പതിനഞ്ച് 'അമുസ്‌ലിം വിദ്യാർത്ഥികളെ പരാജയപ്പെടുത്തി' എന്ന് ജാമിയ മില്ലിയ ഇസ്ലാമിയ പ്രൊഫസർ പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദത്തിലേക്ക്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യാനും അന്വേഷണത്തിന് ഉത്തരവിടാനും സർവകലാശാല തീരുമാനിച്ചു. പ്രൊഫസർ അബ്രാർ അഹമ്മദിനെയാണ് സസ്‌പെൻഡ് ചെയ്തത്.
തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പൗരത്വ (ഭേദഗതി) നിയമപ്രകാരം (സിഎഎ) ന്യൂനപക്ഷങ്ങളെ എങ്ങനെ "ടാർഗെറ്റുചെയ്യുന്നു" എന്നതിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യമായിട്ടാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ഇയാൾ പറഞ്ഞു.
വിവാദമായതോടെ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
സാമുദായിക ഭിന്നത സൃഷ്‌ടിച്ചതിന് അഹമ്മദിനെ സസ്‌പെൻഡ് ചെയ്തതായി ജാമിയ സർവകലാശാല അറിയിച്ചു.
"മുസ്ലീം ഇതര വിദ്യാർത്ഥികളെ ഒരു പരീക്ഷയിൽ പരാജയപ്പെടുത്തിയെന്ന് ജാമിയ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബ്രാർ അഹ്മദ് ട്വീറ്റ് ചെയ്തു. ചട്ടപ്രകാരം ഇത് സാമുദായിക ഭിന്നത സൃഷ്‌ടിക്കുന്ന രീതിയിലാണ്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നു." ജാമിയ സർവകലാശാല ട്വീറ്റിലൂടെ വ്യക്തമാക്കി.
തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചതായും തെറ്റിദ്ധരിക്കപ്പെട്ടതായും ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അഹമ്മദ് പറഞ്ഞു.
"ന്യൂനപക്ഷങ്ങളെ സിഎഎ ലക്ഷ്യമിടുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നതിനുള്ള ഒരു ആക്ഷേപഹാസ്യം, പാരഡി മാത്രമാണത്. ന്യൂനപക്ഷ വിദ്യാർത്ഥികളെയെല്ലാം പരാജയപ്പെടുത്തിയെന്നും അവർ വീണ്ടും പരീക്ഷക്കിരിക്കണമെന്നും പറയുന്നത് ഒരു അധ്യാപകനെന്ന നിലയിൽ മോശമാണ്," അദ്ദേഹം പറഞ്ഞു.
ഈ സെഷനിൽ ഒരുപാട് പരീക്ഷകൾ കഴിഞ്ഞുവെന്നും, കഴിഞ്ഞ സെമസ്റ്ററിൽ എല്ലാവരും പാസ് ആയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വിവേചനപരമായി പ്രവർത്തിച്ചുവെന്ന പേരിൽ തനിക്കെതിരെ 12 വർഷങ്ങളായി വിദ്യാർഥികൾ ആരും തന്നെ പരാതിപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിൽ എല്ലാം കലങ്ങിത്തെളിയുമെന്ന് വിശ്വാസമുണ്ടെന്നും പ്രൊഫസർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.