സൂരജ്പൂർ: ഡിജിറ്റൽ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ ഇന്‍റർനെറ്റ് സൗകര്യങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാം. ഇതാ 14 വര്‍ഷം മുമ്പ് കാണാതായ ഭാര്യയെ കണ്ടെത്താനും ഇന്റർനെറ്റ് തന്നെ വേണ്ടി വന്നു. ഒരു സിനിമ കഥയെ വെല്ലുന്ന സംഭവം നടന്നത് ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലാണ്.
14 വർഷം മുമ്പാണ് സൂരജ്പൂര്‍ സ്വദേശിയായ ഭുവനേശ്വറിന്റെ ഭാര്യ പ്രമീലയെ കാണാതാവുന്നത്. മാനസിക വൈകല്യമുണ്ടായിരുന്ന പ്രമീലയെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയായിരുന്നു. ഭാര്യയെ കണ്ടെത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും എല്ലാം ശ്രമങ്ങളും വിഫലമായിരുന്നു.
മാനസികനില തെറ്റിയുള്ള യാത്രയിൽ ഒടുവിൽ പ്രമീല എങ്ങനെയൊക്കെയോ വെസ്റ്റ് ബംഗാളിൽ എത്തി. ബംഗാളിലെത്തിയ പ്രമില മാനസിക ബുദ്ധിമുട്ടുകൾ കാരണം ആയിരക്കണക്കിന് കിലോമീറ്ററുകൾ അപ്പുറമുള്ള സ്വന്തം നാടും പേരും തിരിച്ചുപോകാനുള്ള വഴിയും മറന്നിരുന്നു. അവളുടെ ഭർത്താവിന്റെ പേര് മാത്രമാണ് ഓർക്കാൻ കഴിഞ്ഞത്.
Also read: യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാന്‍ ശ്രമം; ട്രാവല്‍ ഏജന്‍സി ഉടമ ഒളിവിൽ
അതേസമയം അപ്പോഴും ഭാര്യയെ തേടി സ്വന്തം നാട്ടിൽ വീടുതോറും അലഞ്ഞുനടക്കുകയായിരുന്നു ഭുവനേശ്വർ. കുറച്ച് നാൾ അന്വേഷണം നടത്തിയ പൊലീസും അവസാനം അന്വേഷണം അവസാനിപ്പിച്ചു. ഭാര്യയെ കാണാതായതിന്റെ സങ്കടവും അഞ്ച് കുട്ടികളെ പോറ്റാനുള്ള ഉത്തരവാദിത്തവും ഭുവനേശ്വറിനെയും ഏറെ തളർത്തിയിരുന്നു. ഭാര്യയെ കാണാതായി വർഷങ്ങൾ പിന്നിട്ടപ്പോൾ ഭാര്യയുടെ ശവസംസ്കാരം നടത്താൻ കുടുംബക്കാർ ഭുവനേശ്വറിനെ നിർബന്ധിച്ചു. എന്നാൽ അതിന് ഭുവനേശ്വർ തയ്യാറായിരുന്നില്ല.
2006ല്‍ കാണാതായ പ്രമീല 14 വർഷം പിന്നിട്ട് 2020 ആയപ്പോഴേക്കും കൊല്‍ക്കത്തയിലെ അനാഥാലയത്തിലായിരുന്നു. അനാഥാലയത്തിന്റെ മാനേജറാണ് പ്രമീലയുടെ ചിത്രം വെച്ച് ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്ത് ഒരു ശ്രമം നടത്താമെന്ന് കരുതിയത്. പ്രമീലയുടെ ചിത്രം സമൂഹമാധ്യമങ്ങിൽ വൈറലായതോടെ സൂരജ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥർ അനാഥാലയത്തിൽ ബന്ധപ്പെട്ടു. അന്വേഷണത്തിന് ഒടുവിൽ പ്രമീലയെ കണ്ടുപിടിച്ച് ഭർത്താവ് ഭുവനേശ്വറിനെ ഏൽപ്പിച്ചു.
14 വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച കുടുംബാംഗങ്ങളെ മാത്രമല്ല, ഒരു ഗ്രാമത്തിനെ തന്നെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. ഇതിന് സഹായിച്ച ഇന്‍റർനെറ്റ് സേവനങ്ങളെയും ദമ്പതികൾ നന്ദിയോടെ ഓർക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Husband and wife, Internet, Missing, Social media, Wife