• HOME
 • »
 • NEWS
 • »
 • india
 • »
 • വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിന് ‘സ്മാർട്ട് ബാങ്ക്’ പദ്ധതിയുമായി ജാർഖണ്ഡ് പൊലീസ്

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിന് ‘സ്മാർട്ട് ബാങ്ക്’ പദ്ധതിയുമായി ജാർഖണ്ഡ് പൊലീസ്

വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിന് കഴിയാവുന്ന രീതിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ജാർഖണ്ഡ് പൊലീസ്.

News18

News18

 • Share this:
  കോവിഡ് മഹാമാരി കാരണം ധാരാളം പ്രയാസങ്ങൾ നേരിടുന്നവരാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ഓൺലൈൻ ക്ലാസുകളിലൂടെയാണ് മിക്കയിടങ്ങളിലും അധ്യയനം നടക്കുന്നത്. എന്നാൽ സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവ ഇല്ലാത്തതിനാൽ ധാരാളം കുട്ടികൾക്ക് അവരുടെ പഠനം നടക്കുന്നില്ല. വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രശ്നത്തിന് കഴിയാവുന്ന രീതിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ജാർഖണ്ഡ് പൊലീസ്.

  സ്മാർട്ട് ബാങ്ക് എന്ന പേരിട്ട പദ്ധതിയിലൂടെയാണ് പരമാവധി കുട്ടികൾക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നൽകുന്ന പ്രവർത്തനത്തിന് സംസ്ഥാന പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്. ഗാഡ്ജറ്റ് ബാങ്ക് എന്നും വിളിക്കാവുന്ന പദ്ധതിയുടെ ആശയം സംസ്ഥാന ഡിജിപിയുടേതാണ്

  ഓരോ പ്രദേശത്തെയും വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്മാർട്ട് ഫോൺ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ആളുകൾക്ക് പൊലീസിന് ഇതിലൂടെ നൽകാനാകും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതിനുള്ള സംവിധാനം ഉണ്ടായിരിക്കും. ഇങ്ങനെ ലഭിക്കുന്ന ഉപകരണങ്ങൾ ആവശ്യക്കാർക്ക് പൊലീസ് കൈമാറുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

  Also Read-ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവെച്ചു; മുഖ്യമന്ത്രി കസേരയിലിരുന്നത് നാലുമാസം മാത്രം

  പഠനത്തിനായി ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഇല്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുകയാണ് സ്മാർട്ട് ബാങ്ക് ലക്ഷ്യം വെക്കുന്നത് എന്ന് ഡിജിപി പറയുന്നു. പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്നതിനെ കുറിച്ചുള്ള രൂപരേഖ പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഉപകരണങ്ങൾ നൽകിയ ആളുടെ പേര് വിവരങ്ങളും ഉപകരണത്തിന്റെ സാങ്കേതിക വിവരങ്ങളും പൊലീസ് സൂക്ഷിക്കും. പദ്ധതിയിലേക്ക് ഉപകരണങ്ങൾ നൽകിയ ആളുകൾക്ക് റസീപ്റ്റും നൽകും. ഇതിന് ശേഷമായിരിക്കും ആവശ്യമുള്ള കുട്ടികൾക്ക് ഇത് സമ്മാനിക്കുക.

  അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കാണ് ഇവ നൽകുക. പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്റെ ശുപാർശയും കുട്ടിയുടെ കുടുംബത്തിന്റെ വരുമാനം തെളിയിക്കുന്ന രേഖയും സ്കൂളിൽ സമർപ്പിക്കണം. അർഹതപ്പെട്ടവർക്ക് സഹായം എത്തുന്നു എന്നത് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

  Also Read-മദ്യവിരുദ്ധ പോരാട്ടം മുന്നിൽ നിന്ന് നയിച്ചു; പ്രസിദ്ധമായ ഡയാന അവാർഡ് നേടി പതിനേഴുകാരൻ

  രാജ്യത്ത് ഡിജിറ്റൽ വിടവ് നിലനിൽക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ജാർഖണ്ഡ് ഡിജിപി പറഞ്ഞു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ അത് സാധ്യമാകാത്ത അവസരത്തിൽ കുട്ടികളിൽ അത് പ്രശ്നങ്ങളുണ്ടാക്കും. സമൂഹത്തിന് തന്നെ ദോഷമായി ബാധിക്കുന്ന തരത്തിൽ അത് മാറിയേക്കും എന്നും ഡിജിപി വിശദീകരിച്ചു.

  യൂണിസെഫിന്റെ റിപ്പോർട്ട് പ്രാകാരം ഇന്ത്യയിൽ 8.5 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇന്റർനെറ്റ് ലഭ്യമാകുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ ഓൺലൈനായതോടെ വലിയ വിഭാഗം കുട്ടികൾക്കും ക്ലാസുകൾ ലഭിക്കുന്നില്ലെന്നും യൂണിസെഫ് പറയുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കുട്ടികൾക്ക് ഉള്ള ഇൻ്റർനെറ്റ് ലഭ്യത ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നും ഇന്ത്യയാണ് എന്നാണ് പഠനം പറയുന്നത്. ലോകമെമ്പാടും 201 മില്യൺ കുട്ടികൾക്കാണ് മഹാമാരി കാരണം സ്കൂൾ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത്. ഇതിൽ 171 മില്യൺ കുട്ടികൾക്കും ഓൺലൈൻ പഠനം ലഭ്യമല്ല എന്നാണ് കണ്ടെത്തൽ.
  Published by:Jayesh Krishnan
  First published: