കേരളാ ഹൈക്കോടതിയിലെ ജസ്റ്റിസ് വിനോദ് ചന്ദ്രനെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് സുപ്രീംകോടതി കൊളീജിയം ഉത്തരവായി. ജസ്റ്റിസ് വിനോദ് ചന്ദ്രനെ നേരത്തെ ഗുവഹാത്തി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുള്ള ശുപാർശ പിൻവലിക്കുകയാണെന്നും ഫെബ്രുവരി ഏഴാം തീയതിയിലെ സുപ്രീംകോടതി കോളീജിയം ഉത്തരവ് വ്യക്തമാക്കുന്നു.
ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നും അഭിഭാഷകനായി മാറി തുടർന്ന് നികുതി നിയമത്തിൽ മികവ് പുലർത്തിയ സർക്കാർ അഭിഭാഷകനായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നോക്കവേ സായാന നിയമ പഠനത്തിലൂടെ നിയമ ബിരുദം സ്വന്തമാക്കി . തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ചു അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. 1990 ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് വിനോദ് ചന്ദ്രൻ 1991 മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. മുതിർന്ന അഭിഭാഷകൻ പത്രോസ് മത്തായിയുടെ ജൂനിയർ ആയി കരിയര്‍ ആരംഭിച്ചു.
പിന്നീട് ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷക സ്ഥാപനമായ കെ ജെ ജോൺ ആൻഡ് കമ്പനി യുടെ കൊച്ചി ഓഫീസിൽ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ചു . 2007 മുതൽ 2011 വരെ സർക്കാരിന്റെ നികുതി വകുപ്പ് സ്പെഷ്യൽ ഗവ പ്ളീഡർ.ഇക്കാലയളവിൽ ലോട്ടറി കേസുകളിൽ അടക്കം സർക്കാരിന് വേണ്ടി നിരവധി കേസുകളിൽ ഹാജരായി മികവ് പുലർത്തി.
പാർശ്വ വത്കരിക്കപ്പെട്ട അതിഥി തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമം ആക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്. സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ പരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിലും പ്രത്യേക നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവും ശ്രദ്ധേയമാണ്. ചന്ദ്രബോസ് വധ കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ശെരിവെച്ചു കൊണ്ടുള്ള വിധി, വിവാഹ ഓഡിറ്റോറിയങ്ങൾക്കുള്ള മംഗല്യനിധി സെസ്സ് റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് , കാശ്മീർ തീവ്രവാദ കേസ് വിധികൾ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പുറപ്പെടുവിച്ച സുപ്രധാന വിധികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.