ദുബായ്: യാത്രക്കാരന്റെ ബാഗിൽ നിന്ന് മാങ്ങ മോഷ്ടിച്ചെന്ന കുറ്റത്തിൽ ഇന്ത്യക്കാരന് ദുബായിൽ വിചാരണ. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ ആദ്യ വിചാരണയ്ക്കായിട്ടാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാൾ.
ആറ് ദിർഹം(116 രൂപ) വില വരുന്ന മാങ്ങയാണ് യാത്രക്കാരന്റെ ബാഗിൽ നിന്ന് ഇയാൾ കട്ടെടുത്തത്. ഇക്കാര്യം ഇയാൾ സമ്മതിച്ചിട്ടുണ്ട്. ദാഹിച്ചു വലഞ്ഞതിനാലാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ കോടതിയെ അറിയിച്ചിരിക്കുന്നത്.
ദാഹിച്ച് വലഞ്ഞപ്പോൾ വെള്ളം അന്വേഷിച്ചുവെന്നും ഫ്രൂട്ട് ബോക്സ് തുറന്നപ്പോൾ രണ്ട് മാങ്ങ കണ്ടെന്നും അങ്ങനെയാണ് അതെടുത്തതെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞതെന്ന് ഖലീജ് ടൈംസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാൾക്ക് നോട്ടീസ് നൽകുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിൽ നിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാങ്ങ മോഷ്ടിക്കുന്നത് സുരക്ഷാ ക്യാമറ പരിശോധിക്കുന്നതിനിടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കണ്ടെത്തിയത്.
ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ജയിൽ ശിക്ഷ അനുഭവിക്കുകയോ മോഷ്ടിച്ച സാധനത്തിന്റെ വിലയും അതിനനുസരിച്ചുള്ള പിഴയോ നൽകേണ്ടതായി വരും. സെപ്തംബർ 23ന് കേസിൽ ശിക്ഷ പ്രഖ്യാപിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.