നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കശ്മീർ: ശ്രീനഗറിൽ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനവും വെടിവയ്പ്പും, ആളപായമില്ല

  ജമ്മു കശ്മീർ: ശ്രീനഗറിൽ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനവും വെടിവയ്പ്പും, ആളപായമില്ല

  പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സ്ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും സമീപവാസികൾ പറഞ്ഞു.

  kashmir-unrest

  kashmir-unrest

  • Share this:
   ശ്രീനഗറിലെ നൗഹട്ട മേഖലയിൽ ജാമിയ മസ്ജിദിന് സമീപം സ്ഫോടനം. സ്ഫോടനത്തിലും തുടർന്നുണ്ടായ വെടിവയ്പ്പിലും ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് കാരണം ഐ ഇ ഡി (Improvised Explosive Device) ആണെന്നാണ് സംശയിക്കുന്നത്. ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്.

   പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സ്ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും സമീപവാസികൾ പറഞ്ഞു. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

   ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ ഭരണഘടനാനുച്ഛേദമായിരുന്നു. എന്നാൽ 2019 ആഗസ്റ്റ് 5 ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നു. ഇതിനെ തുടർന്ന് ഉടനടി രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ഇതോടെ ലഡാക്ക്‌, ജമ്മു കാശ്‌മീർ എന്നീ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളായി സംസ്ഥാനം മാറി.

   ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A യും ഇല്ലാതായി. 1952 ൽ ന്യൂഡൽഹിയും ശ്രീനഗറും തമ്മിൽ ഉണ്ടാക്കിയ കരാറാണ് ആർട്ടിക്കിൾ 35 എ. 1954 ലെ പ്രസിഡന്റ് ഉത്തരവിലൂടെ ഇത് ഭരണഘടനയിൽ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിര താമസക്കാർ ഒഴികെ മറ്റാർക്കും സംസ്ഥാനത്ത് സ്ഥിരമായി താമസമാക്കാനോ സ്ഥാവര വസ്‌തുക്കൾ നേടാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല. സർക്കാർ ജോലികൾ, സ്കോളർഷിപ്പുകൾ, മറ്റ് സഹായങ്ങൾ എന്നിവ സ്ഥിര താമസക്കാർക്ക് മാത്രമെ ലഭിക്കുകയുള്ളു.

   കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കേന്ദ്രം കശ്മീരിന്റെ അമിത അധികാരം റദ്ദ് ചെയ്തത്. അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നായ ഇന്നലെ, ബിജെപിയുടെ ‘നയാ കശ്മീരിർ’ ഒരു തമാശയാണെന്ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) വ്യക്തമാക്കിയിരുന്നു.

   ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് പാക്കിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്.

   ജമ്മു കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാസം മുമ്പ് രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ നദീം അബ്രാർ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പാക് സ്വദേശിയായ മറ്റൊരു ഭീകരനും ഇയാൾക്കൊപ്പം വധിക്കപ്പെട്ടിട്ടുണ്ട്. മലൂറ പരിമ്പോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
   Published by:Anuraj GR
   First published:
   )}