HOME » NEWS » India » JESUIT PRIEST AND ACTIVIST STAN SAMI DIES AT 84

ജസ്വിറ്റ് പുരോഹിതനും ആക്റ്റിവിസ്റ്റുമായ സ്റ്റാൻ സാമി മരിച്ചതായി അഭിഭാഷകൻ

എൽഗാർ പരിഷത്ത് സംഗമത്തിനെ തുടർന്ന് അറസ്റ്റിലായ സാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു മരണം

News18 Malayalam | news18-malayalam
Updated: July 5, 2021, 3:44 PM IST
ജസ്വിറ്റ് പുരോഹിതനും ആക്റ്റിവിസ്റ്റുമായ സ്റ്റാൻ സാമി മരിച്ചതായി അഭിഭാഷകൻ
stan_swamy
  • Share this:
മുംബൈ: ജസ്വിറ്റ് പുരോഹിതനും ആക്റ്റിവിസ്റ്റുമായ സ്റ്റാൻ സാമി മരിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമിയുടെ അഭിഭാഷകൻ ഡോ . ഡിസൂസ ബോംബെ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. പൂനെയിലെ കൊറേഗാവിൽ നടന്ന എൽഗാർ പരിഷത്ത് സംഗമത്തിനിടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു മരണം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സാമിയുടെ മരണം സംഭവിച്ചതെന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രി ഡോക്ടർമാർ അറിയിച്ചതായി അഭിഭാഷകൻ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി.

സ്റ്റാൻ സാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജയിൽ വാസത്തിനിടെ സാമിയ്ക്ക് കോവിഡ് 19 ബാധിച്ചിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ച കോടതി ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് മെയ് 30 ന് സാമിയെ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില കൂടുതൽ വഷളായതോടെ കഴിഞ്ഞ ദിവസമാണ് സ്റ്റാൻ സാമിയെ ഐസിയുവിലേക്ക് മാറ്റിയത്. സാമിയുടെ ശരീരതതിലെ ഓക്സിജന്‍റ് അളവ് താഴ്ന്നതോടെ വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടർന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ മരുന്നുകളോടെ പ്രതികരിക്കാതാവുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്തു. വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം ഡോക്ടർമാർ സാമിയുടെ അഭിഭാഷകനെ അറിയിച്ചു.

“ഞായറാഴ്ച പുലർച്ചെ 4.30 ന് അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചു. അതിനുശേഷം അദ്ദേഹം ഒരിക്കലും ബോധം വീണ്ടെടുത്തില്ല. ഇന്ന് ഉച്ചയ്ക്ക് 1.24 ന് സ്റ്റാൻ സാമിയുടെ മരണം സ്ഥിരീകരിച്ചു. മരണകാരണം ശ്വാസകോശ സംബന്ധമായ അണുബാധയും പാർക്കിൻസൺസ് രോഗവുമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ”- അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

“ഈ വാർത്ത കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. അതിനാൽ, അവസാന വാദം കേൾക്കൽ അദ്ദേഹത്തിന്‍റെ ഇഷ്ടപ്പെട്ട ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യത്തിലായിരുന്നു. അത് ഞങ്ങൾ ഉടനെ അനുവദിച്ചു. മരണവാർത്തയോട് ഞങ്ങൾക്ക് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ”- ജസ്റ്റിസ് എസ് എസ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

മെയ് മുതൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാമി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്റർ പിന്തുണയോടെയാണ് ചികിത്സ നൽകിയത്. ആരോഗ്യ കാരണങ്ങളാൽ ജാമ്യത്തിനായി സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് റാഞ്ചിയിൽ നിന്ന് അറസ്റ്റിലായ സാമിയെ തലോജ സെൻട്രൽ ജയിലിൽ പാർപ്പിച്ചുവരികയായിരുന്നു.

പാർക്കിൻസൺസ് രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് സാമി ഇടക്കാല ജാമ്യം തേടിയിരുന്നു. “നക്സലുകൾ” എന്ന് മുദ്രകുത്തപ്പെട്ട ആയിരക്കണക്കിന് യുവ ആദിവാസികളെ വിവേചനരഹിതമായി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സാമി അറസ്റ്റിലായത്. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റുകൾ) യുമായി തനിക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം പ്രത്യേക കോടതിയിൽ ജാമ്യത്തിന് അപേക്ഷ നൽകി. എന്നാൽ കേന്ദ്ര ഏജൻസി എതിർത്തതോടെ അദ്ദേഹത്തിന്റെ അപേക്ഷ പ്രത്യേക കോടതി അനുവദിച്ചില്ല. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം (മെയ് 30 ന്) ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പ് സാമി തലോജ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഹൈക്കോടതിയിൽ ഹാജരായിരുന്നു.
Published by: Anuraj GR
First published: July 5, 2021, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories