ന്യൂഡൽഹി: കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ജനങ്ങൾ അങ്ങേയറ്റം ജാഗരൂകരാണ്. കൊറോണ വൈറസിനെക്കുറിച്ച് ഗൂഗിളിൽ അന്വേഷിക്കുകയാണ് എല്ലാവരും. എന്താണ് കൊറോണ വൈറസ്, എങ്ങനെയാണ് ഇത് പകരുന്നത്, എന്തൊക്കെയാണ് കൊറോണ വൈറസ് ബാധിച്ചാലുള്ള ലക്ഷണങ്ങൾ, എങ്ങനെ ഇത് സുഖമാക്കാം എന്നൊക്കെയാണ് ആളുകൾ ഗൂഗിളിൽ തിരയുന്നത്.
ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയിലെ വുഹാനിലാണ് ഈ കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത്. ഇതുവരെ എൺപതോളം ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസ് 2000 പേരിൽ സ്ഥിരീകരിച്ചു കഴിഞ്ഞു.
ഭീതി പടർത്തി കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി
ഇന്ത്യയിൽ രാജസ്ഥാനിലാണ് സംശയിക്കാവുന്ന തരത്തിൽ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തത്. ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ചൈനയിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു.
എന്നാൽ, കൊറോണ വൈറസിനെക്കുറിച്ച് നെറ്റിൽ തിരയാൻ എത്തിയവർ കുറച്ച് സമയത്തേക്ക് ആശങ്കാകുലരായി. കാരണം, കൊറോണ എന്ന പേര് ജനപ്രിയമായ ഒരു ബിയറിന്‍റെ പേരാണ് എന്നതാണ്. എന്നാൽ, കൊറോണ വൈറസും കൊറോണ ബിയറും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. കൊറോണ വൈറസ് എന്ന് തിരയേണ്ടതിന് പകരം ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും തിരഞ്ഞത് കൊറോണ ബിയർ വൈറസ് എന്നായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona virus outbreak, Corona virus Wuhan