• HOME
 • »
 • NEWS
 • »
 • india
 • »
 • ജ. കുര്യൻ ജോസഫ് പടിയിറങ്ങുമ്പോൾ..

ജ. കുര്യൻ ജോസഫ് പടിയിറങ്ങുമ്പോൾ..

 • Last Updated :
 • Share this:
  ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഇടപെടലുകളെപ്പറ്റി ന്യൂസ് 18
  അസിസ്റ്റന്റ് ന്യൂസ് കോർഡിനേറ്റർ എം. ഉണ്ണികൃഷ്ണൻ എഴുതുന്നു..

  " അച്ഛന്റെയും അമ്മയുടെയും അവരുടെ കുടുംബത്തിന്റെയും സ്നേഹവും വാത്സല്യവും സംരക്ഷണവും ഉപദേശങ്ങളും ലഭിക്കാൻ കുട്ടിക്ക് അവകാശമുണ്ട്. മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സ്നേഹം മാനിക്കാനും അത് തിരിച്ചു നൽകാനും കുട്ടിക്കും ബാധ്യതയുണ്ട്."

  ഒരു വിവാഹ മോചനത്തിന് അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ച വിധിയിലെ ഭാഗമാണിത്. ബന്ധങ്ങൾ തമ്മിലുള്ള വേർപിരിയൽ നിയമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിയുള്ള വിധിയല്ല. ബന്ധങ്ങളുടെ വ്യാപ്തിയിൽ ഹൃദയം കൊണ്ട് തൊട്ടെഴുതിയ വിധിയാണ്. ഭാര്യയും ഭർത്താവും വേർപിരിഞ്ഞാൽ പിന്നെയുള്ള കുട്ടിയുടെയും കുടുംബത്തിന്റെയും ഭാവിയെപ്പറ്റി ഉത്കണ്ഠ പ്രകടിപ്പിച്ചെഴുതിയ വാക്കുകളാണ്. ഓരോ ന്യായാധിപന്റെയും മുന്നിൽ എത്തുന്ന കേസുകളിൽ ഓരോ ജീവിതമുണ്ടെന്ന തിരിച്ചറിവ് ഇതുപോലെ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ എത്രയോ വിധി ന്യായങ്ങളിൽ കാണാം.

  വിധി ന്യായത്തിന്റെ ഭാഗമായ നന്ദിക്കുറിപ്പ്

  ഒരിക്കൽ അച്ഛനും അമ്മയും തമ്മിലുള്ള അതിരു കടന്ന തർക്കത്തിന് സുപ്രീം കോടതി പരിഹാരമുണ്ടാക്കിയപ്പോൾ അവരുടെ പത്തു വയസുള്ള മകൻ ജസ്റ്റിസ് കുര്യൻ ജോസഫിന് ഒരു ആശംസാ കാർഡ് നൽകി. "ദൈവം അങ്ങയ്ക്കായി എല്ലായ്പ്പോഴും എന്തെങ്കിലും കരുതി വയ്ക്കും" എന്നാണ് ആ കുട്ടി സ്വന്തം കൈപ്പടയിൽ എഴുതി വരച്ചു തയ്യാർ ആക്കിയ കാർഡിൽ ഉണ്ടായിരുന്നത്. വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ച മാതാപിതാക്കൾ പരസ്പരം കേസ് കൊടുത്തു വേട്ടയാടിയതിനാണ് കോടതി പരിഹാരം കണ്ടെത്തിയത്. കേസുകൾ പിൻവലിച്ച് ഉഭയസമ്മതത്തോടെ ബന്ധം വേർപിരിയാൻ ആയിരുന്നു കോടതി ഇടപെടലിനെ തുടർന്ന് ആ ദമ്പതികളുടെ തീരുമാനം. നന്ദിയറിയിച്ചു കാർഡ് നൽകിയ ആ പത്തു വയസുകാരനെ ജസ്റ്റിസ് കുര്യൻ ജോസഫ് ചരിത്രത്തിന്റെ ഭാഗമാക്കി. ആ കത്ത് വിധിയുടെ ഭാഗമായി ഉൾപ്പെടുത്തി. കോടതിക്കുള്ള വിലമതിക്കാൻ ആകാത്ത പ്രശംസയാണിതെന്ന് ജസ്റ്റിസ് ജോസഫ് വിധിയിൽ രേഖപ്പെടുത്തി. പരസ്പരം കലഹിച്ചു ബന്ധം വേർപെടുത്താൻ എത്തിയ മറ്റൊരു ദമ്പതിമാരോട് അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയായിരുന്നു:

  " ഞങ്ങൾക്ക് അച്ഛനോടും അമ്മയോടും ഒന്നേ ഓർമ്മപ്പെടുത്താൻ ഉള്ളൂ. അവർ അവസാനമില്ലാതെ തമ്മിലടിക്കുമായിരിക്കും. പക്ഷെ ഇതിന്റെ ഭാഗമായി സമ്മർദ്ധത്തിൽ ആകുന്നതും അസ്വസ്ഥയാകുന്നതും വേദനിക്കുന്നതും ഞെട്ടുന്നതും ചിലപ്പോൾ നശിപ്പിക്കപ്പെടുന്നതും അവരുടെ മകളാണ്."
  വർദ്ധിക്കുന്ന കുടുംബ ശിഥിലത്തിൽ നിയമത്തിന് അപ്പുറത്തുള്ള വേദന ഉൾക്കൊള്ളുന്ന ന്യായാധിപനെയാണ് ജസ്റ്റിസ് കുര്യൻ ജോസഫഫിന്റെ പടിയിറക്കത്തിലൂടെ സുപ്രീം കോടതിക്ക് നഷ്ടമാവുക.

  ആയിരത്തിൽ അധികം വിധികൾ. റെക്കോർഡ് പട്ടികയിലെ ആദ്യ മലയാളി

  ഏറ്റവും കൂടുതൽ വിധികൾ എഴുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ ഇടം നേടിയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പടിയിറക്കം. പട്ടികയിൽ ഇടം നേടുന്ന ആദ്യ മലയാളി ജഡ്ജി. സുപ്രീം കോടതിയിൽ അഞ്ചു വർഷവും എട്ടു മാസവും നീണ്ട സേവനത്തിനിടെയാണ് പുറപ്പെടുവിച്ച വിധിയുടെ കാര്യത്തിൽ അദ്ദേഹം റെക്കോർഡ് പട്ടികയിൽ ഇടം നേടിയത്. കേരള ഹൈക്കോടതിയില്‍ 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ്‌ ആരംഭിച്ച ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ രണ്ടായിരത്തിലാണ്‌ ഹൈക്കോടതി ജഡ്‌ജിയായി ഉയര്‍ത്തപെട്ടത്‌. ഹിമാചല്‍ പ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചിൽ സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനായി.

  തുടർന്നിങ്ങോട്ടുള്ള അഞ്ചുവർഷത്തിനും എട്ടു മാസത്തിനും ഇടെ ആയിരത്തി മുപ്പതിലധികം വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയിൽ ഇതുവരെ സേവനം അനുഷ്ഠിച്ച ജഡ്ജിമാർ എഴുതിയ വിധികളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പത്താമത്.

  സങ്കീർണ്ണമായ നിയമ വിഷയങ്ങൾ, ഭരണഘടനാ വിഷയങ്ങൾ എന്നിവയിലും അദ്ദേഹം വിധികൾ പ്രസ്താവിച്ചു.
  മുത്തലാഖ്‌, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്നിവ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സ്ഥാനക്കയറ്റത്തിന്‌ ക്രീമിലയര്‍ മാനദണ്ഡം ശരിവച്ചതും ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ ഉള്‍പ്പെട്ട ഭരണഘടന ബഞ്ചാണ്‌. വിരമിക്കുന്നതിന് തൊട്ടു മുൻപ് എഴുതിയ വിധിന്യായത്തിൽ വധ ശിക്ഷയെന്ന ശിക്ഷാ രീതി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നംഗ ബഞ്ചിലെ രണ്ടംഗങ്ങൾ വധശിക്ഷയുടെ നിയമ സാധുത ശരിവച്ചപ്പോൾ അതിനോട് വിയോജിച്ചു കൊണ്ടാണ് ഈ അനുബന്ധ വിധിന്യായം.

  "സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ വധശിക്ഷയിലൂടെ കഴിഞ്ഞിട്ടില്ലെന്ന് നിയമ കമ്മീഷന്റെ 262 ആം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കോടതി വിചാരണകൾ പൊതു വികാരങ്ങളാൽ സ്വാധീനിക്കപ്പെടാറുണ്ട്. പൊതു വികാരം ചൂണ്ടിക്കാട്ടി വധശിക്ഷ വിധിക്കാൻ അന്വേഷണ ഏജൻസികൾ കോടതികൾക്ക് മേൽ സമ്മർദ്ധം ചെലുത്താറുണ്ട്" വിധിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വധ ശിക്ഷ എടുത്തു കളയണമെന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ദീർഘകാല ആവശ്യത്തിന് ഈ വിയോജന വിധി കരുത്തു പകരും.

  കൂടുതല്‍ വിധികള്‍ എഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെ ആദ്യ മലയാളിയായി ജ. കുര്യന്‍ ജോസഫ്

  നാലു ജഡ്ജിമാരുടെ വാർത്താ സമ്മേളനം. ചീഫ് ജസ്റ്റിസിന് അയച്ച കത്ത്!

  ജനുവരി 12, 2018. ഇന്ത്യൻ നീതിന്യായ ചരിത്രം ഈ തീയതി മറക്കില്ല. നാലു സുപ്രീം കോടതി ജഡ്ജിമാർ കോടതി മുറി വിട്ടിറങ്ങി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന ദിവസം. ജസ്റ്റിസ് ജെ ചലമേശ്വറിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന ആ അസാധാരണ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജഡ്ജിമാരിൽ ഒരാൾ ജസ്റ്റിസ് കുര്യൻ ജോസഫ് ആയിരുന്നു. വാർത്താ സമ്മേളനത്തെപ്പറ്റിയുള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കോടതി എഴുന്നേറ്റു. അദ്ദേഹം വാർത്താ സമ്മേളന വേദിയിൽ എത്തി. ജസ്റ്റിസ് ചലമേശ്വറിന്റെ ഇടത് വശത്തിരുന്നു. പിന്നാലെ ജനാധിപത്യം ഭീഷണിയിൽ ആണെന്ന് മാധ്യമ ക്യാമറകൾക്ക് മുന്നിൽ ന്യായാധിപൻമാർ തുറന്നുപറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇടപെടലുകളെ ചോദ്യം ചെയ്തു!

  ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താതെ കേന്ദ്രസർക്കാർ ബോധപൂർവം കാലതാമസം ഉണ്ടാക്കിയപ്പോൾ കൊളീജ്യത്തിനകത്ത് ശക്തമായ പ്രതിഷേധം ഉയർത്തിയവരിൽ ഒരാൾ ജസ്റ്റിസ് കുര്യൻ ജോസഫ് ആയിരുന്നു.
  ശുപാർശ നൽകി മൂന്ന് മാസം ആയിട്ടും കേന്ദ്ര സർക്കാർ തീരുമാനം എടുക്കാതിരുന്നപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നൽകിയ കത്തിന്റെ ഉപസംഹാരം ഇങ്ങനെയായിരുന്നു:

  "... അതുകൊണ്ട്, ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. ഈ മഹത്തായ സ്ഥാപനത്തിന്റെ താൽപ്പര്യവും നമ്മൾ എല്ലാവരും ഓജസ്സോടെയും ക്ഷീണമില്ലാതെയും പോരാടുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്രത്തെയും മുൻനിർത്തി ഇക്കാര്യത്തിൽ തീരുമാനം വേണം. ജസ്റ്റിസ് കർണ്ണൻ കേസിലെ കീഴ്‌ വഴക്കത്തിന്റെ ചുവടുപിടിച്ച്, കുട്ടി മരിക്കുന്നതിന് മുമ്പ്, ഉടൻ ഉചിതമായ ബെഞ്ചിന് രൂപം നൽകണം. അല്ലെങ്കിൽ ചരിത്രം നമുക്ക് മാപ്പ് നൽകില്ലെന്ന് എനിക്ക് തോന്നുന്നു.."

  ശക്തമായ ഈ നിലപാടുകൾക്ക് കൂടി വഴങ്ങിയാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം യാഥാർഥ്യമായത്.

  മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പു തരില്ലെന്നു ചീഫ് ജസ്റ്റിസിനോട് കുര്യന്‍ ജോസഫ്

  പ്രളയ ദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ തെരുവിൽ ഇറങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവം.

  വി ഷാൾ ഓവർ കം.. നമ്മൾ അതിജീവിക്കും.. പ്രളയക്കെടുതിയിലായ കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകാൻ ജസ്റ്റിസ് കുര്യൻ ജോസഫ് പാടി. പിന്നണി ഗായകൻ മോഹിത് ചൗഹാനൊപ്പം ഡൽഹിയിലെ ചടങ്ങിൽ അദ്ദേഹം പാടിയപ്പോൾ സഹ ന്യായാധിപന്മാർ എഴുന്നേറ്റ് നിന്നു കയ്യടിച്ചു. സുപ്രീം കോടതി റിപ്പോർട്ട് ചെയ്യുന്ന മാധ്യപ്രവർത്തകർ സംഘടിപ്പിച്ച ധനസമാഹാരണ പരിപാടി ആയിരുന്നു വേദി. ആ ചടങ്ങ് യാഥാർത്ഥ്യമാക്കിയത് തന്നെ ജസ്റ്റിസ് കുര്യൻ ജോസഫാണ്. സഹ ന്യായാധിപൻ കെഎം ജോസഫ്‌ രണ്ടു ഗാനങ്ങൾ ആലപിച്ചതും ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നിർബന്ധം മൂലം!. കേരളത്തെ ഏതു വിധേനയും സഹായിക്കുക എന്നത് മാത്രമായിരുന്നു ആ സ്നേഹ നിർബന്ധത്തിനു പിന്നിലെ ലക്ഷ്യം.

  ഡൽഹിയിൽ മലയാളി അഭിഭാഷകരുടെ കൂട്ടായ്മകൾ ഏകോപിപിച്ചു. രാപ്പൽ ഭേദമില്ലാതെ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു. പുലർച്ചെ മൂന്ന് മണിക്ക് സുപ്രീം കോടതിക്ക് മുന്നിലെ സംഭരണ കേന്ദ്രത്തിൽ നിന്ന് മടങ്ങിയ അദ്ദേഹം രാവിലെ കൃത്യസമയത്ത് ക്ഷീണം ഒട്ടുമില്ലാതെ കോടതി മുറിയിൽ എത്തി. നിരവധി തീവണ്ടികൾ നിറയെ സാധന സാമഗ്രികൾ കേരളത്തിലേക്ക് അയച്ചു. ഡൽഹിയിലെ കേരളത്തിന്റെ അംബാസിഡർ എന്നാണ് ഡൽഹി മലയാളികൾ ജസ്റ്റിസ് കുര്യൻ ജോസഫിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും അദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് ഡിപി കേരളത്തെ പ്രളയക്കയത്തിൽ നിന്ന് കൈപിടിച്ചുയത്തുന്ന ചിത്രവും, കേരളത്തിന് വേണ്ടി പ്രാർത്ഥിക്കൂ എന്ന സന്ദേശവുമാണ്.

  വിരമിച്ച ശേഷം സർക്കാർ ജോലികൾ വേണ്ട..

  വിരമിക്കുമ്പോൾ സർക്കാർ ജോലി നൽകുമെന്ന പ്രലോഭനത്തിലൂടെ ന്യായാധിപന്മാരെ സർക്കാർ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഏറെക്കാലമായി നിലവിലുണ്ട്. ഈ രീതിയിൽ നിന്ന് മാറ്റങ്ങൾ പ്രഖ്യാപിച്ചു ധീര നിലപാടെടുത്ത ന്യായാധിപനാണ് ജസ്റ്റിസ് ചലമേശ്വർ. ജോലി വേണ്ടെന്ന് മാത്രമല്ല വിരമിച്ച ദിവസം തന്നെ സർക്കാർ ബംഗ്ളാവ് ഒഴിഞ്ഞു കൊടുത്ത് നാട്ടിലേക്കും മടങ്ങി അദ്ദേഹം. ചലമേശ്വറിന്റെ സുഹൃത്തായ കുര്യൻ ജോസഫിനും അതേ നിലപാടാണ്. വിരമിച്ച ശേഷം സർക്കാർ പദവികൾ വേണ്ട. മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം ഈ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഔദ്യോഗിക പദവികളിൽ ഇല്ലെങ്കിലും കേരളത്തിലും ദേശീയ തലത്തിലും സജീവ സാന്നിധ്യമായി അദ്ദേഹത്തെ പ്രതീക്ഷിക്കാം. ഏതൊക്കെ മേഖലകളിൽ എന്നേ അറിയാനുള്ളൂ..
  First published: