നരേന്ദ്രയ്ക്ക് ശേഷം ദേവേന്ദ്രയോ?
മാറുന്ന ബിജെപിയുടെ പുതിയ മുഖമാണ് ദേവേന്ദ്ര ഫ്ടനാവിസ്

ദേവേന്ദ്ര ഫഡ്നാവിസ്
- News18 Malayalam
- Last Updated: October 11, 2019, 10:15 AM IST
#ടി.ജെ. ശ്രീലാൽ
മഹാരാഷ്ട്രയില്‍ ഇത്തവണ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഒരു പക്ഷെ ഇതുകൂടിയാകും തീരുമാനിക്കുക. മാറുന്ന ബിജെപിയുടെ പുതിയ മുഖമാണ് ദേവേന്ദ്ര ഫ്ടനാവിസ്. ഹിന്ദുത്വ അജണ്ഡമാത്രമായി മുന്നോട്ട് പോകാനല്ല ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം. കേന്ദ്രത്തിലും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും അധികാരം പിടിച്ച ബിജെപിക്ക് ഇനി ഹിന്ദുത്വ അജണ്ഡയുടെ തണലില്‍ മാത്രം ഒതുങ്ങാനുമാകില്ല. ഇനി വളരണമെങ്കില്‍ ഹിന്ദുത്വ അജണ്ഡയ്ക്കൊപ്പം വികസനം എന്ന മുദ്രാവാക്യം കൂടി മുറുകെ പിടിക്കണം. പുതിയ തലമുറയെ ഒപ്പം കൂട്ടണമെങ്കില്‍ അതേയുള്ളു മാര്‍ഗം. അതാണ് നേരത്തെ പറഞ്ഞത്. മാറുന്ന ബിജെപിയുടെ പുതിയ മുഖമാണ് മഹാരാഷ്ട്രയുടെ വികസന നായകനായി വാഴ്ത്തപ്പെടുന്ന ദേവേന്ദ്ര ഫട്നാവിസ്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച അതേ പരീക്ഷണം തന്നെയാണ് സംഘപരിവാര്‍ തുടരുന്നു. ആദ്യം മുഖ്യമന്ത്രി പിന്നെ പ്രധാനമന്ത്രി. യോഗി ആദിത്യ നാഥിൽ നടത്തിയ ഈ പരീക്ഷണം പക്ഷെ ഇനിയും വിജയിച്ചില്ല. വികസനം നെഞ്ചിലേറ്റിയ പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ യോഗിക്ക് ആകുന്നില്ല.
വാണിജ്യ തലസ്ഥാനത്തെ വികസന നായകന്..
ഇതാണ് ദേവേന്ദ്ര ഫട്നാവസിന്റെ ഏറ്റവും അനുകൂല ഘടകം. മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. ഇന്ന് സഖ്യകക്ഷിയായ എന്‍സിപിയെക്കാള്‍ മോശമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനെ പിടിച്ചു നിറുത്തിയിരുന്ന ശിവസേനയുടെ സ്ഥിതിയിയും ഇപ്പോള്‍ അത്ര ശോഭനമല്ല. ഇത്തവണത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തുടക്കത്തില്‍ ചില പ്രതിഷേധങ്ങള്‍ ശിവസേന ഉയര്‍ത്തിയെങ്കിലും മറാത്ത്വാഡ ഒഴിച്ചുള്ള ഒരു പ്രദേശത്തും സീറ്റ് പിടിച്ചു വാങ്ങാന്‍ അവര്‍ക്കായില്ല. പുനെ, നാസിക്, നാഗ്പൂര്‍, മുംബൈ തുടങ്ങി പ്രധാന നഗരങ്ങളും പ്രദേശങ്ങളും ബിജെപിയുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമാകുകയും ചെയ്തു. അവിടെയെല്ലാം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ബിജെപിയിലെ ഒരു നേതാവാണ്.. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മറ്റോരു ബിജെപി നേതാവിനും ഇത്തവണ സീറ്റ് വിതരണത്തില്‍ കാര്യമായ ഒരു റോളുമുണ്ടായിരുന്നില്ല.
ശിവസനേയും ബിജെപിയും
ബിജെപിയുടെ ഈ നീക്കം ഏറ്റവും നന്നായി മനസിലാക്കുന്നതും ശിവസേന തന്നെയാണ്. കഴിഞ്ഞ ദിവസം ഉദ്ദവ്താക്കറെയും ദേവേന്ദ്ര ഫട്നാവിസും ഒരുമിച്ച് നടത്തിയ വാര്‍ത്തസമ്മേളനം അത് വ്യക്തമാക്കുകയും ചെയ്തു. ഉദ്ദവ് തന്നെ നേരിട്ട് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിട്ടും ഭൂരിപക്ഷം ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് ദേവേന്ദ്ര ഫട്നാവിസ്. പലപ്പോഴും ചോദ്യം ഫട്നാവിസിന് കൈമാറി ഉദ്ദവ് ഒഴിയുകയും ചെയ്തു. ഉദ്ദവിന്റെ മകന് ആദിത്യ താക്കറെയെ മത്സരിത്തിനിറക്കിയതിലും ദേവേന്ദ്ര ഫട്നാവസിന്റെ സ്വാധീനമുണ്ട്. മാഹാരാഷ്ട്രയില്‍ ബിജെപി ശിവസേന വീണ്ടും അധികാരത്തില്‍ എത്തുമെന്നകാര്യത്തില് രണ്ട് തര്‍ക്കമില്ല. ആദ്യമായി താക്കറെ കുടുംബത്തില്‍ നിന്ന് മത്സരിക്കുന്ന വ്യക്തിയാണ് ആദിത്യ താക്കറെ. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആദിത്യ താക്കറേയ്ക്കായി ഉപമുഖ്യമന്ത്രി സ്ഥാനം തന്നെ ശിവസേന ആവശ്യപ്പെടുകയും ചെയ്യും. അതിനും ഒരുപക്ഷെ ബിജെപി തയ്യാറായേക്കും. ഇതെല്ലാം തിരിച്ചറിഞ്ഞു തന്നെയാണ് ദേവേന്ദ്ര ഫട്നാവിസ് ആദിത്യ താക്കറേയ്ക്ക് സീറ്റ് വച്ചു നീട്ടിയതും ബിജെപി കേന്ദ്രനേതൃത്വം അത് അംഗീകരിച്ചതും. കാവി രാഷ്ട്രീയത്തില്‍ വിള്ളല്‍ വീഴുന്നത് തല്ക്കാലം ഒഴിവാക്കുക.. ആ രാഷ്ട്രീയം ഒരുമിച്ചു നിറുത്തുന്ന നേതാവായി ഫട്നാവിസിനെ കൈപിടിച്ചുയര്‍ത്തുക. അതിനാണ് ശ്രമം.
രണ്ടാം വരവ്
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്ഥമാണ് മഹാരാഷ്ട്രയില്‍ ഇത്തവണ പ്രചാരണ രീതി പോലും. കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്നു നായകന്. ഇത്തവണ അത് മാറി.. മോദിക്കൊപ്പം ദേവേന്ദ്ര ഫട്നാവിസുമുണ്ട്. മോദിയും ഫട്നാവിസും അമിത്ഷായും മാത്രമാണ് പോസ്റ്ററുകളില്‍. പ്രചാരണത്തിന് തുടക്കം കുറിച്ചെങ്കിലും മോദിയല്ല ഇത്തവണത്തെ ക്യാപ്റ്റന്‍. ഫട്നാവിസാണ്. ഫട്നാവിസാണ് പ്രചാരണം നയിക്കുന്നത്. പറയുന്നത് വികസനവും. കേന്ദ്രത്തില്‍ മോദിയുടേയും മഹാരാഷ്ട്രയില്‍ തന്റെയും വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് ഫട്നാവിന്റെ പ്രചാരണം. 2024ല്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക എളുപ്പമല്ല. പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍..പക്ഷെ ഇപ്പോള്‍ ഇന്ത്യയില്‍ 2024ലും കടന്ന് ചിന്തിക്കുന്ന ഒരേ ഒരു പാര്‍ട്ടിയേയുള്ളു. അത് ബിജെപിയാണ്. ആ ചിന്തയില്‍ മോദിക്കൊരു പിന്‍ഗാമിയുണ്ട്.. ആ പട്ടികയില്‍ ഇപ്പോള്‍ തലപ്പത്ത് ദേവേന്ദ്ര ഫട്നാവിസ് തന്നെയാണ്.