അമരാവതി: രാജ്യത്ത് ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിനു പിന്നാലെ ചരിത്രപരമായ തീരുമാനവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. ആഭ്യന്തര മന്ത്രിയായി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതയെ നിയമിച്ചാണ് ജഗന് ചരിത്രം സൃഷ്ടിച്ചത്. ഗുണ്ടൂര്‍ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ പ്രതിപഡുവില്നിന്നുള്ള മെകത്തൊടി സുചരിതയാണ് ആഭ്യന്തര മന്ത്രി. ഇവര്‍ക്കൊപ്പം 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയായി വനിതയെ നിയമിച്ചിരുന്നു. ഇതു തന്നെയാണ് ജഗനും ഇപ്പോള്‍ പിന്തുടര്ന്നിരിക്കുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി. സബിത ഇന്ദ്ര റെഡ്ഡി ഇപ്പോള്‍ ടി.ആര്.എസ് എം.എല്‍.എയാണ്.
ഉപമുഖ്യമന്ത്രിമാരായി നിയമിതരായ അഞ്ചു പേര്‍ക്കും സുപ്രധാന വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. പമുല പുഷ്പ ശ്രീവാണി, പിള്ളി സുഭാഷ് ചന്ദ്ര ബോസ്, കാളി കൃഷ്ണ ശ്രീനിവാസ്, കെ. നാരായണ സ്വാമി, അംജദ് ബാഷ ശൈഖ് ബിപാരി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. സുചരിതയടക്കം മൂന്ന് വനിത മന്ത്രിമാരാണ് ജഗന് മന്ത്രിസഭയിലുള്ളത്.
പിന്നാക്ക വിഭാഗങ്ങളിലെ ഏഴുപേര്‍, പട്ടികജാതി വിഭാഗത്തില്‍നിന്ന് അഞ്ച്, കാപു, റെഡ്ഡി സമുദായങ്ങളില്‍നിന്ന് നാലു വീതം, പട്ടികവര്‍ഗം-മുസ്ലിം വിഭാഗങ്ങളില്‍നിന്ന് ഒരാളെ വീതവും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
175ല്‍ 151 സീറ്റുനേടി വന്‍ ഭൂരിപക്ഷത്തിലാണ് വൈ.എസ്.ആര് കോണ്‍ഗ്രസ് അധികാരത്തിലെത്തയത്. 25 അംഗ ലോക്സഭയില്‍ 22 സീറ്റും വൈ.എസ്.ആര് കോണ്‍ഗ്രസ് നേടി. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി 30 മാസത്തിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗന് പ്രഖ്യാപിച്ചിട്ടുണ്ട്.
അധികാരത്തില്‍ എത്തിയതിനു പിന്നാലെ ആശ വര്‍ക്കര്‍മാരുടെ ശമ്പളം 3000ല്‍ നിന്ന് 10,000 ആക്കിയിരുന്നു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കുന്നതിനൊപ്പം കോണ്‍ട്രിബ്യൂട്ടറി പെന്ഷന് സംവിധാനം പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read ആന്ധ്രാ മുഖ്യമന്ത്രിയായി ജഗൻ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Jagan Mohan Reddy, ജഗൻ മോഹൻ റെഡ്ഡി