HOME /NEWS /India / ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു; വിക്ഷേപണം ജൂലൈയിൽ; ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് ISRO

ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു; വിക്ഷേപണം ജൂലൈയിൽ; ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് ISRO

 (Representative image/PTI)

(Representative image/PTI)

ചന്ദ്രയാൻ 2 വിക്ഷേപിച്ച അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും വിക്ഷേപണം.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഇന്ത്യയുടെ ബഹിരാകാശ പേടകമായ ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു. ജൂലൈയിലാണ് വിക്ഷേപണം. ചന്ദ്രയാൻ വിക്ഷേപണത്തെ ഐഎസ്ആർഒ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് യു ആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ ന്യൂസ് 18 നോട് പറഞ്ഞു. ”ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സാധ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചന്ദ്രയാൻ 2 വിക്ഷേപിച്ച അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും വിക്ഷേപണം. ഐഎസ്ആർഒ ആവേശത്തോടെ വിക്ഷേപണം കാത്തിരിക്കുകയാണ്”, ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശങ്കരൻ പറഞ്ഞു.

    ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ചന്ദ്രോപരിതലത്തിൽ റോവർ സുരക്ഷിതമായി ഇറക്കി പര്യവേക്ഷണം നടത്താനാണ് ഐഎസ്ആർഒയുടെ പദ്ധതി.

    2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടർച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന ആദ്യത്തെ രാജ്യമാകാനുള്ള ഇന്ത്യയുടെ സ്വപ്നവും അന്ന് തകർന്നു.

    Also Read-‘പഴുതടച്ച തയ്യാറെടുപ്പുകൾ; ഇത്തവണ വിജയിക്കും’; ചന്ദ്രയാൻ -3 ഈ വർഷം ഉണ്ടാകുമെന്ന് ISRO

    ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിൽ എത്തിയതോടെ ഐഎസ്ആർഒ അവസാന ഘട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. അടുത്ത മാസം നടക്കുന്ന വിക്ഷേപണത്തിന് മുൻപ് ചന്ദ്രയാൻ-2 ദൗത്യത്തിൽ സംഭവിച്ച പാളിച്ചകൾ ഒരിക്കൽ കൂടി വിശകലനം ചെയ്യും. ”ചന്ദ്രയാൻ-3 ലോഞ്ച് പോർട്ടിൽ എത്തിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിൽ അവസാന ഘട്ട തയ്യാറെടുപ്പുകൾ നടവന്നുവരികയാണ്. ജൂലൈയിൽ വിക്ഷേപണം നടത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഞങ്ങൾ”ശങ്കരൻ പറഞ്ഞു.

    ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി-എംകെ3 (GSLV-MKIII) അല്ലെങ്കിൽ എൽവിഎം (LVM-3) ആണ് ചന്ദ്രയാൻ-3 യെ ബഹിരാകാശത്തേക്ക് വഹിച്ച് പറക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തദ്ദേശീയ ലാൻഡർ മൊഡ്യൂളും പ്രൊപ്പൽഷൻ മൊഡ്യൂളും റോവറും ഈ ദൗത്യത്തിലുണ്ടാകും.

    ​ഗ​ഗൻയാൻ (Gaganyaan) ചന്ദ്രയാൻ -3 വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ പ്രധാനമായും ശ്രദ്ധാ കേന്ദ്രീകരിക്കുക മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രാ പദ്ധതി ഗഗൻയാനിൽ ആയിരിക്കും. ഐഎസ്ആർഒ ഈ ദൗത്യത്തിനായി അരയും തലയും മുറുക്കി പ്രവർത്തിച്ചു വരികയാണ്.

    “ഗഗൻയാൻ വളരെ വലിയൊരു ദൗത്യം ആണ്. പൊതുജനങ്ങൾ ഇതുവരെ കാണാത്തതും അറിയാത്തതുമായ പല സംഭവവികാസങ്ങളും ഗഗൻയാനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും ഇതേക്കുറിച്ച് ഇടക്കിടെ ചോദിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് ജോലികൾ നടക്കുന്നുണ്ട്. ഈ വർഷം ​ഗ​ഗൻയാനുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങളോട് എന്തെങ്കിലും വാർത്ത പങ്കു വെയ്ക്കാൻ സാധിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, ശങ്കരൻ കൂട്ടിച്ചേർത്തു.

    First published:

    Tags: Chandrayan, Isro