ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് വിമാന യാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (DGCA) പിഴ ചുമത്തിയത്.
ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്നം കൂടുതല്‍ വഷളാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരില്‍നിന്ന് അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ കുട്ടിയുടെ അസ്വസ്ഥത മാറുമായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.
കഴിഞ്ഞ മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലായിരുന്നു ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. കുട്ടിയും കുടുംബവും നേരിട്ട ദുരവസ്ഥ വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വലിയ വിവാദമായത്.
സാമൂഹിക മാധ്യമങ്ങളിള്‍ ഉള്‍പ്പെടെ വിമാനക്കമ്പനിക്കെതിരേ വിമര്‍ശനം ഉയര്‍ന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ ഡിജിസിഎ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കാരണംകാണിക്കല്‍ നോട്ടീസ് നല്കിയതും വിശദമായ അന്വേഷണം നടത്തിയതും.
എല്ലാവർക്കും സ്വന്തം ഭാഷ പ്രധാനം; മറ്റൊന്നിനു വേണ്ടി നഷ്ടപ്പെടുത്തേണ്ടതില്ല: കമലഹാസൻ
ഹിന്ദിയെപ്പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ (MK Stalin) പ്രസ്താവനക്കു പിന്നാലെ ഭാഷാ വിവാദത്തിൽ പ്രതികരിച്ച് നടൻ കമലഹാസൻ (Kamal Haasan). എല്ലാവർക്കും സ്വന്തം ഭാഷ പ്രധാനപ്പെട്ടതാണെന്നും മറ്റൊന്നിനു വേണ്ടി സ്വന്തം ഭാഷയെ നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നും എല്ലാവർക്കും മറ്റൊരു ഭാഷ അറിയാൻ ആകാംക്ഷ ഉണ്ടാകുമെന്നും കമലഹാസൻ പറഞ്ഞു.
''നമ്മൾ ഒരിക്കലും പടിഞ്ഞാറൻ ഇന്ത്യൻ സിനിമകൾ എന്ന് പറയാറില്ല. ബോളിവുഡ് സിനിമ എന്നാണ് പറയാറ്. ഒരു സമൂഹമാണ് നമ്മളെന്നുള്ള ബോധ്യം നമുക്ക് നഷ്ടപ്പെടുകയാണ്. ഭാഷയെ സംബന്ധിച്ചിടത്തോളം, അത് നമ്മുടെ അഭിമാനമാണ്. മറ്റൊരാൾക്ക് വേണ്ടി ആർക്കും അവരവരുടെ ഭാഷ നഷ്ടപ്പെടരുത്. മറ്റൊരു ഭാഷ അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാകും'', കമലഹാസൻ കൂട്ടിച്ചേർത്തു.
ഹിന്ദിയെ ദേശീയ ഭാഷയായി പരിഗണിക്കുന്നതിനെച്ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ താരം കിച്ച സുധീപും ട്വിറ്ററിൽ വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു. ഈ വിഷയം പിന്നീട് രാഷ്ട്രീയ, വിനോദ മേഖലകളിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ഉയരുന്നതിനും കാരണമായി.
ദക്ഷിണേന്ത്യൻ സിനിമകൾ അവരുടെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ് എന്നായിരുന്നു കങ്കണ റണാവത്തിന്റെ പ്രതികരണം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സുദീപിന്റെ നിലപാടിനെ പിന്തുണക്കുകയും പ്രാദേശിക ഭാഷകൾ പ്രധാനപ്പെട്ടതാണെന്നും അതത് സംസ്ഥാനങ്ങൾ അവരുടെ പ്രാദേശിക ഭാഷ പിന്തുടരുമെന്നും പറഞ്ഞു. എന്നാൽ ദേശവ്യത്യാസങ്ങളുടെ പേരിൽ സിനിമയെ തരം തിരിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നാണ് അക്ഷയ് കുമാർ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രാദേശിക ഭാഷകളെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. എല്ലാ പ്രാദേശിക ഭാഷകളിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമാണ് ബിജെപി കാണുന്നതെന്നും അവയെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞിരുന്നു. തമിഴ് ഭാഷയെയും പ്രധാനമന്ത്രി വാഴ്ത്തിയിരുന്നു. ''ചെന്നൈ മുതൽ കാനഡ വരെയും, മധുരൈ മുതൽ മലേഷ്യ വരെയും, നാമക്കൽ മുതൽ ന്യൂയോർക്ക് വരെയും സേലം മുതൽ ദക്ഷിണാഫ്രിക്ക വരെയും, പൊങ്കലും പുത്താണ്ടും (പുതുവർഷം) ആവേശത്തോടെയാണ് ആഘോഷിക്കാറുള്ളത്'',അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.