• HOME
  • »
  • NEWS
  • »
  • india
  • »
  • Anubrata Mondal | അഴിമതിക്കേസിൽ ജയിലിലാകും മുമ്പ് തൃണമൂൽ നേതാവിന്റെ ഒരു കോടി ലോട്ടറിയിൽ CBI അന്വേഷണം

Anubrata Mondal | അഴിമതിക്കേസിൽ ജയിലിലാകും മുമ്പ് തൃണമൂൽ നേതാവിന്റെ ഒരു കോടി ലോട്ടറിയിൽ CBI അന്വേഷണം

നിലവിൽ പശുക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന മൊണ്ടാലിന് നേരത്തെ ഒരു കോടി രൂപ ലോട്ടറി അടിച്ചുവെന്നത് സംശയകരമായാണ് കാണുന്നത്

  • Share this:
    അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പശ്ചിമ ബംഗാളിലെ തൃണമുൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടാലിനെതിരെ പുതിയ അന്വേഷണം. ബിർഭൂമിൽ നിന്നുള്ള നേതാവായ മൊണ്ടാലിന് പോലീസ് കസ്റ്റഡിയിൽ ആവുന്നതിന് മുമ്പ് ഈ വർഷം ജനുവരിയിൽ ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ അന്വേഷണം. മൊണ്ടാലിന് ലോട്ടറി നൽകിയെന്ന് കരുതപ്പെടുന്ന കടയുടമ ബാപി ഗംഗോപാധ്യായയെ ബുധനാഴ്ച (നവംബർ 2) ചോദ്യം ചെയ്യുന്നതിനായി സിബിഐ ഉദ്യോഗസ്ഥ‍ർ നിസാം പാലസിലേക്ക് വിളിപ്പിച്ചു.

    നിലവിൽ പശുക്കടത്ത് കേസിൽ ജയിലിൽ കഴിയുകയാണ് മൊണ്ടാൽ. കേസ് അന്വേഷിക്കുന്നതിനിടെയാണ് സിബിഐ അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കിയത്. അതിനിടയിലാണ് ഒരു കോടി രൂപ ലോട്ടറി അടിച്ചുവെന്ന് മനസ്സിലായത്.

    ബോൽപൂരിലുള്ള ഗാംഗുലി ലോട്ടറി എന്ന കടയിൽ നിന്നാണ് മൊണ്ടാലിന് ലോട്ടറി ടിക്കറ്റ് ലഭിച്ചതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. അനുബ്രത മൊണ്ടാൽ സ്വയം ടിക്കറ്റ് വാങ്ങിയതാണോ അതോ ആരെങ്കിലും മുഖേനയാണോ ടിക്കറ്റ് വാങ്ങിയതെന്ന് ഏജന്റിനോട് ചോദിച്ചതായി സിബിഐ പറഞ്ഞു. കൂടാതെ, അനുബ്രതക്ക് മുമ്പ് എപ്പോഴെങ്കിലും ലോട്ടറി അടിച്ചിട്ടുണ്ടോ എന്നും സിബിഐ ലോട്ടറിക്കട ഉടമയോട് ചോദിച്ചു.

    കന്നുകാലി കടത്തിൻെറ ഭാഗമായോ കള്ളപ്പണം വെളുപ്പിക്കുന്നതിനോ വേണ്ടിയാവണം ആ ലോട്ടറി ഉപയോഗപ്പെടുത്തിയതെന്നാണ് സിബിഐ അനുമാനിക്കുന്നത്. അനുബ്രത ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും ഒരു പ്രമുഖ കമ്പനിയുടെ ലോട്ടറി അടിക്കുന്നുവെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ പരാതിപ്പെട്ടിരുന്നു. ഈ വിഷയം ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഐയുടെ അന്വേഷണം ശക്തമാക്കിയത്.

    അതേസമയം, അനുബ്രതയുടെ അടുത്ത സഹചാരികളിൽ ഒരാളായ അതനു മജുംദാറിനെയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിരുന്നു. ഏറെക്കാലമായി ബന്ധമുള്ള ആളുകളാണ് അതനുവും അനുബ്രതയും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ അറിയാനാണ് സിബിഐ ഇപ്പോൾ ശ്രമിക്കുന്നത്.

    മൊണ്ടാൽ പിടിയിലായതിന് ശേഷം പശുക്കടത്ത് റാക്കറ്റുകളെ പിടികൂടുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടന്നിരുന്നു. ഇതോടെ ബംഗാളിലെ പശു വ്യവസായം മൊത്തത്തിൽ പ്രതിസന്ധിയിൽ ആയിരുന്നു. പശുക്കളുടെ ഇറക്കുമതിയും കുറഞ്ഞു. ബിർബും മുതൽ മുർഷിദാബാദ് വരെ നീണ്ടുകിടക്കുന്നതാണ് പശുക്കടത്തെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. അനുബ്രത മൊണ്ടാലിന്റെ ബോഡിഗാർഡ് സെഗൾ ഹുസൈനും പശുക്കടത്തിൽ വലിയ പങ്കുണ്ടെന്നാണ് സിബിഐയുടെ അനുമാനം.

    ബിർഭും മുതൽ ഈസ്റ്റ് ബർധ്വാൻ വരെയുള്ള പശു വിപണികളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പാചുണ്ടിയിലെ മാർക്കറ്റിൽ നിന്ന് പുഴ മാർഗവും റോഡ് മാർഗവും പശുക്കടത്ത് നടക്കുന്നുണ്ടെന്ന് റെയ്ഡിൽ വ്യക്തമായി. കെട്ടുഗ്രാം, ബിർഭും മാർക്കറ്റുകളിലും പശുക്കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. അനുബ്രതയുടെ മകൾ സുകന്യ മൊണ്ടാലിന് യോഗ്യതാ പരീക്ഷ പാസ്സാവാതെ അധ്യാപികയായി ജോലി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അഴിമതി നടന്നിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: