ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പ്രളയബാധിതമായ മധ്യപ്രദേശിന് അടിയന്തിരമായി 10, 000 കോടിയുടെ ദുരിതാശ്വാസ സഹായം നൽകണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ ദുരിതബാധിതമായ പത്ത് ജില്ലകൾ സന്ദർശിച്ചതിന് തൊട്ടു പിന്നാലെയാണ് സിന്ധ്യ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഗ്വാളിയോർ - ചമ്പൽ ഡിവിഷനിലുള്ള മാന്ദ്സോർ, നീമുച്ച് എന്നീ ജില്ലകളും ജ്യോതിരാദിത്യ സിന്ധ്യ സന്ദർശിച്ച സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.
കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 596 ആളുകൾ മരിച്ചതായും 1, 761 മൃഗങ്ങൾ ചത്തതായും 67, 033 വീടുകൾ തകർന്നതായും കത്തിൽ സിന്ധ്യ വ്യക്തമാക്കുന്നു. 13,61,773 കർഷകരെ പ്രകൃതിദുരന്തം ബാധിച്ചതായും 14 ലക്ഷം ഏക്കർ സ്ഥലത്തെ കൃഷി നശിച്ചതായും ജ്യോതിരാദിത്യ സിന്ധ്യ കത്തിൽ പറയുന്നു.
രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ 16 ന് ഉപതെരഞ്ഞെടുപ്പ്
മധ്യപ്രദേശിലെ വെള്ളപ്പൊക്കവും കനത്ത മഴയും മൂലമുണ്ടായ കനത്ത നാശനഷ്ടങ്ങൾ കണക്കിലെടുത്ത് കേന്ദ്രത്തിന്‍റെ സാമ്പത്തികസഹായം സംസ്ഥാനത്തിന് വേഗത്തിൽ നൽകാൻ നിർദ്ദേശം കൊടുക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നെന്നും മുൻ കേന്ദ്രമന്ത്രി കത്തിൽ കുറിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 10,000 കോടി മുതൽ 15, 000 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നെന്നും കത്തിൽ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാരിൽ നിന്നുള്ള അഞ്ചംഗസംഘം പ്രളയത്തെ തുടർന്ന് ഉണ്ടായ നഷ്ടം കണക്കാക്കാൻ സംസ്ഥാനത്ത് എത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Jyotiraditya Scindia, Narendra modi, Prime Minister, Prime minister narendra modi