ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയും ഒരു സ്ത്രീയും തമ്മിലുള്ള അശ്ലീല സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പ് വിവാദം ജാർഖണ്ഡ് രാഷ്ട്രീയത്തെ കലക്കിമറിക്കുന്നു. വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട ബന്ന ഗുപ്തയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. 21 സെക്കൻഡ് ദൈർഘ്യമുള്ള അശ്ലീല വീഡിയോ ഒരു മൾട്ടി ചെയിൻ ഫർണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ശബ്ദത്തോടൊപ്പമാണ് പ്രചരിക്കുന്നത്.
ഈ സംഭവം കോൺഗ്രസിന്റെ സ്വഭാവം തുറന്നുകാട്ടുന്നതായി ബിജെപി എംപി നിഷികാന്ത് ദുബെ ട്വീറ്റ് ചെയ്തു. “ഇതാണ് @INCindia യുടെ സ്വഭാവം. ഇതാണ് ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത ജിയുടെ അവസ്ഥ. ഇത് ശരിയാണെങ്കിൽ കോൺഗ്രസ് നാണക്കേടിൽ മുങ്ങി താഴും, ” അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
“ജാർഖണ്ഡ് കോൺഗ്രസിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡെയുടെ അഭിപ്രായത്തിൽ ഹേമന്ത് സർക്കാരിലെ എല്ലാ കോൺഗ്രസ് മന്ത്രിമാരും നല്ല പോലെ ജോലി ചെയ്യുന്നുണ്ട്. ഇത് നല്ല ജോലിയുടെ പട്ടികയിലെ ഒന്നാണ്! ഒരുപക്ഷേ ഇത് ഒരു ട്രെയിലർ മാത്രമായിരിക്കാം.” ജംഷഡ്പൂർ ഈസ്റ്റിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ സരയു റോയ് പറഞ്ഞു.
“വീഡിയോ എഡിറ്റ് ചെയ്തതായി തോന്നുന്നില്ല, അതിൽ കൂടുതൽ ഭാഗങ്ങളുണ്ട്. ബന്ന ഗുപ്ത സൈബർ പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്. എന്നാൽ ഇത്തരമൊരു നാണംകെട്ട പ്രവൃത്തിക്ക് അദ്ദേഹത്തിനെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കലിന് ED കേസ് എടുക്കണം ” എന്നും സരയു റോയ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഫോൺ കോളുകൾ സ്വീകരിക്കാൻ ഗുപ്ത വിസമ്മതിച്ചെങ്കിലും തന്റെ നിലപാട് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. “സോഷ്യൽ മീഡിയയിൽ തന്റെ പ്രതിച്ഛായ തകർക്കാനും രാഷ്ട്രീയമായി പകപോക്കാനുമുള്ള ചില പ്രമുഖ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണ് ഇത്. വ്യാജവും എഡിറ്റ് ചെയ്തതുമായ ഒരു വീഡിയോ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം വൈറലാക്കി. ഫോട്ടോഷോപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും എഡിറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ് ഇത് ചെയ്തതെന്ന് വീഡിയോ കാണുമ്പോൾവ്യക്തമായി മനസിലാകും. ഏതോ ഒരു ആപ്പ് വഴിയാണ് ഇത് ചെയ്തത്. സൈബർ പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരും. ഈ വ്യാജ വീഡിയോയിലൂടെയും എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും എന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. സത്യമേവ ജയതേ!” എന്ന് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്.
സംസ്ഥാന കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) നേതാവ് ബിവി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് വിംഗ് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ശനിയാഴ്ച പുറത്താക്കിയ സംഭവം കോൺഗ്രസിന് പുതിയ തലവേദന ആയിരിക്കുന്ന സമയത്താണ് ഇത് എന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ 21ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ അങ്കിത ദത്തയുടെ മൊഴി കോടതി രേഖപ്പെടുത്തി. ദത്തയുടെ പരാതിക്കും പീഡന ആരോപണങ്ങൾക്കും മറുപടിയായി ശ്രീനിവാസ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും അവർക്ക് വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഒരു നോമിനേറ്റഡ് എംഎൽഎ ഉൾപ്പെടെ 82 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 48 എംഎൽഎമാരുണ്ട് (ജെഎംഎം 30, കോൺഗ്രസ് 17, ആർജെഡി 1), ബിജെപിക്ക് 29 (ബിജെപി 26, എജെഎസ്യു 3). ബിജെപി ഈ വിവാദത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ തീരുമാനിച്ചു എന്നതിന്റെ സൂചനകൾ പുറത്ത് വന്നതോടെ കോൺഗ്രസ്സ് നേതൃത്വം അങ്കലാപ്പിൽ ആയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.