ഇന്റർഫേസ് /വാർത്ത /India / International Yoga Day | അന്താരാഷ്ട്ര യോഗാ ദിനം: മൈസൂരിൽ 15,000 പേർ പങ്കെടുക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

International Yoga Day | അന്താരാഷ്ട്ര യോഗാ ദിനം: മൈസൂരിൽ 15,000 പേർ പങ്കെടുക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

Reuters

Reuters

കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓൺലൈനായാണ് യോ​ഗാ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

  • Share this:

അന്താരാഷ്ട്ര യോഗ ദിനമായ (International Yoga Day) ജൂൺ 21 ന് കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ (Mysuru Palace ground) നടക്കുന്ന യോ​ഗ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നേതൃത്വം നൽകും. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ (Sarbananda Sonowal) ആണ് ഇക്കാര്യം അറിയിച്ചത്. 15,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓൺലൈനായാണ് യോ​ഗാ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. 'എല്ലാവർക്കും വേണ്ടിയുള്ള യോ​ഗ' (Yoga for Humanity) എന്നതാണ് ഈ വർഷത്തെ തീം.

വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലോകമെമ്പാടും നടക്കുന്ന യോ​ഗാ പരിപാടികളോടു ചേർന്ന് ഇന്ത്യയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും സോനോവാൾ പറഞ്ഞു. "ഈ പരിപാടികൾ ഇന്ത്യൻ സമയം പുലർച്ചെ 3 മണിക്ക് ആരംഭിക്കുകയും രാത്രി 10 മണി വരെ തുടരുകയും ചെയ്യും. ഫിജി, ബ്രിസ്‌ബേൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്, യു‌എസ്‌എയിലെ സാൻ ഫ്രാൻസിസ്കോയിലും കാനഡയിലെ ടൊറന്റോയിലും ഇത് അവസാനിക്കും. 79 രാജ്യങ്ങളും യുഎന്നും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡിഡി ഇന്ത്യയിൽ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും," സർബാനന്ദ സോനോവാൾ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പരിപാടിയോട് അനുബന്ധിച്ച്, വിവിധ യോഗ സംഘടനകളുമായി ചേർന്ന്, ആയുഷ് മന്ത്രാലയം ഡൽഹിയിലെ നൂറിലധികം സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും സോനോവാൾ പറഞ്ഞു. ഇതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ആയുഷ് മന്ത്രാലയം ഉപയോഗിക്കുന്നുണ്ട്. ട്രെയിനർ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് യോഗ പോർട്ടലും നമസ്‌തേ ആപ്പും ഉപയോഗിക്കുന്നുണ്ടെന്നും സോനോവാൾ പറഞ്ഞു. കൂടാതെ, ഐഎസ്ആർഒയുടെ സഹായത്തോടെ വികസിപ്പിച്ച ഭുവൻ ആപ്പ് ബഹുജന പങ്കാളിത്തം ഉറപ്പാക്കാനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''എല്ലാവർക്കും വേണ്ടിയുള്ള യോ​ഗ എന്നതാണ് 2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം. എല്ലാവരുടെയും ആരോഗ്യത്തിന് യോഗ നല്ലതാണ്. കോവിഡ് മൂലമുണ്ടായ സമ്മർദ്ദവും അസ്വസ്ഥതകളും നേരിടാൻ യോഗ ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ് യോഗ. യോഗ ഇന്ത്യൻ പാരമ്പര്യമാണ്, അത് ലോകം സ്വീകരിച്ചു,” സോനോവാൾ കൂട്ടിച്ചേർത്തു.

യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് ജീവിതത്തിന്റെ ഭാഗമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 21 ന് യോഗ ദിനം ആഘോഷിക്കുന്നത്. 2014 ഡിസംബറിലാണ് 'ജൂൺ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 2015 ജൂൺ 21നായിരുന്നുആദ്യമായി യോഗ ദിനം ആഘോഷിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

First published:

Tags: Karnataka, Mysuru, Pm modi, Yoga day