• HOME
  • »
  • NEWS
  • »
  • india
  • »
  • ഐടി കമ്പനി മേധാവിയായ യുവതി പ്രഭാതനടത്തത്തിനിടെ കാറിടിച്ച് മരിച്ചു

ഐടി കമ്പനി മേധാവിയായ യുവതി പ്രഭാതനടത്തത്തിനിടെ കാറിടിച്ച് മരിച്ചു

അമിതവേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയും ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു

  • Share this:

    മുംബൈ: അമിതവേഗതയിൽ വന്ന കാർ ഇടിച്ച് ഐടി സ്ഥാപനത്തിന്‍റെ സിഇഒയായ യുവതി മരിച്ചു. മുംബൈയ്ക്കടുത്ത് വർളിയിൽവെച്ചാണ് പ്രഭാത നടത്തത്തിനിടെ ഐടി സ്ഥാപന മേധാവിയായ രാജലക്ഷ്മി രാം കൃഷ്ണൻ എന്ന യുവതി മരിച്ചത്. ഇവർക്ക് 38 വയസായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

    ഒരു ടെക്‌നോളജി കമ്പനിയുടെ സിഇഒ ആയിരുന്ന രാജലക്ഷ്മി എല്ലാ ദിവസവും രാവിലെ നടക്കാനും വ്യായാമത്തിനുമായി മുംബൈയിലെ ശിവാജി പാർക്കിൽ എത്താറുണ്ട്. ഇവിടുത്തെ പ്രശസ്തമായ ഒരു ഫിറ്റ്നസ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അവൾ. പതിവുപോലെ ഇന്നും രാവിലെ ശിവാജി പാർക്കിലേക്ക് വരുമ്പോഴാണ് രാജലക്ഷ്മിയെ കാറിടിച്ച് തെറിപ്പിച്ചത്.

    വോർളി-ബാന്ദ്ര സീലിങ്കിൽ നിന്ന് ഏതാനും മീറ്റർ അകലെ വോർലി സീഫേസിലെ വോർലി ഡയറിക്ക് സമീപം ഞായറാഴ്ച രാവിലെ 6:30 ഓടെയാണ് അപകടം നടന്നതെന്ന് വർളി പോലീസ് പറഞ്ഞു.

    കാർ ഓടിച്ചിരുന്നത് 23 കാരനായ സുമർ മർച്ചന്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ സുമർ മർച്ചന്റിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. രാജലക്ഷ്മിയുടെ തലയ്ക്കും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    അപകടമുണ്ടാക്കിയ ടാറ്റ നെക്‌സോൺ ഇവി കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ് എഎൻഐ പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാകുന്നുണ്ട്. “വേഗതയിൽ വന്ന കാർ പിന്നിൽ നിന്ന് ഇരയെ ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ രാജലക്ഷ്മി ഏറെ ദൂരത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

    Published by:Anuraj GR
    First published: