• HOME
 • »
 • NEWS
 • »
 • india
 • »
 • 'അവളൾക്കിന്നും എന്റെ മനസിൽ വയസ് 15': 57 കൊല്ലം മുമ്പത്തെ സൗഹൃദത്തിന്റെ ഓർമ്മ പങ്കുവച്ച് ജസ്റ്റിസ് കട്ജു

'അവളൾക്കിന്നും എന്റെ മനസിൽ വയസ് 15': 57 കൊല്ലം മുമ്പത്തെ സൗഹൃദത്തിന്റെ ഓർമ്മ പങ്കുവച്ച് ജസ്റ്റിസ് കട്ജു

വളരെ മനോഹരമായിരിക്കും 57 വർഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച . അവൾ ആകെ മാറിയിട്ടുണ്ടാകും ഇപ്പോൾ, പക്ഷെ എനിക്ക് അവൾ പഴയ പോലെ തന്നെയായിരിക്കും.

 • Share this:
  അപ്രതീക്ഷിതമായെത്തിയ ഒരു ഫോൺ കോളാണ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ തന്‌റെ സ്കൂൾ കാലത്തേക്ക് തിരികെയെത്തിച്ചത്. 57 വർഷങ്ങള്‍ക്കു ശേഷം തന്നെ തേടിയെത്തിയ ആ കോൾ അദ്ദേഹത്തെ പഴയ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടു പോയി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൗമാരകാലത്തെ തന്റെ ആ സൗഹൃദത്തിന്റെ ഓര്‍മ്മ കട്ജു പങ്കുവച്ചിരിക്കുന്നത്.

  കട്ജുവിന്റെ പോസ്റ്റ് : 

  " ഇപ്പോള്‍ എനിക്ക് ഒരു ഫോൺ കോൾ വന്നിരുന്നു. എന്‍റെ പ്രായമുള്ള (73) ഒരു ആംഗ്ലോ ഇന്ത്യന്‍ വനിത. 1961 ൽ ഞാൻ അലഹബാദ് ബോയ്സ് ഹൈസ്കൂളിൽ ആയിരുന്ന സമയത്ത് അവൾ അവിടെ ഗേള്‍സ് ഹൈസ്കൂളിൽ ആയിരുന്നു. അതീവ സുന്ദരി (ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല). അക്കാലത്ത് ഞങ്ങൾക്ക് ഇരുവർക്കും പരസ്പരം ഒരു ആകർഷണം തോന്നിയിരുന്നു (ഏകദേശം 15-16 വയസിലായിരുന്നു). എന്തായാലും പിന്നീട് രണ്ട് പേരും രണ്ട് വഴിക്കായി.. 57 വർഷമായി അവളെക്കുറിച്ച് ഞാനൊന്നും അറിഞ്ഞിരുന്നില്ല.. എന്നാൽ ഇപ്പോൾ അവൾ എന്നെ വിളിച്ചു.. എഫ്ബിയിൽ എന്റെ ഫോട്ടോകള്‍ (സ്കൂള്‍ ക്രിക്കറ്റ്-ഫുട്ബോൾ ടീമിലെ ചിത്രങ്ങൾ) കണ്ട് എന്നെക്കുറിച്ച് ഓര്‍ത്തു എന്നാണ് പറഞ്ഞത്. അവളെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. വളരെ കാലം മുന്‍പായിരുന്നുവെങ്കിലും അത്രയും സുന്ദരി ആയിരുന്ന എന്റെ സുഹൃത്തിനെ എങ്ങനെ മറക്കും എന്ന് ഞാൻ മറുപടി പറഞ്ഞു. ഇതിന് ശേഷം അവിസ്മരണീയമായ ജീവിതകഥയാണ് അവൾ പങ്കു വച്ചത്. ഇവളുടെ ഇരുപതുകളുടെ അവസാനഘട്ടത്തിൽ കേരള സ്വദേശിയായ ഒരു യുവഡോക്ടറെ പരിചയപ്പെട്ടു. അവളെക്കാള്‍ 5 വയസ് കുറവ്. ആദ്യ സമാഗമത്തിൽ തന്നെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടോയെന്ന് ചോദിച്ചു.. 'തന്നെ എനിക്ക് അറിയില്ല, തനിക്ക് എന്നെയും പിന്നെ ഞാൻ എങ്ങനെ സമ്മതം അറിയിക്കും' എന്നായിരുന്നു മറുപടി. എന്നാൽ അവളുടെ അമ്മയെ തനിക്ക് അറിയാമെന്നും തന്റെ പേഷ്യന്റ് ആയിരുന്നുവെന്നുമായിരുന്നു യുവഡോക്ടറുടെ മറുപടി. വളരെ നല്ലൊരു വ്യക്തിയായിരുന്നു അവർ. സ്വഭാവികമായും അവരുടെ കുട്ടികളും അമ്മയെപ്പോലെ തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ വളരെ നല്ല വ്യക്തിയായിരിക്കുമെന്നും പറഞ്ഞു. കുറച്ചു നാളത്തെ സൗഹൃദത്തിനൊടുവിൽ വിവാഹത്തിന് എന്റെ സുഹൃത്ത് സമ്മതം മൂളി.പക്ഷെ അപ്പോൾ ആ ഡോക്ടറുടെ മാതാപിതാക്കൾ എതിർപ്പുമായെത്തി. വൻ തുക സ്ത്രീധനം വാഗ്ദാനം ചെയ്ത് ഒരു പെൺകുട്ടിയുടെ കുടുംബം തങ്ങളെ സമീപിച്ചിട്ടുണ്ട് എന്നായിരുന്നു അവർ പറഞ്ഞത്. താൻ വേണോ വലിയ തുക സ്ത്രീധനം വേണോ എന്ന് തെരഞ്ഞെടുക്കാൻ എന്റെ സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ ആ യുവാവ് അവളെയാണ് തെരഞ്ഞെടുത്തത്. അങ്ങനെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് അവർ വിവാഹിതരായി. 25 വർഷം വളരെ സന്തോഷമായി തന്നെ ജീവിച്ചു. രണ്ട് മക്കളുമായി. ഈ സമയത്ത് അസുഖബാധിതനായി ഡോക്ടർ മരിച്ചു. മക്കളും നല്ല രീതിയിൽ ജീവിക്കുന്നു. സുഹൃത്ത് ഇപ്പോൾ തനിയെ ആയി.

  ഡൽഹിയിലോ ഡൽഹിക്ക് സമീപമോ എത്തുകയാണെങ്കിൽ കാണാം എന്ന് ഞാൻ അവളോട് പറഞ്ഞു. വളരെ മനോഹരമായിരിക്കും 57 വർഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച . അവൾ ആകെ മാറിയിട്ടുണ്ടാകും ഇപ്പോൾ, പക്ഷെ എനിക്ക് അവൾ പഴയ പോലെ തന്നെയായിരിക്കും.. 1961 ൽ അവൾ എങ്ങനെയിരുന്നോ അത് പോലെ"

  വൻസ്വീകാര്യതയാണ് ജസ്റ്റിസിന്റെ ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. സ്കൂൾ കാലത്തെ പ്രണയം ഓർമിച്ച് പ്രണയ ദിനം വളരെ നേരത്തെ തന്നെ ആഘോഷം തുടങ്ങി എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ എത്തുന്നത്.

  First published: