• HOME
 • »
 • NEWS
 • »
 • india
 • »
 • Nitish Kumar | നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? സാധ്യതകൾ എന്തൊക്കെ?

Nitish Kumar | നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? സാധ്യതകൾ എന്തൊക്കെ?

2013 നും 2017 നും ഇടയിലുള്ള കാലഘട്ടത്തിൽ, പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം പിന്തുടരാൻ നിതീഷിന് അവസരമുണ്ടായിരുന്നു. എന്നാൽ 2022 ലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്

നിതീഷ് കുമാർ

നിതീഷ് കുമാർ

 • Last Updated :
 • Share this:
  #സന്തോഷ് ചൗബെ

  2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൂടിയാണ് നിതീഷ് കുമാറിന്റെ (Nitish Kumar) ജനതാദൾ യുണൈറ്റഡ് എൻഡിഎ വിട്ടത്. നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കേണ്ടതുണ്ടെന്ന് ജെഡിയു നേതാക്കൾ പറയുന്നു. പാർട്ടിയുടെ ദേശീയ പാർലമെന്ററി ബോർഡ് പ്രസിഡന്റായ ഉപേന്ദ്ര കുശ്വാഹയും ഇക്കാര്യം തന്റെ ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയിരുന്നു.

  എന്നാൽ, എപ്പോഴും അധികാരസ്ഥാനത്തിരിക്കാൻ താത്പര്യപ്പെടുന്ന, രാഷ്ട്രീയമേഖലയിൽ നിരവധി പതനങ്ങൾ ഉണ്ടായിട്ടുള്ള, യു-ടേണുകളുടെ മാസ്റ്ററായ നിതീഷ് കുമാറിനെ, പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരി​​ഗണിക്കുമോ?

  2013 നും 2017 നും ഇടയിലുള്ള കാലഘട്ടത്തിൽ, പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം പിന്തുടരാൻ നിതീഷിന് അവസരമുണ്ടായിരുന്നു. എന്നാൽ 2022 ലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.

  നിതീഷ് കുമാറിന് മുൻകാലങ്ങളിലെ അവസരങ്ങൾ നഷ്ടപ്പെട്ടത് എങ്ങനെ?

  2013 ജൂണിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയപ്പോൾ നിതീഷ് കുമാർ സഖ്യം വിട്ടു. തൊട്ടടുത്ത വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് വെറും രണ്ട് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2015-ൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ് എന്നിവരുമായി സഖ്യമുണ്ടാക്കി, അദ്ദേഹം പുതിയ രാഷ്ട്രീയ ഇന്നിംഗ്സിന് തുടക്കമിട്ടു. നിതീഷിന്റെ നേതൃത്വത്തിൽ, ജെഡിയു, ആർജെഡി, കോൺഗ്രസ് എന്നിവയുടെ മഹാസഖ്യമായ മഹാഗത്ബന്ധൻ (എംജിബി) 2015-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി.

  ദേശീയതലത്തിൽ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ നിതീഷിന് മുന്നിൽ അവസരങ്ങളുണ്ടായിരുന്നു. നല്ല ഭരണത്തിന് ജനങ്ങൾ അം​ഗീകരിച്ച നേതാവായിട്ടാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. 2005 മുതൽ മുഖ്യമന്ത്രി കസേരയിലുള്ള അദ്ദേഹം ബിജെപിയുടെ എതിർ പാളയത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരനായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജി 2011 മുതൽ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയാണ്. തെലങ്കാന രാഷ്ട്ര സമിതിയുടെ കെ. ചന്ദ്രശേഖർ റാവു 2014 മുതൽ തെലങ്കാന മുഖ്യമന്ത്രിയാണ്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ 2015 മുതൽ ഡൽഹി മുഖ്യമന്ത്രിയാണ്. 2013 ഡിസംബർ മുതൽ 2014 ഫെബ്രുവരി വരെ കെജ്‌രിവാൾ 49 ദിവസത്തേക്ക് ഡൽഹി മുഖ്യമന്ത്രിയും ആയിരുന്നിട്ടുണ്ട്. ജൻ ലോക് പാലിനെതിരായ ബില്ലിൽ പ്രതിഷേധിച്ച് രാജിവെച്ച കേജ്‍രിവാൾ, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്ന് നരേന്ദ്ര മോദിക്കെതിരെ മൽസരിച്ചിരുന്നു. 2000 മുതൽ ഒഡീഷയുടെ മുഖ്യമന്ത്രിയായ നവീൻ പട്‌നായിക് ആണ് ഇക്കൂട്ടത്തിൽ ഏറ്റവും മുതിർന്നയാൾ. പക്ഷേ അദ്ദേഹം ഒരിക്കലും തന്റെ പ്രധാനമന്ത്രി മോഹങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. നല്ല ഭരണത്തിനും ഒഡീഷയിൽ വികസനം കൊണ്ടുവരുന്നതിനും പേരുകേട്ട അദ്ദേഹം എല്ലാ നിയമസഭകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. പല അവസരങ്ങളിലും അദ്ദേഹം എൻഡിഎ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.

  വാഷിംഗ്ടൺ ആസ്ഥാനമായുള്ള ​ഗവേഷണ സ്ഥാപനമായ ബ്രൂക്കിംഗ്സ് പറയുന്നതനുസരിച്ച്, നിതീഷ് തീർച്ചയായും പരി​ഗണിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ നേതാവു തന്നെയാണ്. പലരും ബീഹാറിനെ ഒരു പരാജയപ്പെട്ട സംസ്ഥാനമായി എഴുതിത്തള്ളിയപ്പോൾ, അങ്ങനെയല്ലെന്നു തെളിയിക്കാൻ അദ്ദേഹത്തിനായി.

  2017-ൽ മഹാഗത്ബന്ധൻ സഖ്യം വിടാൻ തീരുമാനിച്ചപ്പോൾ നിതീഷിന് ഒരവസരം നഷ്ടപ്പെട്ടു. ഒരിക്കൽ 'ബീഹാറിലെ ഭീകരൻ' എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ മോചനം, ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരായ അഴിമതിക്കേസുകളുടെ അന്വേഷണം തുടങ്ങി നിരവധി പരാതികൾ നിതീഷിന് ഉണ്ടായിരുന്നു. 2005-ൽ ഷഹാബുദ്ദീൻ അറസ്റ്റിലാവുകയും ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ അദ്ദേഹത്തിനെതിരായ കേസുകൾ പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ച ഷഹാബുദ്ദീൻ ലാലുവുമായി വളരെ അടുപ്പമുള്ളയാളും ആർജെഡിയുടെ ദേശീയ കമ്മിറ്റി അംഗവുമായിരുന്നു.

  ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം നിതീഷ് കുമാറിന് എപ്പോഴും തികഞ്ഞ ബോധ്യമുണ്ടായിരുന്നു. 1990 മുതൽ 2005 വരെയുള്ള 15 വർഷത്തെ ആർജെഡിയുടെ ഭരണത്തെ അദ്ദേഹവും പാർട്ടിയും വിളിച്ചത് 'ജംഗിൾ രാജ്' എന്നാണ്. നിതീഷ് എൻഡിഎയുടെ മുഖ്യമന്ത്രിയായിരുന്ന സമയം, ലാലുവും, ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി യാദവും ചേർന്ന് ബീഹാർ നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

  2015 ലെ നിയമസഭാ തെരഞ്ഞെടുപ്പു സമത്തെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന്റെ (യുപിഎ) തീരുമാനങ്ങളിൽ അദ്ദേഹം എപ്പോഴും അസ്വസ്ഥനായിരുന്നു. തിരഞ്ഞെടുപ്പിൽ മഹാഗത്ബന്ധൻ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി ആർജെഡി ഉയർന്നു വന്നു. പാർട്ടിയെ നയിച്ചിരുന്നതാകട്ടെ, ലാലു പ്രസാദ് യാദവും. ബീഹാറിലെ ഉപമുഖ്യമന്ത്രി ആയിരുന്ന തന്റെ മകൻ തേജസ്വി യാദവിനെ എപ്പോഴും ഉയർത്തിക്കാട്ടാൻ ലാലു ശ്രമിച്ചു. ബീഹാറിനെ സംബന്ധിച്ചിടത്തോളം, ലാലു പ്രസാദ് ആണ് യഥാർത്ഥ മുഖ്യമന്ത്രിയെന്നും നിതീഷ് ആ കസേരയിൽ ഇരിക്കുന്ന ആൾ മാത്രമാണെന്നും ജയിൽ മോചിതനായ ശേഷം ഷഹാബുദ്ദീൻ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.

  ഇത്തരമൊരു സഖ്യത്തിൽ തുടരാൻ നിതീഷ് കുമാറിന് താത്പര്യമുണ്ടായിരുന്നില്ല. തന്റെ മുൻ സഖ്യകക്ഷിയായ ബിജെപിയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. എൻഡിഎയിലേക്ക് മടങ്ങാൻ തീരുമാനിച്ചതോടെ ഭാവി തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത നിതീഷിന് നഷ്ടമായി.

  2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻപത്തേതിലും മോശമായ തിരിച്ചടിയാണ് പ്രതിപക്ഷം നേരിട്ടത്. അതേസമയം, 543 അംഗ ലോക്‌സഭയിൽ ബിജെപിയുടെ സീറ്റുകൾ 282ൽ നിന്ന് 303 ആയി ഉയരുകയും ചെയ്തു. എൻഡിഎയ്ക്ക് 352 സീറ്റുകളാണ് ലഭിച്ചത്, 2014-ലെ തിരഞ്ഞെടുപ്പിനേക്കാൾ 16 കൂടുതൽ. 2019-ൽ 52 സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസിന് നേടാനായത്.

  ബിഹാറിൽ എൻഡിഎയുടെ ഭാഗമായ നിതീഷിന് മികച്ച ഫലം ലഭിച്ചെങ്കിലും മോദി തരംഗത്തിന്റെ പ്രതിഫലനമായിരുന്നു അത്. 40 ലോക്‌സഭാ സീറ്റുകളിൽ 39-ലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചു. യഥാർത്ഥത്തിൽ നിതീഷല്ല, ബിജെപിയാണ് ഇവിടെ 17 സീറ്റുകൾ നേടിയത്. ജെഡിയു 16 സീറ്റുകളും എൻഡിഎയുടെ മറ്റൊരു സഖ്യ കക്ഷിയായ ലോക് ജനശക്തി പാർട്ടി (എൽജെപി) 6 സീറ്റുകളും നേടി.

  രാഷ്ട്രീയ അന്ത്യമോ?

  2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 40-ൽ 31 സീറ്റുകൾ ബി.ജെ.പി. നേടിയപ്പോൾ ജെഡിയുവിന് ലഭിച്ചത് വെറും രണ്ട് സീറ്റുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയേക്കാൾ മികച്ച പ്രകടനം ജെ.ഡി.യു. കാഴ്ചവച്ചെങ്കിലും സ്ഥിതി മാറി. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായിരുന്ന പാർട്ടി ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. ജെഡിയുവിന് 71 സീറ്റുകളാണ് ലഭിച്ചത്. ആർജെഡിക്ക് ലഭിച്ചതാകട്ടെ 80 സീറ്റുകളും.

  2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഇന്ത്യയിലൊട്ടാകെയും മോദി തരംഗത്തിനാണ് സാക്ഷ്യം വഹിച്ചത്. എൻഡിഎയിൽ തിരിച്ചെത്തിയ നിതീഷിന്റെ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ 75 സീറ്റിനേക്കാൾ ഒരു സീറ്റ് കുറവുമായി ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്. അത് വോട്ടു വിഹിതത്തിലും പ്രതിഫലിച്ചു. 115 സീറ്റുകളിൽ മത്സരിച്ച ജെഡിയു 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15.39% വോട്ടുകളാണ് നേടിയത്. 110 സീറ്റുകളിൽ മത്സരിച്ച ബിജെപി 19.46% വോട്ടുകൾ നേടി.

  2010 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് 22.58% വോട്ടുകൾ ലഭിച്ചപ്പോൾ ആർജെഡിക്ക് 18.84% വും ബിജെപിക്ക് 16.49% വുമാണ് ലഭിച്ചത്. എന്നാൽ 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു വോട്ട് വിഹിതത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിക്ക് ലഭിച്ചത് 24.42 ശതമാനം വോട്ടാണ്. ആർ‍ജെഡി 18.35% വും ജെഡിയു16.83% വും വോട്ടു നേടി.

  തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ, നിതീഷ് ഇപ്പോൾ ബീഹാർ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്ന നേതാവല്ല. അതിനാൽ, അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഹങ്ങളെക്കുറിച്ച് പല ചോദ്യങ്ങളും ഉയരാൻ സാധ്യതയുണ്ട്.

  സാധ്യതാ പട്ടികയിലുള്ള മറ്റു നേതാക്കൾ

  പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്ന മൂന്ന് പ്രധാന നേതാക്കളാണ് ഇന്ത്യയിലുള്ളത്. 2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും അനുയോജ്യ മമത ബാനർജിയാണെന്നും അതിനായി പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും തൃണമൂൽ നേതാക്കൾ പറയുന്നു. നിതീഷിൽ നിന്ന് വ്യത്യസ്തമായി, മമതയ്ക്ക് തന്റെ അവകാശവാദത്തെ പിന്തുണയ്ക്കാൻ ശക്തമായ തിരഞ്ഞെടുപ്പ് നേട്ടങ്ങളുടെ പിൻബലമുണ്ട്. എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്.

  കെസിആറിനുമുണ്ട് പ്രധാനമന്ത്രി മോഹങ്ങൾ. പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായ അദ്ദേഹം 2018 മുതൽ ദേശീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്നുണ്ട്. കെസിആറിനെ അടുത്ത പ്രധാനമന്ത്രിയായി കാണാൻ ടിആർഎസ് നേതാക്കൾ ആഗ്രഹിക്കുന്നുമുണ്ട്. നിതീഷ് കുമാറിൽ നിന്ന് വ്യത്യസ്തമായി, ടിഎംസിയെപ്പോലെ ടിആർഎസും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ നേട്ടം സ്വന്തമാക്കിയ പാർട്ടിയാണ്.

  2024-ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ 2022 മാർച്ചിൽ, എക്‌സിറ്റ് പോളുകൾ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ വിജയം പ്രഖ്യാപിച്ചപ്പോൾ, കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് കേജ്‍രിവാൾ എന്നും അദ്ദേഹത്തിന് അടുത്ത പ്രധാനമന്ത്രിയാകാം എന്നും പാർട്ടി വക്താവ് രാഘവ് ഛദ്ദ പറഞ്ഞിരുന്നു. രണ്ടു സംസ്ഥാനങ്ങളിൽ മാത്രം അധികാരമുള്ള ഏക പ്രാദേശിക പാർട്ടിയാണ് എഎപി. ഈ തെരഞ്ഞെടുപ്പുകളിൽ പാർട്ടി തിളങ്ങുന്ന വിജയമാണ് നേടിയത്.

  രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള കോൺഗ്രസ് മോഹങ്ങളാണ് നിതീഷിനു മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ചുരുക്കിപ്പറഞ്ഞാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയായി നിതീഷ് കുമാറിന്റെ പേര് നിർദേശിച്ചാൽ ആ നിർദേശത്തെ അം​ഗീകരിക്കുന്നവർ കുറവായിരിക്കുമെന്ന് വ്യക്തം.
  Published by:user_57
  First published: