• HOME
 • »
 • NEWS
 • »
 • india
 • »
 • School Weekly Off | ജാർഖണ്ഡിൽ പ്രാദേശിക സമ്മർദ്ദത്തിന് വഴങ്ങി സ്കൂൾ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി; സംഭവം വിവാദത്തിൽ

School Weekly Off | ജാർഖണ്ഡിൽ പ്രാദേശിക സമ്മർദ്ദത്തിന് വഴങ്ങി സ്കൂൾ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി; സംഭവം വിവാദത്തിൽ

വിഷയത്തിൽ ഇടപെട്ട ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

 • Last Updated :
 • Share this:
  ജാർഖണ്ഡിലെ (Jharkhand) മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജാംതാരയിൽ നൂറോളം സർക്കാർ സ്കൂളുകളുടെ അവധി ഞായറാഴ്ചയിൽ നിന്നും വെള്ളിയാഴ്ചയിലേക്ക് മാറ്റി. വകുപ്പ് അധികൃതരിൽ നിന്ന് അനുമതിയൊന്നും ലഭിക്കാതെയാണ് ഇത്തരമൊരു മാറ്റം വരുത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. വിഷയത്തിൽ ഇടപെട്ട ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജാംതാരയിൽ മാത്രമല്ല, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ പലമു, പാകുർ എന്നീ ജില്ലകളിലും സമാനമായ രീതിയിൽ അവധി മാറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

  സ്കൂളിലെ വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും ആഴ്ചയിലെ അവധി ഞായറാഴ്ചക്ക് പകരം വെള്ളിയാഴ്ചയാണ് എടുക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇതേക്കുറിച്ച് ഒരു ധാരണയും ഉണ്ടായില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. താഴെ തലത്തിൽ നിന്ന് ഇതിനുള്ള അനുമതി തേടുക പോലും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എല്ലാ ജില്ലയിലെയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി.

  സർക്കാർ ഉത്തരവൊന്നുമില്ലാതെ എങ്ങനെയാണ് അവധി മാറ്റിയതെന്ന് മഹ്തോ ഉദ്യോസ്ഥരോട് ചോദിച്ചു. സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിലെ വിദ്യാഭ്യാസ കമ്മിറ്റികളുടെ സമ്മർദ്ദം കൊണ്ടാണ് ഇത്തരത്തിൽ അവധി മാറ്റാൻ സ്കൂളുകൾ നിർബന്ധിതരായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ് വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്.

  അത്തരത്തിലുള്ള ഗ്രാമങ്ങളിലെ വിദ്യാഭ്യാസ കമ്മിറ്റികളെല്ലാം ഉടൻ തന്നെ പിരിച്ച് വിടുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിൻെറ ഉത്തരവില്ലാതെ എങ്ങനെയാണ് ഇത്തരം കമ്മിറ്റികൾക്ക് നിയമം മാറ്റിമറിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ജാർഖണ്ഡിലെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ ഉത്തരവാദികളായ അധ്യാപകർക്കെതിരെയും വിദ്യാഭ്യാസ കമ്മിറ്റി അധികൃതർക്കെതിരെയും കടുത്ത നടപടി ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  ഏകദേശം ഒന്നര വർഷമായി ഈ സ്കൂളുകളിൽ അവധി വെള്ളിയാഴ്ചയാണെന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് ഇതേക്കുറിച്ച് ഇത്രയും കാലം ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഏകദേശം 70 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള പ്രദേശങ്ങളാണിത്. ഇത്രയും മുസ്ലീങ്ങളുള്ള പ്രദേശമായതിനാൽ വെള്ളിയാഴ്ചത്തെ പ്രാർഥന പരിഗണിച്ച് വെള്ളിയാഴ്ച അവധി നൽകുന്നതിൽ പ്രശ്നമില്ലെന്ന് പ്രദേശത്തെ ചിലർ വാദിക്കുന്നു.

  ഇതിനിടയിൽ വിഷയം രാഷ്ട്രീയമായ ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടി, രഘുബർ ദാസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ്, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ വിമ‍‍ർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നിയമം മാറ്റിമറിക്കുന്നുവെന്ന് അവ‍ർ ആരോപിച്ചു.

  അതേസമയം പ്രദേശവാസികളുടെ സൗകര്യത്തിനനുസരിച്ച് വെള്ളിയാഴ്ച അവധിയായി നിശ്ചയിച്ചിട്ടുണ്ടെന്ന് ജംതാരയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരി പറഞ്ഞു. വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകി സാമൂഹിക സൗഹാർദ്ദം തകർക്കാനാണ് ബിജെപി ശ്രമിക്കുകന്നതെന്നും അദ്ദേഹം ആരോപിച്ചു.
  Published by:Amal Surendran
  First published: