ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20വരെ അഞ്ച് ഘട്ടമായി നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ. 81 അംഗനിയമസഭയാണ് ജാർഖണ്ഡിലേത്. അംഗ പരിമിതർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കും ഇതാദ്യമായി തപാൽവോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ഈ സൗകര്യമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങൾ ഏറെയുള്ള ജാർഖണ്ഡിൽ 2009ലും 2914ലും അഞ്ചുഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
അഞ്ചുഘട്ടങ്ങളിലായി വോട്ടെടുപ്പ്
ആദ്യഘട്ടം- 13 സീറ്റിലേക്ക്. വോട്ടെടുപ്പ് നവംബർ 30ന്
രണ്ടാംഘട്ടം- 20 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ ഏഴിന്
മൂന്നാംഘട്ടം - 17 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 17ന്
നാലാംഘട്ടം- 15 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 16ന്
അഞ്ചാംഘട്ടം- 16 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 20ന്
2014ലെ നിയമസഭാ തെരഞ്ഞെടുപ്പ്
അഞ്ചുവർഷം മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 37 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അഞ്ചുസീറ്റ് നേടിയ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി (എ.ജെ.എസ്.യു) ചേർന്നാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. ജാർഖണ്ഡിൽ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരാണ് ബിജെപി- എ.ജെ.എസ്.യു സർക്കാർ.
ബിജെപി പ്രതീക്ഷിക്കുന്നത് 65ൽ അധികം സീറ്റുകൾ
ഇത്തവണ 81 അംഗ നിയമസഭയിൽ 65ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തേറുക എന്ന ലക്ഷ്യവുമായാണ് രഘുബർദാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ 12ഉം എൻഡിഎക്ക് ലഭിച്ചിരുന്നു. ഇതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണം. ഗോത്രവിഭാഗത്തിൽ നിന്നല്ലാതെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ ആളാണ് രഘുബർദാസ്. ജാർഖണ്ഡ് തങ്ങളുടെ ഉറച്ച കോട്ടയെന്നാണ് ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന ഫലങ്ങൾ ജാർഖണ്ഡിനെ ബാധിക്കില്ലെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
സഖ്യപ്രതീക്ഷയിൽ പ്രതിപക്ഷം
2014ൽ എല്ലാ പ്രതിപക്ഷ കക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്. ജാർഖണ്ഡ് മുക്തിമോർച്ച 19, ജാർഖണ്ഡ് വികാസ് മോർച്ച- പ്രജാ താന്ത്രിക് 8, കോൺഗ്രസ് 5 എന്നിങ്ങനെയായിരുന്നു ലഭിച്ച സീറ്റുകളുടെ എണ്ണം. ആർജെഡിക്ക് സീറ്റൊന്നും ലഭിച്ചതുമില്ല. എന്നാൽ ഇത്തവണ ജെഎംഎമ്മും കോൺഗ്രസും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തിനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. അന്തിമധാരണയായിട്ടില്ലെങ്കിലും ജെഎംഎം 44ഉം കോൺഗ്രസ് 27ഉം സീറ്റുകളിൽ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ശേഷിക്കുന്ന മറ്റു സീറ്റുകൾ ആർജെഡിക്കും ഇടതുപാർട്ടികൾക്കും നൽകും.
രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെ തട്ടകം
2014 വരെ ഒരു രാഷ്ട്രീയ പാർട്ടിക്കോ തെരഞ്ഞെടുപ്പിനു മുൻപു രൂപീകരിച്ച സഖ്യത്തിനോ ജാർഖണ്ഡിൽ ഭൂരിപക്ഷം കിട്ടിയിട്ടില്ല. ഒട്ടേറെ പരീക്ഷണങ്ങൾക്കും രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കും വേദിയായ സംസ്ഥാനമാണ് ജാർഖണ്ഡ്. 2006 ൽ മുൻനിര രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മധു കോഡ മുഖ്യമന്തിയായി അധികാരത്തിലേറുന്നതിനുവരെ ജാർഖണ്ഡ് സാക്ഷിയായിട്ടുണ്ട്.
Also Read- മാവോയിസ്റ്റ് ലഘുലേഖ : SFIക്കാരനായ നിയമവിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.