ഹൈദരാബാദ്: രാജ്യത്ത്കൂടുതൽ യുവതികൾ ബഹിരാകാശ, വ്യോമയാന മേഖലകളിൽ കരിയർ തിരഞ്ഞെടുക്കണമെന്ന് ഇന്ത്യൻ വിമൻ പൈലറ്റ് അസോസിയേഷൻ (IWPA) ആഹ്വാനം ചെയ്തു. ബഹിരാകാശ, വ്യോമയാന മേഖലകളിൽ സ്ത്രീകൾക്ക് തൊഴിലധിഷ്ഠിത മാർഗനിർദേശങ്ങൾ നൽകുന്നതിന് സംഘടിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും ഞായറാഴ്ച സമാപിച്ച 'വിംഗ്സ് ഇന്ത്യ 2022' പരിപാടിയിൽ ഐഡബ്ല്യുപിഎ അംഗങ്ങൾ പറഞ്ഞു.
ഇന്ത്യയിൽ ആകെ 17,726 രജിസ്റ്റർ ചെയ്ത പൈലറ്റുമാരുണ്ട്. അതിൽ 15 ശതമാനം അല്ലെങ്കിൽ 2,764 പേർ സ്ത്രീകളാണ്. അതേസമയം ആഗോള തലത്തിൽ വനിതാ പൈലറ്റുമാരുടെ എണ്ണം വെറും 5 ശതമാനം മാത്രമാണ്.
ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വനിതാ പൈലറ്റുമാരുടെ എണ്ണം കൂടുതലാണെങ്കിലും കൂടുതൽ സ്ത്രീകൾക്ക് ഈ മേഖല തിരഞ്ഞെടുക്കാൻ ഇനിയും ധാരാളം അവസരമുണ്ടെന്ന് ഐഡബ്ല്യൂപിഎ ഹൈദരാബാദ് ചാപ്റ്റർ ഇൻ-ചാർജ് ക്യാപ്റ്റൻ സപ്ന പട്ടേൽ ചൂണ്ടിക്കാട്ടി. “ഇന്നത്തെ കാലത്ത് സ്ത്രീകൾ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വ്യോമയാന മേഖലയിലും ബഹിരാകാശ രംഗത്തും കൂടുതൽ സ്ത്രീകൾ എത്തുന്നതിനുള്ള ബോധവത്ക്കരണവും തൊഴിലധിഷ്ഠിത മാർഗനിർദേശങ്ങളും അവർക്ക് നൽകണം” സപ്ന പട്ടേൽ പറഞ്ഞു.
“ഏവിയേഷൻ മേഖലയിലേക്ക് കൂടുതൽ സ്ത്രീകളുടെ പ്രവേശനം ഉറപ്പാക്കുന്നതിന്, വ്യോമയാന മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും ബന്ധപ്പെട്ട അധികൃതർക്കും ഇടയിലുള്ള ഒരു മാധ്യമമായി ഐഡബ്ല്യൂപിഎ പ്രവർത്തിക്കുന്നു“ ക്യാപ്റ്റൻ സപ്ന പട്ടേൽ പറഞ്ഞു. “ഇതുവരെ വ്യോമയാന കരിയർ ആരംഭിച്ചിട്ടില്ലെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും ഐഡബ്ല്യൂപിഎയിൽ ചേരുകയും ഇതിലെ അംഗങ്ങളുടെ അനുഭവങ്ങൾ മനസ്സിലാക്കാനും വ്യോമയാന മേഖലയിൽ വിജയകരമായ കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള സഹായവും മാർഗനിർദേശങ്ങളും തേടാനും സാധിക്കും” സപ്ന കൂട്ടിച്ചേർത്തു.
വനിതാ പൈലറ്റുമാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഐഡബ്ല്യൂപിഎ നൂതന പരിശീലനത്തിനായി അർഹരായ വ്യക്തികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. "ഞങ്ങൾ പെൺകുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നു. കാരണം നമ്മുടെ സമൂഹത്തിൽ കുടുംബങ്ങൾ ഇത്തരം മേഖലകൾ തിരഞ്ഞെടുക്കാൻ സ്ത്രീകളെ പൊതുവെ അനുവദിക്കാറില്ല" അവർ കൂട്ടിച്ചേർത്തു.
വിംഗ്സ് ഇന്ത്യ 2022 സമാപനം
ബീഗംപേട്ട് പഴയ വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവും എഫ്ഐസിസിഐയും (FICCI) സംയുക്തമായി സംഘടിപ്പിച്ച നാല് ദിവസത്തെ സിവിൽ ഏവിയേഷൻ ഷോ ആയ 'വിംഗ്സ് ഇന്ത്യ 2022' ഞായറാഴ്ച സമാപിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 125 എക്സിബിറ്റർമാരെ പ്രദർശിപ്പിച്ച എയർ ഷോയിൽ 5,000 ബിസിനസ് പ്രതിനിധികളും 60,000 പൊതു സന്ദർശകരും പങ്കെടുത്തതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഏവിയേഷൻ ഷോ ഈ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ബിസിനസ്സ് പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഈ മേഖല സൂക്ഷ്മമായി വീക്ഷിക്കാനുള്ള അവസരം കൂടിയാണ് നൽകിയത്. വ്യോമയാന പ്രദർശനത്തിൽ ഐഎഎഫിന്റെ സാരംഗ് ടീമിന്റെ ഹെലികോപ്റ്റർ അക്രോബാറ്റിക്സും പ്രദർശിപ്പിച്ചിരുന്നു.
Summary: Indian Women Pilot Association (IWPA) urged more women to take interest in aviation jobs
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.