ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ വിക്ഷേപണത്തിന് പിന്നാലെ ആശങ്ക. ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടന്നാണ് വിവരം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഇസ്രോ അധികൃതര്‍ അറിയിച്ചു.വിക്ഷേപണത്തിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി നടന്നിരുന്നു. നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) എന്തോ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഉപഗ്രഹവുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
'എസ്എസ്എല്‍വിയുടെ ആദ്യ യാത്ര പൂര്‍ത്തിയായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ നടന്നു. അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും', ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു
SSLV-D1/EOS-02 Mission: Maiden flight of SSLV is completed. All stages performed as expected. Data loss is observed during the terminal stage. It is being analysed. Will be updated soon.
— ISRO (@isro) August 7, 2022
ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയില്‍ നിന്നാണ് SSLV- D1 കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും (EOS- 2) രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ നിർമിച്ച ആസാദി സാറ്റുമാണ് (AzaadiSAT) SSLV- D1ന്‍റെ ആദ്യ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.
ഭൂമധ്യരേഖയിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള, ലോവർ എർത്ത് ഓർബിറ്റിലും സൺസിംക്രനൈസ് ഓർബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് SSLV-D1 പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. 500 കിലോമീറ്റർ ദൂരപരിധിയിൽ 500 കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിക്കും. പിഎസ്എൽവിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.
'സ്പേസ് കിഡ്' പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ആസാദി സാറ്റാണ് വിക്ഷേപണത്തിലെ പ്രധാന പെലോഡുകളില്‍ ഒന്ന്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെൽഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.