• HOME
  • »
  • NEWS
  • »
  • india
  • »
  • സൈനികരും കുടുംബവും ചൈനീസ് മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

സൈനികരും കുടുംബവും ചൈനീസ് മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ചൈനീസ് മൊബൈൽ ഫോണുകളിൽ മാൽവെയറുകളുടെയും സ്പൈ വെയറുകളുടെയും സാന്നിധ്യം കണ്ടെത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു

  • Share this:

    നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം തുടരുന്നതിനിടെ, സൈനികരും കുടുംബാംഗങ്ങളും ചൈനീസ് മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി പ്രതിരോധ രഹസ്യാന്വേഷണ ഏജൻസികൾ. ചൈനീസ് മൊബൈൽ ഫോണുകളുടെ ഉപയോ​ഗവുമായി ബന്ധപ്പെട്ട് ജാഗ്രത പുലർത്തുന്നതിന് വിവിധ മാർ​ഗങ്ങളിലൂടെ തങ്ങളുടെ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാം​ഗങ്ങളെയും ബോധവൽക്കരിക്കണമെന്ന് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസികൾ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

    ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളിൽ നിന്ന് ഫോണുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൈനികരെയും അവരുടെ കുടുംബങ്ങളെയും ബോധ്യപ്പെടുത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചൈനീസ് മൊബൈൽ ഫോണുകളിൽ മാൽവെയറുകളുടെയും സ്പൈ വെയറുകളുടെയും സാന്നിധ്യം കണ്ടെത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു.

    ചൈനീസ് ഫോണുകളെക്കുറിച്ച് മുൻപും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ ഫോണുകളിൽ നിന്ന് ഇത്തരത്തിലുള്ള പല ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥർ തങ്ങളുടെ ഉപകരണങ്ങളിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും ചൈനീസ് ഫോണുകൾ ഉപയോ​ഗിക്കുന്നതും നിർത്തിയിരുന്നു.

    വിവോ, ഓപ്പോ, ഷവോമി, വൺ പ്ലസ്, ഓണർ, റിയൽ മി, ജിയോണി, അസ്യൂസ്, ഇൻഫിനിക്സ് തുടങ്ങിയ ചൈനീസ് മൊബൈൽ ഫോണുകൾ നിലവിൽ ഇന്ത്യൻ വിപണിയിലുണ്ട്.

    2020 ഏപ്രിൽ മുതലാണ് നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം ആരംഭിച്ചത്. നിയന്ത്രണ രേഖയിലെ കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഭാ​ഗങ്ങളിൽ ഇരു രാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിരുന്നു.

    Also Read- ചാരപ്രവര്‍ത്തനത്തിന് സാധ്യത; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൈനീസ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കരുതെന്ന് കേന്ദ്രം

    അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികളിൽ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. 300 ലധികം ചൈനീസ് ആപ്പുകള്‍ രാജ്യം നിരോധിക്കുകയും ചെയ്തിരുന്നു. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയിൽ ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷവോമി കോര്‍പറേഷന്റെ ഓഫീസുകളിൽ ഇഡി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.

    ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയാണ് ഇന്ത്യ. ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിപണിയായി മാറാനുള്ള തയ്യാറെടുപ്പിലുമാണ് രാജ്യം. പക്ഷേ, നിലവിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന കമ്പനികൾ പ്രധാനമായും ചൈനയിൽ നിന്നും ഉള്ളവയാണ്. ഷവോമി, ഒപ്പോ, പോലുള്ള നിർമാതാക്കൾ കുറഞ്ഞ വിലയുള്ള സ്മാർട്ഫോണുകളുമായി രം​ഗത്തെത്തിയതു മുതൽ ഇന്ത്യൻ മൊബൈൽ നിർമാതാക്കളുടെ ശക്തി ക്ഷയിച്ചു. മിക്ക ചൈനീസ് നിർമാതാക്കളുടെയും വില നിലവാരത്തിൽ അവർക്ക് സ്മാർട്ഫോണുകൾ ലഭ്യമാക്കാൻ സാധിച്ചില്ല.

    Published by:Anuraj GR
    First published: