കൊൽക്കത്ത: പുതിയ അധ്യയന വർഷത്തിൽ പ്രവേശനത്തിനുള്ള നിബന്ധനകൾ പരിഷ്കരിച്ച് ജാദവ്പുർ യൂണിവേഴ്സിറ്റി. പുതിയതായി എത്തുന്ന കുട്ടികൾ ക്യാംപസിനുള്ളിലോ ഹോസ്റ്റലുകളിലോ മദ്യമാ മറ്റേതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളെ ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകണമെന്നാണ് പുതിയ നിർദേശം. ഈ നിബന്ധന പാലിക്കുമെന്ന് വിദ്യാർഥികൾ സമ്മതപത്രം ഒപ്പിട്ടു നൽകണം.
യൂണിവേഴ്സിറ്റിയിൽ ആർട്സ്, സയൻസ്, എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഈ ആഴ്ച ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് പുതിയ പരിഷ്കരണം. മൂന്ന് സ്ട്രീമുകളിലും പ്രവേശനത്തിനെത്തുന്ന കുട്ടികൾ നിർബന്ധമായും സമ്മതപത്രം ഒപ്പിട്ട് നല്‍കണമെന്നാണ് എഞ്ചിനിയറിംഗ് വിഭാഗം ഡീൻ പ്രൊഫ.ചിരഞ്ജീബ് ഭട്ടചാര്യ അറിയിച്ചിരിക്കുന്നത്.
അതേസമയം നിബന്ധന ലംഘിക്കുന്ന വിദ്യാർഥികൾക്ക് ശിക്ഷാ നടപടികൾ എന്താണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇത്തരം നിബന്ധനകൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു എന്നാണ് പുതിയ പരിഷ്കാരത്തെപ്പറ്റി യൂണിവേഴ്സിറ്റി അധികൃതർ നൽകുന്ന വിശദീകരണം.
കോളേജ് ക്യാംപസിലും ഹോസ്റ്റലുകളിലും മദ്യ-ലഹരിപദാർഥങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ഇത്തരമൊരു നീക്കം നടപ്പിലാക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ പുതിയ നീക്കത്തെ വിദ്യാർഥികളും അധ്യാപകരും സ്വാഗതം ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.