ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും റോഡിൽ ചുമരെഴുത്തുമായി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ. കാമ്പസിനു മുന്നിലെ റോഡിലാണ് വിദ്യാർഥികൾ ചുമരെഴുത്ത് നടത്തിയത്. അതേസമയം, പ്രതിഷേധം 21ആം ദിവസത്തിലേക്ക് കടന്നു.
അതേസമയം, എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നതിന് റോഡരികിൽ തന്നെ 'വിപ്ലവത്തിന്‍റെ സ്കൂളും' ആരംഭിച്ചിട്ടുണ്ട്. ജാമിയ നഗറിലെ പ്രദേശവാസികൾക്ക് ഒപ്പം ചേർന്നാണ് കാമ്പസിനു പുറത്ത് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക', 'നോ സിഎഎ, നോ എൻആർസി', 'എന്‍റെ രാജ്യം, എന്‍റെ ഭരണഘടന' എന്നീ മുദ്രാവാക്യങ്ങളാണ് റോഡിൽ എഴുതിയിരിക്കുന്നത്. ഒപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കാരിക്കേച്ചറുകളും ഉണ്ട്.
ഇതിനിടെ, അഞ്ച് വിദ്യാർഥികൾ വ്യാഴാഴ്ച അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുക എന്ന ആവശ്യവുമായി ജാമിയ അധ്യാപക അസോസിയേഷൻ പ്രതിഷേധത്തിനിടെ പ്രതിജ്ഞ ചെയ്തു. ആക്ടിവിസ്റ്റായ സൊഹൈൽ ഹഷ്മി, തിയറ്റർ ആർട്ടിസ്റ്റായ എം.കെ റെയിന എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.