ന്യൂഡല്‍ഹി: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം അപകടമരണമാണെന്നും അദ്ദേഹം പറഞ്ഞു.
”രാഹുലിന്റെ ബുദ്ധിയില്‍ സഹതാപം തോന്നുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഭഗത് സിംഗ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷികളായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലുണ്ടായത് വെറും അപകടമരണങ്ങളാണ്. അപകടവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്,’ ജോഷി പറഞ്ഞു.
ഉത്തരാഖണ്ഡിലെ കൃഷി വകുപ്പ് മന്ത്രിയാണ് ഗണേഷ് ജോഷി. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ജമ്മു കശ്മീരില്‍ സമാപനം കുറിച്ചത്. യാത്ര ജമ്മുകശ്മീരില്‍ യാത്ര ശുഭകരമായി സമാപിച്ചതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണെന്നും ജോഷി പറഞ്ഞു.
” ഇതിന്റെ ക്രഡിറ്റ് മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ നരേന്ദ്രമോദിയുടെ നടപടിയാണ് ജമ്മു കശ്മീരിലേക്കുള്ള പ്രവേശനം സുഗമമാക്കിയത്. അതുകൊണ്ടാണ് കശ്മീരീലെ ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ കഴിഞ്ഞത്,” ജോഷി പറഞ്ഞു.
അതേസമയം ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണവിവരം അറിഞ്ഞ നിമിഷത്തെപ്പറ്റി രാഹുല്‍ ഇക്കഴിഞ്ഞ ദിവസം മനസ്സ് തുറന്നിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് അത് പ്രിയപ്പെട്ടവരില്‍ ഏല്‍പ്പിക്കുന്ന വേദനയെന്തെന്ന് അറിയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.
”മോദി, അമിത് ഷാ, ബിജെപി, ആര്‍എസ്എസ് തുടങ്ങി അക്രമത്തെ പ്രേരിപ്പിക്കുന്നവര്‍ക്ക് വേദന എന്തെന്ന് അറിയില്ല. ഒരു പട്ടാളക്കാരന്റെ കുടുംബത്തിന് ആ വേദന എന്തെന്ന് മനസ്സിലാകും. കശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് പട്ടാളക്കാരന്റെ കുടുംബത്തിന് ആ വേദന മനസ്സിലാകും. കശ്മീരികള്‍ക്കും ആ വേദന മനസ്സിലാകും,,” രാഹുല്‍ പറഞ്ഞു.
അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനം. ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചായിരുന്നു രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തില്‍ സംസാരിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ പ്രതികൂല കാലാവസ്ഥയിലും ഭാരത് ജോഡോ യാത്രാ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മഞ്ഞു വീഴ്ചയെ തുടര്‍ന്ന് വൈകിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സിപിഐ ഉള്‍പ്പെടെ പതിനൊന്ന് രാഷ്ട്രീയ പാര്‍ട്ടികളും പരിപാടിയിൽ പങ്കെടുത്തു. യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് തന്റെ യാത്ര.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ വികാരാധീനനായി രാഹുല്‍ പങ്കുവച്ചു. 21 പ്രതിപക്ഷ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.