെങ്കില്‍, ആ രോഗിക്ക് വാക്‌സിന്‍ ആദ്യം മുതല്‍ ആവര്‍ത്തിക്കേണ്ടിവരും. ഇത് അനാവശ്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.''ഡോ. താവാരെ കൂട്ടിച്ചേര്‍ത്തു.
  Published by:Anuraj GR
  First published: