ചെന്നൈ: ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റാക്കിയ ഉലകനായകൻ കമല്ഹാസന് പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിപോരാട്ടത്തിൽ അടിപതറി. നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ തോൽവി സമ്മതിക്കേണ്ടിവന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 1500 വോട്ടിനാണ് കമല്‍ ബി ജെ പി മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങിയത്. വനതിയുടെ കന്നി തെരഞ്ഞെടുപ്പ് ജയമാണിത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡി എം കെ മുന്നണിയുടെ സ്ഥാനാര്‍ഥി.
താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തിൽ വോട്ടെണ്ണൽ തുടങ്ങിയതു മുതല്‍ കമൽഹാസൻ തന്നെയായിരുന്നു മുന്നില്‍. എന്നാല്‍, ഏതാണ്ട് പകുതി സമയം പിന്നിട്ടപ്പോൾ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവില്‍ ഫോട്ടോഫിനിഷില്‍ ജയിക്കുകയും ചെയ്തു. മയൂര മൂന്നാമതായി. എ ഐ എ ഡി എം കെയുടെ ഒപ്പം മത്സരിച്ച ബി ജെ പിക്ക് വനതിയുടേത് അടക്കം നാലു സീറ്റിലാണ് ജയിക്കാനായത്.2008ല്‍ കോയമ്പത്തൂർ സൗത്ത് മണ്ഡലം രൂപീകൃതമായതിനുശേഷം എ ഐ എ ഡി എം കെ മാത്രമാണ് ഇവിടെ ജയിച്ചത്.
2018ലാണ് കമല്ഹാസൻ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. പാര്‍ട്ടി പിന്നീട് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോയമ്പത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 154 സീറ്റുകളിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം മത്സരിച്ചത്. എന്നാൽ ഒരിടത്തുപോലും ജയിക്കാനായില്ല. അതേസമയം, തമിഴ്നാട്ടില്‍ മികച്ചവിജയമാണ് ഡി എം കെ സഖ്യം സ്വന്തമാക്കിയത്. ഡി എം കെയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ ലഭിച്ചു. 132 മണ്ഡലങ്ങളിലാണ് അവര്‍ വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.