• HOME
 • »
 • NEWS
 • »
 • india
 • »
 • Jagdeep Dhankhar | ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും

Jagdeep Dhankhar | ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും

ഞായറാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം വോട്ട് നേടിയാണ് ധന്‍കര്‍ വിജയിച്ചത്. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്

 • Last Updated :
 • Share this:
  ജഗ്ദീപ് ധന്‍കര്‍ (jagdeep dhankhar) ഇന്ന് ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി (vice president) സത്യപ്രതിജ്ഞ (oath) ചെയ്യും. ഇന്ന് 12.30ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു (draupati murmu) സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ (m venkaiah naidu) കാലാവധി ഇന്ന് അവസാനിക്കുകയാണ്. രാജ്യസഭയുടെ (rajya sabha) അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.

  ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചൊവ്വാഴ്ച നായിഡുവിനെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ധന്‍കറിനെയും അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. നായിഡുവും ബിര്‍ളയും ദേശീയ താല്‍പ്പര്യങ്ങളെക്കുറിച്ചും പാര്‍ലമെന്ററി കാര്യങ്ങളും സംബന്ധിച്ച കാഴ്ചപ്പാടുകളും അനുഭവങ്ങളും നിയുക്ത ഉപരാഷ്ട്രപതി ധൻകറുമായി പങ്കിട്ടതായി ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

  ഞായറാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം വോട്ട് നേടിയാണ് ധന്‍കര്‍ വിജയിച്ചത്. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്. ബിജെപി നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുടെ 182 വോട്ടിനെതിരെ 528 വോട്ടുകളാണ് ധന്‍കര്‍ സ്വന്തമാക്കിയത്.

  തെരഞ്ഞെടുപ്പ് നടന്ന തൊട്ടടുത്ത ദിവസം, ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ധൻകറിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ഇലക്ഷന്‍ കമ്മീഷന്‍ അദ്ദേഹത്തിന് കൈമാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെച്ചു.

  സര്‍ട്ടിഫിക്കറ്റിന്റെ ഒപ്പിട്ട പകര്‍പ്പ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിയതായി പോള്‍ പാനല്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വായിക്കും.

  സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കഴിഞ്ഞ ആഴ്ച വിപി സെക്രട്ടറിയേറ്റ്, രാജ്യസഭ സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാരുടെ സംഘത്തിനും തനിയ്ക്ക് വേണ്ടി ചുമതലകള്‍ വഹിച്ച വ്യോമസേനാ ജീവനക്കാര്‍ക്കും ചായ സല്‍ക്കാരങ്ങള്‍ നടത്തിയിരുന്നു. നായിഡുവിന് വളരെ വികാരനിര്‍ഭരമായ യാത്ര അയപ്പാണ് ചടങ്ങില്‍ പങ്കെടുത്ത അംഗങ്ങള്‍ നല്‍കിയത്. ഉപരാഷ്ട്രപതിയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകളും അവര്‍ പങ്കുവെച്ചു.

  അതേസമയം, രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18നാണ് പുതിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ജനിച്ചത്. ജയ്പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ബിരുദവും ജയ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. 1979 നവംബറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ജനതാദള്‍ സ്ഥാനാര്‍ഥിയായി 1989ല്‍ രാജസ്ഥാനില്‍ നിന്നു പാര്‍ലമെന്റില്‍ എത്തി.

  1990ല്‍ കേന്ദ്രമന്ത്രിയായി. 1993ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1993-98 കാലഘട്ടത്തില്‍ രാജസ്ഥാനിലെ കിഷന്‍ഗറില്‍നിന്നു നിയമസഭയിലെത്തി. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ലാണ് ജഗ്ദീപ് ധന്‍കറിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചിരുന്നു. ഭാര്യ: സുദേഷ ധന്‍കര്‍. ഒരു മകളുണ്ട്

  'സാലറീസ് ആന്റ് അലവന്‍സസ് ഓഫ് പാര്‍ലമെന്റ് ഓഫീസേഴ്സ് ആക്ട് 1953' അനുസരിച്ചാണ് ഉപരാഷ്ട്രപതിയുടെ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. സ്പീക്കറുടെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുകയായിരിക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുക. കാരണം, ഉപരാഷ്ട്രപതി രാജ്യസഭ അദ്ധ്യക്ഷന്‍ കൂടിയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് ലക്ഷം രൂപയാണ് പ്രതിമാസം ഉപരാഷ്ട്രപതിയുടെ ശമ്പളം.
  Published by:Anuraj GR
  First published: