അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭീകരവാദവും ഇന്ത്യക്ക് ഭീഷണിയായി തുടരുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ഇന്തോനേഷ്യയിലും മതേതരത്വവും, സാമൂഹിക സൗഹാർദവും വളർത്തുന്നതിൽ മുസ്ലീം പണ്ഡിതരുടെ പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അജിത് ഡോവലിന്റെ പരാമർശം. മുസ്ലീം പണ്ഡിതരുടെ സംഘടനയായ ഉലമയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
”ഇരു രാജ്യങ്ങളും തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഇരകളാണ്. ഇത്തരം വെല്ലുവിളികളെ ഒരു പരിധിവരെ അതിജീവിച്ചെങ്കിലും, അതിർത്തി കടന്നുള്ളതും ഐസിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതുമായ ഭീകരവാദം ഇപ്പോഴും രാജ്യത്തിന് ഭീഷണിയായി തുടരുകയാണ്. തീവ്രവാദത്തെ തടയുന്നതിന് പൗര സമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണ്”, ഡോവൽ കൂട്ടിച്ചേർത്തു. ഒരു ജനാധിപത്യ രാജ്യത്ത് വിദ്വേഷം, മുൻവിധി, കുപ്രചരണം, അക്രമം, സംഘർഷം, മതത്തിന്റെ വിശ്വാസങ്ങളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങൾക്കൊന്നും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഘടനവാദികളുടെ പ്രധാന ലക്ഷ്യം യുവാക്കളാണെന്നും അവരുടെ ഊർജം ശരിയായ ദിശയിൽ ഉപയോഗിക്കുകയാണെങ്കിൽ അവർക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും അജിത്ത് ഡോവൽ പറഞ്ഞു.
സമൂഹത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നവരെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും അവരുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും സർക്കാരുകളും മതസ്ഥാപനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും ഇക്കാര്യത്തിൽ ഉലമക്ക് പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിന്റെ യഥാർത്ഥ ആശയങ്ങളെയും തത്വങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും പുരോഗമന ആശയങ്ങളും ചിന്തകളും പങ്കുവെച്ച് തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലും മുസ്ലീം പണ്ഡിതൻമാർക്ക് സാധിക്കുമെന്നും അജിത് ഡോവൽ പറഞ്ഞു.
”തീവ്രവാദത്തിനെതിരെ നാമെല്ലാവരും ശബ്ദമുയർത്തേണ്ടതുണ്ട്. തീവ്രവാദവും ഭീകരവാദവും ഇസ്ലാമിന്റെ ആശയങ്ങൾക്ക് എതിരാണ്, കാരണം ഇസ്ലാം എന്നാൽ സമാധാനവും ക്ഷേമവുമാണ്. തീവ്രവാദ ശക്തികളോടുള്ള എതിർപ്പിനെ ഏതെങ്കിലും മതത്തോടുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കരുത്”, അദ്ദേഹം കൂട്ടിച്ചേർത്തു. മാനവികതയ്ക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന ഈ മതം നൽകുന്ന യഥാർത്ഥ സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”ഒരാളെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണ് എന്നും ഒരാളെ രക്ഷിക്കുന്നത് മനുഷ്യരാശിയെ രക്ഷിക്കുന്നതിന് തുല്യമാണ് എന്നുമാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത് ”, എന്നും അജിത് ഡോവൽ കൂട്ടിച്ചേർത്തു.
Also Read-ബൽകീസ് ബാനു സുപ്രീംകോടതിയിൽ; കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ
ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ പ്രതിസന്ധി, മഹാമാരി, അഴിമതി, തൊഴിലില്ലായ്മ, സായുധ സംഘട്ടനങ്ങൾ, സാമ്പത്തിക അസമത്വം, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ പല വെല്ലുവിളികളും ലോകം നേരിടുന്നുണ്ട് എന്ന കാര്യവും അജിത് ഡോവൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. ലോകം ഇത്തരം പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോൾ ഈ മതങ്ങളെല്ലാം എവിടെയാണ് എന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.