ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മു കശ്മീരിന്റെ ലഫ്റ്റണന്റ് ഗവർണർ സ്ഥാനത്തേക്ക് മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ വിജയകുമാറിനെ കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി സൂചന. കുപ്രസിദ്ധ കാട്ടുകള്ളൻ വീരപ്പനെ കൊലപ്പെടുത്തിയ വിജയകുമാറിനെ, 2018 ജൂണിൽ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ ഗവർണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇതിന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു.
SHOCKING VIDEO: കോട്ടക്കുന്ന് വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു; cctv ദൃശ്യങ്ങൾ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന വീരപ്പന്‍യുഗത്തിന് അന്ത്യം കുറിച്ചത് വിജയകുമാർ ആയിരുന്നു. വീരപ്പനെ പിടികൂടാൻ തമിഴ്നാട് സർക്കാർ രൂപം നൽകിയ ദൗത്യസേനയ്ക്ക് നേതൃത്വം നൽകിയത് വിജയകുമാർ ആയിരുന്നു. ദൗത്യസേന തയാറാക്കിയ ഓപ്പറേഷൻ കൊക്കൂണ്‍ 2004ൽ വീരപ്പന്റെ മരണത്തോടെയാണ് അവസാനിച്ചത്. 2004 ഒക്ടോബർ 18നാണ് വീരപ്പൻ കൊലപ്പെടുന്നത്. പാലക്കാട് ജില്ലയിലെ പല്ലശ്ശനയാണ് വിജയകുമാറിന്റെ ജന്മനാട്. 1953 സപ്തംബര്‍ 15നാണ് വിജയകുമാര്‍ കസല്യ-കൃഷ്ണന്‍നായര്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. 1975 ബാച്ചിലെ തമിഴ്നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ, 1998- 2001 കാലയളവിൽ അതിർത്തി രക്ഷാസേന ഐജിയായി പ്രവർത്തിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ പൊലീസ് വേഷത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു വിജയകുമാറിന്. 1975ലാണ് വിജയകുമാര്‍ തമിഴ്നാട് ഐപിഎസില്‍ ചേരുന്നത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. പിന്നീട് അസമില്‍ ഉള്‍ഫ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്തു. 2000ല്‍ ജയലളിത അധികാരത്തില്‍ വന്നപ്പോള്‍ വിജയകുമാറിനെ തന്റെ സേവനത്തിനായി വിട്ടുതരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിജയകുമാറിനെ തന്റെ പേഴ്സണല്‍ സെക്രട്ടറിയായി ജയലളിത നിയോഗിച്ചു. വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസേനയുടെ ചുമതല വാള്‍ട്ടര്‍ ദേവാരത്തിനായിരുന്നു. നേരത്തെ 1993ല്‍ ഒരു മാസക്കാലം വിജയകുമാര്‍ വാള്‍ട്ടര്‍ ദേവാരത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ദേവാരത്തിന് കീഴില്‍ ജോലി ചെയ്യാന്‍ ജയലളിത വിജയകുമാറിനെ 2001ല്‍ വീണ്ടും അയച്ചു. ഇക്കുറി മൂന്ന് മാസം മാത്രമാണ് വിജയകുമാര്‍ ദേവാരത്തിന് കീഴില്‍ ജോലി ചെയ്തത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം മൂലം വിജയകുമാറിനെ ജയലളിത മടക്കിവിളിച്ചു.
ചെന്നൈ പൊലീസ് കമ്മീഷണറായി ജയലളിത വിജയകുമാറിനെ നിയോഗിച്ചു. ചെന്നൈയില്‍ പൊലീസ് കമ്മീഷണറായിരുന്നപ്പോള്‍ വിജയകുമാര്‍ ഗുണ്ടകളുടെ പേടിസ്വപ്നമായിരുന്നു. ചെന്നൈ നഗരത്തെ വിറപ്പിച്ച ഗുണ്ടകളായ വീരമണിയെയും വെങ്കടേശ പന്ന്യാറെയും വിജയകുമാർ എൻകൗണ്ടറിൽ വധിച്ചു. ഇതില്‍ വെങ്കടേശ പന്ന്യാറെ കൊലപ്പെടുത്തിയതോടെ പ്രബലമായ നാടാര്‍ സമുദായം ജയലളിത സര്‍ക്കാരിനെതിരെ തിരിഞ്ഞു. അപ്പോഴേയ്ക്കും ദേവാരം സർവീസില്‍ നിന്നും വിരമിച്ചിരുന്നു. ഇതോടെ 2004 ഫെബ്രുവരിയില്‍ ജയലളിത വിജയകുമാറിനെ വീരപ്പനെ പിടികൂടാനുള്ള തമിഴ്നാടിന്റെ പ്രത്യേക ദൗത്യസേനയുടെ തലവനായി ചുമതലയേൽപിച്ചു.
ജയലളിതയുടെ വലംകൈയായ വിജയകുമാറിന്റെ വരവോടെ വീരപ്പൻ വേട്ടയുടെ വേഗത കൂടി. പ്രായമേറുന്തോറും വീരപ്പന്റെ ശാരീരിക അവശതകള്‍ വര്‍ധിച്ചതും സേനയ്ക്ക് ഗുണകരമായി. കാട്ടിലെ സ്ഥിരവാസം അദ്ദേഹത്തിന്റെ ആസ്തമരോഗം വര്‍ധിപ്പിച്ചു. ഒപ്പം കണ്ണിനെ തിമിരവും ബാധിച്ചു. വീരപ്പന് ചികിത്സ അത്യാവശ്യമായി. കാടറിയുന്ന വീരപ്പനെ നാട്ടില്‍കൊണ്ട് വന്ന് പിടികൂടുക എന്ന തന്ത്രം വിജയകുമാറിന്റേതായിരുന്നു. അതിനുള്ള കരുനീക്കങ്ങൾ വിജയം കണ്ടു. ആംബുലന്‍സില്‍ വന്ന വീരപ്പനെ തന്ത്രപരമായി തോക്കിനിരയാക്കിയപ്പോള്‍ വിജയകുമാര്‍ എന്ന മലയാളി തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്താകെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.