പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമുള്ള ചായ വിൽപനക്കാർക്ക് മൊബൈൽ ടീ ഡിസ്പെൻസറുകൾ വിതരണം ചെയ്യാനൊരുങ്ങി കർണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയായ സ്റ്റീറ ടെക്നോവേഷൻസ് (Steira Technovations). ഗുജറാത്തിലെ വഡ്‌നഗർ റെയിൽവേ സ്റ്റേഷനിലെ (Vadnagar railway station) ചായക്കടയിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ വരെ എത്തി നിൽക്കുന്ന മോദിയുടെ വളർച്ചയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതിനു പിന്നിലെ പ്രചോദനം. പാവപ്പെട്ട ചായ വിൽപനക്കാരെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.
സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലാണ് മിക്ക ചായക്കച്ചവടക്കാരും ചൂടുള്ള ചായയോ കാപ്പിയോ സാധാരണയായി കൊണ്ടുനടക്കുന്നത്. ഭാരമുള്ള ഇത്തരം കണ്ടെയ്നറുകൾ പിടിക്കുന്നത് പലപ്പോഴും ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതിന് പ്രതിവിധിയായി ഭാരം കുറഞ്ഞ, 5 ലിറ്റർ ശേഷിയുള്ള ഒരു ഇൻസുലേറ്റഡ് കണ്ടെയ്നർ ആയിരിക്കും കമ്പനി വിതരണം ചെയ്യുന്നത്. ഒരു കപ്പ് ഡിസ്പെൻസറുമായി ഇത് ഘടിപ്പിച്ചിരിക്കും. ചൂട് നിൽക്കാനുള്ള സംവിധാനവും ഉണ്ടാകും.
ഈ സംരഭത്തിലൂടെ ലാഭമല്ല, മറിച്ച് സമൂഹത്തിന്റെ നൻമയാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് സ്റ്റീറ ടെക്നോവേഷൻസിൽ ജോലി ചെയ്യുന്ന എഞ്ചിനീയറായ ഗണേഷ് ബലികയി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തങ്ങളുടെ കണ്ടെയ്നർ വളരെ എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്നതാണെന്നും ചായ വിൽപനക്കാരെയും കാപ്പി വിൽപനക്കാരെയുമൊക്കെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
''ഈ കണ്ടെയ്നറിന് വലിയ വിലയൊന്നും ഇല്ല. ഒമ്പത് മണിക്കൂറിലധികം കണ്ടെയ്നറിലെ ചായ ചൂടോടെ ഇരിക്കും. ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ ചായ വിൽപനക്കാർക്ക് ഞങ്ങൾ കുറച്ച് ഡിസ്പെൻസറുകൾ വിറ്റിട്ടുണ്ട്. മൈസൂരിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്'', ഗണേഷ് പറഞ്ഞു.
ഒരുപാടു നേരം ചായ ചൂടോടെ ഇരിക്കും എന്നതിനാൽ ഈ മൊബൈൽ ടീ ഡിസ്പെൻസർ ഗ്യാസ് ലാഭിക്കുമെന്ന് വിദ്യാരണ്യപുരത്തെ ചായ വിൽപനക്കാരൻ എം ഗണേഷ് പറഞ്ഞു. ചായയോ കാപ്പിയോ ഇയക്കിടക്ക് ചൂടാക്കുന്നത് ഈ കണ്ടെയ്നർ ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാം. ചുമലിൽ താങ്ങി ഇത് എളുപ്പത്തിൽ കൊണ്ടു നടക്കുകയും ചെയ്യാം എന്നും ഗണേഷ് കൂട്ടിച്ചേർത്തു.
പാറ്റ്ന വുമൺസ് കോളേജിനു മുന്നിൽ ചായക്കട നടത്തുന്ന പ്രിയങ്ക ഗുപ്ത എന്ന ഇക്കണോമിക്സ് ബിരുദധാരിയായ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കണോമിക്സ് ബിരുദധാരിയായ പ്രിയങ്ക കഴിഞ്ഞ രണ്ടു വർഷമായി ബാങ്ക് മൽസര പരീക്ഷകൾ എഴുതി വരികയാണെന്നും അതൊന്നും വിജയം കാണാത്തതിനെ തുടർന്ന് സ്വയം തൊഴിൽ കണ്ടെത്തുകയായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി വിഭാവനം ചെയ്ത ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് താൻ ഈ സംരംഭത്തെ കാണുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.