HOME /NEWS /India / 'ഇങ്ങേര് ശരിക്കും ഐ ഐ ടിയിൽ പഠിച്ചിട്ടുണ്ടോ?'; സിംഗപൂർ വേരിയന്റ് പരാമർശത്തിൽ കെജ്‌രിവാളിനെ ട്രോളി സോഷ്യൽ മീഡിയ

'ഇങ്ങേര് ശരിക്കും ഐ ഐ ടിയിൽ പഠിച്ചിട്ടുണ്ടോ?'; സിംഗപൂർ വേരിയന്റ് പരാമർശത്തിൽ കെജ്‌രിവാളിനെ ട്രോളി സോഷ്യൽ മീഡിയ

അരവിന്ദ് കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍

ഇന്ത്യയിലെ സിംഗപ്പൂര്‍ എംബസിയും കെജ്രിവാളിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു

  • Share this:

    അടുത്തിടെ കോവിഡ് 19-ന്റെ ഒരു സിംഗപ്പൂര്‍ വകഭേദത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ വിവിധ സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സിംഗപ്പൂരില്‍ കണ്ടെത്തിയെന്ന് കരുതപ്പെടുന്ന ഒരു പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരിലേക്കുള്ള യാത്ര നിരോധിക്കണമെന്നും കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    'സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം കുട്ടികളെ അപകടകരമാം വിധം ബാധിക്കുന്നതായി കരുതപ്പെടുന്നു. ഒരു മൂന്നാം തരംഗമായി അത് ഡല്‍ഹിയിലും എത്തിപ്പെട്ടേക്കാം. കേന്ദ്ര സര്‍ക്കാരിനോടുള്ള എന്റെ അഭ്യര്‍ത്ഥനകള്‍ ഇവയാണ്: 1. അടിയന്തിരമായി സിംഗപ്പൂരിലേക്കുള്ള സേവനങ്ങളെല്ലാം നിര്‍ത്തിവെയ്ക്കുക. 2. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകള്‍ക്കായുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക' എന്നായിരുന്നു മെയ് 18-ന് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.

    എന്നാല്‍ വൈകാതെ അദ്ദേഹത്തിന്റെ ട്വീറ്റ് സിംഗപ്പൂര്‍ ഗവണ്‍മെന്റില്‍ നിന്നും ഇന്ത്യയുടെ തന്നെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തുകയായിരുന്നു. കെജ്രിവാള്‍ ഇന്ത്യയ്ക്ക് വേണ്ടിയല്ല സംസാരിക്കുന്നത് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

    'കോവിഡ് 19-നെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരും തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയിലും ഓക്‌സിജന്‍ സപ്ലയര്‍ എന്ന നിലയിലുമുള്ള സിംഗപ്പൂരിന്റെ പങ്ക് പ്രശംസനീയമാണ്. നമ്മളെ സഹായിക്കാനായി മിലിറ്ററി എയര്‍ക്രാഫ്റ്റുകള്‍ വിന്യസിക്കാന്‍ തയ്യാറായ അവരുടെ പ്രവൃത്തി ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം വിളിച്ചോതുന്ന ഒന്നാണ്. കൂടുതല്‍ വ്യക്തമായി വസ്തുതകള്‍ അറിയേണ്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സഹകരണത്തെ നശിപ്പിക്കാന്‍ കാരണമായേക്കും. അതിനാല്‍ ഞാന്‍ വ്യക്താക്കുന്നു: ഡല്‍ഹി മുഖ്യമന്ത്രി ഇന്ത്യയ്ക്ക് വേണ്ടിയല്ല സംസാരിക്കുന്നത്', വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

    കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം കുട്ടികളെ ബാധിക്കുന്നു എന്ന് പറഞ്ഞുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് അവലംബിച്ചാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, B.1.617 എന്ന ആ വൈറസ് വകഭേദം ആദ്യം ഇന്ത്യയിലാണ് കണ്ടെത്തിയത്. വിവിധ സര്‍ക്കാരുകള്‍ ഇതേച്ചൊല്ലി വലിയ വഴക്കുകളിലേക്ക് നീങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ രസകരമായ നിരവധി ട്രോളുകള്‍ പ്രചരിക്കുകയാണ്. അരവിന്ദ് കെജ്രിവാള്‍ ഐ ഐ ടിയില്‍ തന്നെയാണോ പഠിച്ചത് എന്നുവരെ കളിയാക്കിക്കൊണ്ട് ചിലര്‍ ചോദിക്കുന്നു. ഇന്ത്യയിലെ സിംഗപ്പൂര്‍ എംബസിയും കെജ്രിവാളിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് എംബസി വ്യക്തമാക്കി.

    First published:

    Tags: Arvind kejriwal, Covid 19, Social media, Troll